മൂന്നാം നമ്പരിൽനിന്ന് 11ലേക്ക് സ്വയം താഴ്ത്തി, ബാറ്റിങ്ങിന് ഇറങ്ങിയില്ല; സൂര്യയുടേത് ഓവർസ്മാർട്ട് ആകാനുള്ള ശ്രമമെന്ന് വിമർശനം
text_fieldsഇന്ത്യയുടെ ബാറ്റിങ്ങിനിടെ ഡഗൗട്ടിലിരിക്കുന്ന ക്യാപ്റ്റൻ സൂര്യകുമാർ യാദവ്
അബൂദബി: ബാറ്റിങ് ഓഡറിൽ മാറ്റങ്ങൾ വരുത്തിയാണ് ഏഷ്യാകപ്പിൽ ഒമാനെതിരായ മത്സരത്തിൽ ഇന്ത്യ ഇറങ്ങിയത്. മൂന്നാം നമ്പരിൽനിന്ന് 11ലേക്ക് സ്വയം താഴ്ത്തിയ ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്‍റെ നീക്കം ആരാധകരെ അൽപം അമ്പരിപ്പിച്ചു. മൂന്നാമനായി മലയാളി താരം സഞ്ജു സാംസൺ ക്രീസിലെത്തിയപ്പോൾ അടുത്തത് സൂര്യയാകുമെന്ന് ആരാധകർ പ്രതീക്ഷിച്ചു. എന്നാൽ ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, ശിവം ദുബെ, തിലക് വർമ എന്നിവരെല്ലാം ക്രീസിലെത്തിയിട്ടും സൂര്യയെ കണ്ടില്ല.
പത്താം നമ്പരിൽ കുൽദീപ് യാദവ് ഉൾപ്പെടെ ബാറ്റിങ്ങിനിറങ്ങിയപ്പോഴും സൂര്യ ഡഗൗട്ടിൽ തുടർന്നു. എട്ട് വിക്കറ്റ് നഷ്ടത്തിൽ 188 റൺസാണ് ഇന്ത്യ നേടിയത്. സൂര്യയാകട്ടെ ഒറ്റ പന്തുപോലും നേരിടാതെ, സ്വയം മാറിനിന്ന് സഹതാരങ്ങളുടെ കളി ആസ്വദിച്ചു! മുൻ മത്സരങ്ങളിൽ ബാറ്റിങ്ങിന് ഇറങ്ങാതിരുന്നവർക്ക് പരിശീലനത്തിനുള്ള അവസരമാകണം ഒമാനെതിരെയുള്ള കളിയെന്ന് ആവശ്യപ്പെട്ടവർക്ക് സൂര്യയുടെ നീക്കം ഇഷ്ടമായെങ്കിലും, താരം ഓവർസ്മാർട്ട് ആകാനുള്ള ശ്രമമാണ് നടത്തിയതെന്ന് വിമർശിക്കുന്നവരും കുറവല്ല.
ഹർഷിത് റാണ, അർഷ്ദീപ് സിങ്, കുൽദീപ് എന്നിവർക്ക് മുമ്പ് സൂര്യക്ക് ബാറ്റിങ്ങിന് ഇറങ്ങാമായിരുന്നുവെന്ന് ചിലർ അഭിപ്രായപ്പെട്ടു. അങ്ങനെയെങ്കിൽ താരത്തിന് ടീം സ്കോർ 200 കടത്താനും, ടൂർണമെന്‍റിലെ കുഞ്ഞന്മാരായ ഒമാനെതിരെ ആധികാരിക ജയം സ്വന്തമാക്കാമായിരുന്നുവെന്നും അവർ ചൂണ്ടിക്കാണിക്കുന്നു. ഐ.സി.സിയിലെ അസോസിയേറ്റ് അംഗമായ ഒമാനെതിരെ, ലോക ഒന്നാം നമ്പർ ടീമായ ഇന്ത്യക്ക് നേടാനായത് 21 റൺസിന്‍റെ ജയമാണ്. വലിയ സ്കോർ കണ്ടെത്തിയില്ലെന്ന് മാത്രമല്ല, ഒമാൻ താരങ്ങൾക്ക് തിരിച്ചടിക്കാനുള്ള അവസരം ഇന്ത്യൻ ബൗളർമാർ നൽകുകയും ചെയ്തു.
ഓപണിങ് റോളിലെത്തി തകർത്തടിച്ച അഭിഷേക് ശർമ (15 പന്തിൽ 38) മാത്രമാണ് ഇന്ത്യൻ ബാറ്റിങ് നിരയിൽ മികച്ച സ്ട്രൈക് റേറ്റിൽ സ്കോർ ചെയ്തത്. അക്സർ പട്ടേലിന്‍റെ (26) പ്രഹരശേഷി 200ൽ എത്തിയെങ്കിലും 13 പന്ത് മാത്രമാണ് അതിജീവിച്ചത്. ടോപ് സ്കോററായ സഞ്ജു സാംസൺ, പതിവിന് വിരുദ്ധമായി ഇന്നിങ്സ് കെട്ടിപ്പടുക്കുന്നതിലാണ് ശ്രദ്ധയൂന്നിയത്. 45 പന്തിൽ 56 റൺസാണ് താരം നേടിയത്. ഇത്തരമവസരത്തിൽ റൺനിരക്ക് ഉയർത്താൻ സൂര്യകുമാറിന്‍റെ സാന്നിധ്യം അനിവാര്യമാണെന്നിരിക്കിലും താരം ഡഗൗട്ടിൽ തുടരുകയായിരുന്നു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഒമാന്റെ മുൻനിര ബാറ്റർമാർ ഇന്ത്യൻ ബൗളർമാരെ വെള്ളം കുടിപ്പിച്ചു. ഓപണർ ജതിന്ദർ സിങ് (32), ആമിർ ഖലീം (64), ഹമദ് മിർസ (51) എന്നിവർ മികച്ച പ്രകടനം കാഴ്ചവെച്ചപ്പോൾ ഒരുവേള ഒമാന്റെ വിജയവും പ്രതീക്ഷിച്ചു. രണ്ടാം വിക്കറ്റ് നഷ്ടമായത് 149 റൺസിലെത്തിയപ്പോൾ മാത്രമായിരുന്നു. ഒന്നിന് 145ലെത്തിയവർക്ക് പക്ഷേ, പത്ത് റൺസ് കൂട്ടിചേർക്കുന്നതിനിടെ അടുത്ത മൂന്ന് വിക്കറ്റുകൾ കൊഴിഞ്ഞത് തിരിച്ചടിയായി. ഇതോടെ, മത്സരം ഇന്ത്യ തിരികെ പിടിക്കുകയായിരുന്നു.
പ്രാഥമിക റൗണ്ടിൽ മൂന്നിൽ മൂന്നും ജയിച്ച് ഗ്രൂപ്പ് ജേതാക്കളായാണ് ഇന്ത്യയുടെ സൂപ്പർ ഫോറിലേക്കുള്ള പ്രവേശനം. സൂപ്പർ ഫോറിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ഞായറാഴ്ച പാകിസ്താനെ നേരിടും. 24ന് ബംഗ്ലാദേശിനും, 26ന് ശ്രീലങ്കക്കും എതിരെയാണ് ഇന്ത്യയുടെ മത്സരങ്ങൾ. 28നാണ് ഫൈനൽ.