സഞ്ജുവിനും സംഘത്തിനും തോൽവി; മഹാരാഷ്ട്രയുടെ ജയം നാല് വിക്കറ്റിന്
text_fieldsഹൈദരാബാദ്: സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ രണ്ടാം മത്സരത്തിൽ കേരളത്തിന് തോൽവി. അവസാന ഓവർ വരെ ആവേശം നിറഞ്ഞുനിന്ന കളിയിൽ സഞ്ജു സാംസണിനെയും സംഘത്തെയും നാല് വിക്കറ്റിന് മഹാരാഷ്ട്രയാണ് പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 187 റൺസെടുത്തു. മഹാരാഷ്ട്ര ഒരു പന്ത് ബാക്കി നിൽക്കെ ആറ് വിക്കറ്റിന് 189ലെത്തി.
ഓപണർമാരായ സഞ്ജു സാംസണും രോഹൻ കുന്നുമ്മലും ചേർന്ന് കേരളത്തിന് അതിവേഗത്തിലുള്ള തുടക്കം തന്നെ നൽകി. എന്നാൽ, സ്കോർ 43ൽ നിൽക്കെ 19 റൺസെടുത്ത സഞ്ജു മടങ്ങിയത് തിരിച്ചടിയായി. രോഹൻ 24 പന്തിൽനിന്ന് അഞ്ച് ഫോറും രണ്ട് സിക്സുമടക്കം 45 റൺസ് നേടി ടോപ് സ്കോററായി. മുഹമ്മദ് അസറുദ്ദീൻ 29 പന്തിൽ 40 റൺസെടുത്ത് മടങ്ങിയപ്പോൾ 25 പന്തിൽ 40 റൺസുമായി സച്ചിൻ ബേബി പുറത്താകാതെ നിന്നു. 14 പന്തിൽ 24 റൺസടിച്ച അബ്ദുൽ ബാസിതും കേരള ബാറ്റിങ് നിരയിൽ തിളങ്ങി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മഹാരാഷ്ട്രക്ക് രണ്ടാം ഓവറിൽ തന്നെ ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാദിന്റെ (1) വിക്കറ്റ് നഷ്ടമായി. നിധീഷാണ് ഋതുരാജിനെ പുറത്താക്കി കേരളത്തിന് മികച്ച തുടക്കം നൽകിയത്. എന്നാൽ, രാഹുൽ ത്രിപാഠിയും അർഷിൻ കുൽക്കർണിയും ചേർന്നുള്ള കൂട്ടുകെട്ട് മഹാരാഷ്ട്ര ഇന്നിങ്സിനെ മുന്നോട്ടു നീക്കി.
കുൽക്കണി 24ഉം ത്രിപാഠി 44ഉം റൺസെടുത്തു. തുടർന്നെത്തിയ അസിം കാസിയും 32 റൺസുമായി ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. എന്നാൽ, മത്സരം അവസാന അഞ്ച് ഓവറുകളിലേക്ക് കടക്കുമ്പോൾ മഹാരാഷ്ട്രക്ക് ജയിക്കാൻ 60 റൺസിലേറെ വേണ്ടിയിരുന്നു. കളി കേരളത്തിന് അനുകൂലമായേക്കുമെന്ന് കരുതിയ ഘട്ടത്തിലാണ് ഒറ്റയാൾ മികവുമായി ദിവ്യാങ് ഹിങ്കാനേക്കർ കളം നിറഞ്ഞത്. 18 പന്തിൽനിന്ന് 43 റൺസുമായി പുറത്താകാതെ നിന്ന ദിവ്യാങ് ടീമിനെ വിജയത്തിലെത്തിച്ചു. ആദ്യകളിയിൽ കേരളം സർവിസസിനെ തോൽപിച്ചിരുന്നു.