Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightചേട്ടൻ പൊളി! ഫൈനലും...

ചേട്ടൻ പൊളി! ഫൈനലും സഞ്ജു തൂക്കി (46 പന്തിൽ 89), അഭിഷേകിനും ഇഷാനും അർധ സെഞ്ച്വറി; ന്യൂസിലൻഡിന് മുന്നിൽ റൺമല തീർത്ത് ഇന്ത്യ

text_fields
bookmark_border
ചേട്ടൻ പൊളി! ഫൈനലും സഞ്ജു തൂക്കി (46 പന്തിൽ 89), അഭിഷേകിനും ഇഷാനും അർധ സെഞ്ച്വറി;  ന്യൂസിലൻഡിന് മുന്നിൽ റൺമല തീർത്ത് ഇന്ത്യ
cancel

അഹ്മദാബാദ്: ടോപ് ഓർഡറിലെ മൂന്നു ബാറ്റർമാരും അർധ സെഞ്ച്വറിയുമായി കത്തിക്കയറിയപ്പോൾ ട്വന്‍റി20 ലോകകപ്പ് ഫൈനലിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യക്ക് കൂറ്റൻ സ്കോർ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 255 റൺസെടുത്തു.

ഓപ്പണർമാരായ സഞ്ജു സാംസൺ, അഭിഷേകർ ശർമ എന്നിവർക്കു പുറമെ മൂന്നാമനായി ക്രീസിലെത്തിയ ഇഷാൻ കിഷനും അർധ സെഞ്ച്വറി നേടി. ടൂർണമെന്‍റിൽ സഞ്ജുവിന്‍റെ തുടർച്ചയായ മൂന്നാം അർധ സെഞ്ച്വറിയാണിത്. 33 പന്തിലാണ് താരം ഫിഫ്റ്റി പൂർത്തിയാക്കിയത്. എന്നാൽ ഇത്തവണയും സെഞ്ചറിയെന്ന മോഹം 11 റൺസകലെ താരത്തിന് നഷ്ടമായി. 46 പന്തിൽ എട്ടു സിക്സും അഞ്ചു ഫോറുടമക്കം 89 റൺസെടുത്ത് താരം പുറത്തായി.

ഇന്ത്യക്ക് വെടിക്കെട്ട് തുടക്കമാണ് ഓപ്പണർമാർ നൽകിയത്. 18 പന്തിലാണ് അഭിഷേക് ശർമ അർധ സെഞ്ച്വറി പൂർത്തിയാക്കിയത്. ട്വന്‍റി20 ലോകകപ്പ് നോക്കൗട്ട് ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ അർധ സെഞ്ച്വറിയാണിത്. മൂന്നു സിക്സും ആറു ഫോറുമടക്കമാണ് താരം അർധ സെഞ്ച്വറിയിലെത്തിയത്. രചിൻ രവീന്ദ്ര എറിഞ്ഞ എട്ടാം ഓവറിലെ ആദ്യ പന്തിൽ വിക്കറ്റ് കീപ്പർ ടിം സീഫെർട്ടിന് ക്യാച്ച് നൽകിയാണ് അഭിഷേക് പുറത്തായത്. 21 പന്തിൽ 52 റൺസാണ് താരത്തിന്‍റെ സമ്പാദ്യം. ഒന്നാം വിക്കറ്റിൽ 7.1 പന്തിൽ 98 റൺസാണ് ഇരുവരും കൂട്ടിച്ചേർത്തത്.

പവർ പ്ലേയിൽ മാത്രം 92 റൺസ് ഇന്ത്യ അടിച്ചെടുത്തു. പിന്നാലെ ക്രീസിലെത്തിയ ഇഷാൻ കിഷനെ കൂട്ടുപിടിച്ച് സഞ്ജു വെടിക്കെട്ട് തുടർന്നു. രചിൻ രവീന്ദ്ര എറിഞ്ഞ 14ാം ഓവറിലെ അവസാന മൂന്നു പന്തുകൾ സഞ്ജു സിക്സർ പറത്തി. ജിമ്മി നീഷാമിന്‍റെ 16ാം ഓവറിൽ ക്യാച്ച് നൽകിയാണ് സഞ്ജു മടങ്ങിയത്. 25 പന്തിൽ നാലു വീതം സിക്സും ഫോറുമടക്കം 54 റൺസെടുത്താണ് ഇഷാൻ കിഷൻ പുറത്തായത്. രണ്ടാം വിക്കറ്റിൽ സഞ്ജുവും ഇഷാനും ചേർന്ന് 48 പന്തിൽ 105 റൺസ് അടിച്ചെടുത്തു. ഇരുവരും മടങ്ങിയതോടെ ഇന്ത്യയുടെ സ്കോറിങ്ങിന്‍റെ വേഗതയും കുറഞ്ഞു. നായകൻ സൂര്യകുമാർ യാദവ് ആദ്യ പന്തിൽ തന്നെ പുറത്തായി. നാലാമനായി ക്രീസിലെത്തിയ ഹാർദിക് പാണ്ഡ്യ 13 പന്തിൽ 18 റൺസെടുത്ത് പുറത്തായി.

23 പന്തിലാണ് ഇഷാൻ അർധ സെഞ്ച്വറിയിലെത്തിയത്. എട്ടു പന്തിൽ 26 റൺസുമായി ശിവം ദുബെയും ആറു പന്തിൽ എട്ടു റൺസുമായി തിലക് വർമയും പുറത്താകാതെ നിന്നു. ജിമ്മി നീഷാം എറിഞ്ഞ അവസാന ഓവറിൽ ശിവം ദുബെ രണ്ടു സിക്സും മൂന്നു ഫോറുമടക്കം 24 റൺസാണ് അടിച്ചെടുത്തത്. ട്വന്റി20 ലോകകപ്പ് ഫൈനൽ ചരിത്രത്തിൽ ആദ്യമായാണ് ഓപ്പണിങ് കൂട്ടുകെട്ട് 50നു മുകളിൽ സ്കോർ നേടുന്നത്. 2009 ഫൈനലിൽ ശ്രീലങ്കക്കെതിരെ പാകിസ്താൻ താരങ്ങളായ കമ്രാൻ അക്‌മലും ഷഹസൈബ് ഹസനും ചേർന്ന് നേടിയ 48 റൺസായിരുന്നു ഇതുവരെയുള്ള ഉയർന്ന ഓപ്പണിങ് കൂട്ടുകെട്ട്.

മാറ്റ് ഹെൻട്രി എറിഞ്ഞ ആദ്യ ഓവറിലെ ആദ്യ നാലു പന്തുകളിൽ സഞ്ജുവിന് റണ്ണൊന്നും നേടാനായില്ലെങ്കിലും അഞ്ചാം പന്ത് താരം ഗാലറിയിലെത്തിച്ച് സ്കോർ ബോർഡ് തുറന്നു. ആ ഓവറിൽ ആകെ ഏഴു റൺസാണ് നേടിയത്. ആദ്യ രണ്ട് ഓവറുകളിൽ താളം കണ്ടെത്താൻ വിഷമിച്ചെങ്കിലും പിന്നീട് ഇരുവരും കത്തിക്കയറി. മൂന്നാം ഓവറിൽ 15 റൺസ് നേടി. ലോക്കി ഫെർഗൂസൺ എറിഞ്ഞ നാലാം ഓവറിൽ രണ്ടു വീതം സിക്സും ഫോറും അടക്കം 24 റൺസാണ് അടിച്ചെടുത്തത്. അഞ്ചാം ഓവറിൽ 21 റൺസും പിറന്നു

ഈ ലോകകപ്പിൽ ആദ്യമായാണ് ഇന്ത്യക്ക് പവർപ്ലേയിൽ വിക്കറ്റ് നഷ്ടമാകാതിരിക്കുന്നത്.

ഇന്ത്യൻ ടീമിൽ മാറ്റമില്ല. ഒരു മാറ്റവുമായാണ് കീവീസ് കളത്തിലിറങ്ങിയത്. കോൾ മകോൻകീയ്ക്കു പകരം ജേക്കബ് ഡഫി ടീമിലെത്തി.കിരീടം നിലിർത്തുന്നതിനൊപ്പം മൂന്നാം ട്വന്‍റി20 ലോകകപ്പ് കിരീടം കൂടിയാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. നിലവിൽ 2 കിരീടങ്ങളുമായി വിൻഡീസിനും ഇംഗ്ലണ്ടിനുമൊപ്പമാണ് ഇന്ത്യ. ഇന്നുവരെ ഒരു ചാമ്പ്യൻ ടീമിനും ട്വന്റി20 ലോകകപ്പ് നിലനിർത്താനായിട്ടില്ല.

Show Full Article
TAGS:ICC T20 world cup 2026 Sanju Samson Abhishek Sharma 
News Summary - T20 World Cup 2026: India start batting, Sanju hits a six in the first over
Next Story