Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right‘ബംഗ്ലാദേശിന് തീരുമാനം...

‘ബംഗ്ലാദേശിന് തീരുമാനം അറിയിക്കാൻ 24 മണിക്കൂർ കൂടി; ഇന്ത്യയിലേക്ക് ഇല്ലെങ്കിൽ സ്കോട്ട്ലൻഡ് ലോകകപ്പ് കളിക്കും’

text_fields
bookmark_border
‘ബംഗ്ലാദേശിന് തീരുമാനം അറിയിക്കാൻ 24 മണിക്കൂർ കൂടി; ഇന്ത്യയിലേക്ക് ഇല്ലെങ്കിൽ സ്കോട്ട്ലൻഡ് ലോകകപ്പ് കളിക്കും’
cancel
camera_alt

ജയ് ഷാ, മുസ്തഫിസുർ റഹ്മാൻ

ദുബൈ: അടുത്തമാസം ആരംഭിക്കുന്ന ട്വന്‍റി20 ലോകകപ്പിലെ തങ്ങളുടെ മത്സരങ്ങൾക്കുള്ള വേദി ഇന്ത്യയിൽനിന്ന് മാറ്റണമെന്ന ബംഗ്ലാദേശിന്‍റെ ആവശ്യം ഐ.സി.സി തള്ളി. ഇന്ത്യയിൽ തന്നെ കളിക്കണമെന്നും ഇക്കാര്യത്തിൽ മറ്റുവിട്ടുവീഴ്ചകളില്ലെന്നും ബുധനാഴ്ച ഐ.സി.സി വ്യക്തമാക്കി. ടൂർണമെന്‍റിൽ പങ്കെടുക്കുന്നുണ്ടെങ്കിൽ അക്കാര്യം ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് 24 മണിക്കൂറിനകം സ്ഥിരീകരിക്കണമെന്ന് ഐ.സി.സി യോഗത്തിൽ നിർദേശിച്ചു. മറുപടി നൽകാത്ത പക്ഷം സ്കോട്ട്ലൻഡിന് ലോകകപ്പ് കളിക്കാൻ അവസരം നൽകുമെന്നും ജയ് ഷായുടെ നേതൃത്വത്തിലുള്ള ബോർഡ് അറിയിച്ചു.

ഇന്ത്യയിലെ വേദി മാറ്റാനാകില്ലെന്നും ബുധനാഴ്ച അന്തിമതീരുമാനം അറിയിക്കാനും ഐ.സി.സി ബംഗ്ലാദേശിന് അന്ത്യശാസനം നൽകിയിരുന്നു. ഫെബ്രുവരി ഏഴിന് ആരംഭിക്കുന്ന ടൂർണമെന്‍റിൽ, ബംഗ്ലാദേശിന്‍റെ നാലു ഗ്രൂപ്പ് മത്സരങ്ങളും ഇന്ത്യയിലാണ് നടക്കുന്നത്. ആദ്യത്തെ മൂന്നു മത്സരങ്ങൾ കൊൽക്കത്തയിലും നാലാമത്തെ മത്സരം മുംബൈയിലും. ഇന്ത്യക്കൊപ്പം ലോകകപ്പിന് സംയുക്ത വേദിയൊരുക്കുന്ന ശ്രീലങ്കയിലേക്ക് തങ്ങളുടെ മത്സരങ്ങൾ മാറ്റണമെന്ന ആവശ്യത്തിൽ തന്നെ ഉറച്ചുനിൽക്കുകയാണ് ബംഗ്ലാദേശ്.

വിഷയത്തിൽ ഐ.സി.സിയും ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡും പലതവണ ചർച്ച നടത്തിയിട്ടും ഇരുവിഭാഗവും തങ്ങളുടെ നിലപാടിൽ തന്നെ ഉറച്ചുനിൽക്കുകയാണ്. മുൻനിശ്ചയിച്ച പ്രകാരം ടൂർണമെന്‍റ് നടക്കുമെന്ന് ഐ.സി.സി ആവർത്തിക്കുമ്പോൾ, ടൂർണമെന്‍റിനായി ഇന്ത്യയിലേക്ക് വരില്ലെന്ന നിലപാടിൽ തന്നെയാണ് ബി.സി.ബി. നേരത്തെ, പാകിസ്താൻ ക്രിക്കറ്റ് ബോഡിന്‍റെ പിന്തുണ ബംഗ്ലാദേശ് ക്രിക്കറ്റ് തേടിയിരുന്നു. ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പാകിസ്താൻ ട്വന്‍റി20 ലോകകപ്പ് ബഹിഷ്കരിക്കുമെന്നുവരെ റിപ്പോർട്ടുകൾ പുറത്തുവന്നു.

പിന്നീട് പി.സി.ബി തന്നെ ഇക്കാര്യം തള്ളിക്കളഞ്ഞ് രംഗത്തെത്തി. നിലവിൽ ടൂർണമെന്‍റിൽനിന്ന് പിന്മാറാനുള്ള കാരണങ്ങളൊന്നും ഇല്ലെന്നും പി.സി.ബി വ്യക്തമാക്കി. നേരത്തെയുള്ള ധാരണപ്രകാരം പാകിസ്താന്‍റെ മത്സരങ്ങളെല്ലാം ശ്രീലങ്കയിലാണ് നടക്കുന്നത്. ചാമ്പ്യൻസ് ട്രോഫിയിൽ കളിക്കാനായി പാകിസ്താനിലേക്ക് വരാൻ ഇന്ത്യ വിസമ്മതിച്ചതോടെയാണ് ട്വന്‍റി20 ലോകകപ്പിൽ ഇന്ത്യയിലേക്ക് വരില്ലെന്ന് പാകിസ്താനും നിലപാട് സ്വീകരിച്ചത്. അതിനിടെ ബംഗ്ലാദേശിന്‍റെ മത്സരങ്ങൾക്ക് വേദിയൊരുക്കാൻ തങ്ങൾ സന്നദ്ധരാണെന്നും പി.സി.ബി പറഞ്ഞിരുന്നു.

ടി20 ലോകകപ്പിൽ ഗ്രൂപ് സിയിലാണ് ബംഗ്ലാദേശുള്ളത്. ടീമിന്റെ മത്സരങ്ങൾ നടക്കേണ്ടത് കൊൽക്കത്തയിലും മുംബൈയിലുമാണ്. ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ വരാനിരിക്കുന്ന സീസണിൽനിന്ന് ബംഗ്ലാദേശ് താരം മുസ്തഫിസുർ റഹ്മാനെ പുറത്താക്കിയതോടെ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡുമായി ഉടക്കുകയായിരുന്നു ബി.സി.ബി. ഐ.പി.എൽ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിലെടുത്തതായിരുന്നു മുസ്തഫിസിറിനെ. ഇന്ത്യയും ബംഗ്ലാദേശും തമ്മിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ പരിഗണിച്ചായിരുന്നു തീരുമാനം. തങ്ങളുടെ താരത്തെ ഐ.പി.എല്ലിൽനിന്ന് ഒഴിവാക്കിയതിലുള്ള അമർഷം ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിനുണ്ട്. ഈ പശ്ചാത്തലത്തിലാണ് ലോകകപ്പിന് ഇന്ത്യയിലേക്കില്ലെന്ന് അവർ പ്രഖ്യാപിച്ചത്.

Show Full Article
TAGS:T20 World Cup Mustafizur Rahman Bangladesh Cricket Board ICC jay shah 
News Summary - T20 World Cup Row | ICC Rejects Bangladesh's Request, Gives 24-Hour Deadline
Next Story