ട്വന്റി20യിൽ ഇന്ത്യക്കെതിരെ പന്തെറിയാൻ ഇന്ത്യൻ വംശജൻ തൻവീർ സാംഗയെ വിളിച്ച് ആസ്ട്രേലിയ
text_fieldsതൻവീർ സാംഗ
മെൽബൺ: ഏകദിന പരമ്പരക്കു പിന്നാലെ, ട്വന്റി20 മത്സരത്തിനായി ഒരുങ്ങുന്ന ആസ്ട്രേലിയൻ ടീമിൽ സ്പിന്നർ ആദം സാംപക്ക് പകരം ഇന്ത്യൻ വംശജനായ ലെഗ് സ്പിന്നിർ തൻവീർ സാംഗക്ക് ഇടം. രണ്ടാമത്തെ കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങുന്ന സാംപ ട്വന്റ20യിൽ നിന്നും വിട്ടു നിന്നപ്പോഴാണ് ഇന്ത്യൻ വംശജനായ താരത്തിന് അവസരമൊരുങ്ങിയത്.
പഞ്ചാബിലെ ജലന്ധറിൽ നിന്നും ആസ്ട്രേലിയയിലേക്ക് കുടിയേറി സിഡ്നിയിൽ ടാക്സി ഡ്രൈവറായി ജോലി ചെയ്യുന്ന ജോഗ സിങ്ങിന്റെ മകനായ തൻവീർ, നേരത്തെ തന്നെ ആസ്ട്രേലിയൻ ടീമിൽ ഇടം പിടിച്ചിരുന്നു. 2023ൽ ഏകദിനത്തിലും ട്വന്റി20യിലും അരങ്ങേറ്റം കുറിച്ചു. ഇതിനകം ഏഴ് ട്വന്റി20യും നാല് ഏകദിനും ആസ്ട്രേലിയക്കായി കളിച്ചുവെങ്കിലും, 2023ന് ശേഷം ട്വന്റി20 ടീമിൽ ഇടം നേടിയിട്ടില്ല. കഴിഞ്ഞ ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യക്കെതിരായ മത്സരത്തിൽ ഏകദിനം കളിച്ചിരുന്നു.
ബിഗ്ബാഷ് ലീഗിൽ സിഡ്നി തണ്ടർ താരമാണ് 23കാരനായ തൻവീർ. കഴിഞ്ഞ ആസ്ട്രേലിയ ‘എ’-ഇന്ത്യ ‘എ’ മത്സരത്തിലെ മിന്നും പ്രകടനമാണ് ഇപ്പോൾ ദേശീയ ടീമിലേക്കുള്ള തിരിച്ചുവരവിന് വഴിയൊരുങ്ങിയത്. ആസ്ട്രേലിയ ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റായ വൺ ഡേ കപ്പിൽ പത്ത് വിക്കറ്റുമായി ടോപ് വിക്കറ്റ് വേട്ടക്കാരനുമാണ്.
തൻവീർ സാംഗയും മാത്യു കുൻമാൻ കൂടി ചേർന്നാവും ട്വന്റി20യിൽ ഓസീസിന്റെ സ്പിൻ അറ്റാക്ക്.
അഞ്ച് ട്വന്റി20 അടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം ബുധനാഴ്ച കാൻബറയിൽ ആരംഭിക്കും. ഒക്ടോബർ 31, നവംബർ രണ്ട്, നവംബർ ആറ് നവംബർ എട്ട് തീയതികളിലാണ് മറ്റു മത്സരങ്ങൾ.
നവംബർ 28ന് ആരംഭിക്കുന്ന ആഷസ് പരമ്പരക്ക് മുമ്പായി റൊട്ടേഷനിലൂടെ കൂടുതൽ ബൗളർമാരെ കളിപ്പിക്കുകയാണ് ഓസീസ് തന്ത്രം. ജോഷ് ഹേസൽ വുഡ് ആദ്യരണ്ട് കളി കളിക്കുമ്പോൾ, സീൻ ആബോട്ടിനാവും അടുത്ത രണ്ട് കളിയിലെ ദൗത്യം.


