ബി.സി.സി.ഐ തൃപ്തരല്ല; ഇന്ത്യൻ ബൗളിങ് കോച്ചുമാരുടെ പണിതെറിക്കുമോ...?
text_fieldsന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലക സംഘത്തിൽ അഴിച്ചുപണിക്കൊരുങ്ങി ബി.സി.സി.ഐ. ദേശീയ ടീമിന്റെ ബൗളിങ് കോച്ച് മോർനെ മോർകൽ, സഹായി റ്യാൻ ടെൻ ഡോഷെ എന്നിവെര പുറത്താക്കാൻ സജീവ നീക്കംനടത്തുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇംഗ്ലീഷ് പര്യടനത്തിൽ നാലാം ടെസ്റ്റ് സമനിലയിൽ അവസാനിച്ചതിനു പിന്നാലെയാണ് ഇതുസംബന്ധിച്ച വാർത്തകൾ പുറത്തുവരുന്നത്. പരമ്പരയിൽ ഒരു ടെസ്റ്റ് കൂടി ബാക്കിയുണ്ടെങ്കിലും ബൗളിങ് പരിശീലക സംഘം അഴിച്ചുപണിയാനാണ് ഒരുക്കമെന്ന് ‘ദി ടെലഗ്രാഫ്’ റിപ്പോർട്ട് ചെയ്തു. സെപ്റ്റംബറിൽ ആരംഭിക്കുന്ന ഏഷ്യ കപ്പിനു പിന്നാലെ ഇരുവരെയും മാറ്റി പുതിയ സംഘത്തെ നിയമിക്കും.
ഗൗതം ഗംഭീറിന്റെ ഇഷ്ടക്കാരായി ബൗളിങ് പരിശീലകരായ മുൻ ദക്ഷിണാഫ്രിക്കൻ താരം മോർനെ മോർകലിന്റെയും, നെതർലൻഡ്സ് മുൻതാരം ടെൻ ഡോഷെയുടെയും പ്രകടനത്തിൽ ബോർഡ് സംതൃപ്തരല്ല. പരിമിത ഓവർ ക്രിക്കറ്റിലും ടെസ്റ്റിലും മികച്ച പേസ് ബൗളിങ് ലൈനപ്പിനെ സജ്ജമാക്കുന്നതിൽ ഇവരുടെ സംഭാവനയും ചോദ്യം ചെയ്യപ്പെടുന്നു.
ഐ.പി.എല്ലിൽ ലഖ്നോ സൂപ്പർ ജയന്റ്സിൽ ഗംഭീറിനൊപ്പം പ്രവർത്തിച്ച പരിചയവുമായാണ് മോർകലിനെ അദ്ദേഹം ദേശീയ ടീം സപ്പോർട്ടിങ് സ്റ്റാഫിന്റെ ഭാഗമാക്കിയത്. ടെൻ ഡോഷെയും അഭിഷേക് നയാറും കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ ഗംഭീറിനൊപ്പമുണ്ടായിരുന്നു. കഴിഞ്ഞ ബോർഡർ ഗവാസ്കർ ട്രോഫിക്കു പിന്നാലെ അഭിഷേക് നയാർ ഇന്ത്യൻ കോച്ചിങ് സംഘത്തിൽ നിന്നും രാജിവെച്ചിരുന്നു.
ഇംഗ്ലണ്ടിൽ ടീമിനൊപ്പമുള്ള ചീഫ് സെലക്ടർ അജിത് അഗാർക്കറിന്റെ നേതൃത്വത്തിലുള്ള സംഘം ബി.സി.സി.ഐയുമായി ചേർന്ന് സാഹചര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്.
അതേസമയം, 2024 ജൂലായിൽ ഇന്ത്യൻ പരിശീലകനായി സ്ഥാനമേറ്റ ഗൗതം ഗംഭീറിന്റെ നില ഭദ്രമാണ്. 2027 ഏകദിന ലോകകപ്പ് വരെയാണ് ഗംഭീറിന്റെ നിയമനം. ഇതുവരെ 13 ടെസ്റ്റുകളിൽ നാല് വിജയം മാത്രമാണ് അദ്ദേഹത്തിനു കീഴിൽ ടീമിന് സ്വന്തമാക്കാനായത്. സപ്പോർട്ടിങ് സംഘത്തെ അഴിച്ചുപണിത് കോച്ചിന്റെ സമ്മർദം കുറയ്ക്കാനാണ് ബോർഡിന്റെ പദ്ധതിയെന്നും സൂചനയുണ്ട്.