ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ ഗൗതം ഗംഭീറിന് വധഭീഷണി
text_fieldsമുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ ഗൗതം ഗംഭീറിന് വധഭീഷണി. ഇമെയിലിലൂടെയാണ് വധഭീഷണി ലഭിച്ചത്. 'ഐ കിൽ യു' എന്ന സന്ദേശം മാത്രം ഉൾക്കൊള്ളുന്ന ഇമെയിലാണ് ഗംഭീറിന് ലഭിച്ചത്.
ഇതുമായി ബന്ധപ്പെട്ട ഗംഭീർ പൊലീസിന് പരാതി നൽകിയിട്ടുണ്ട്. അധികൃതർ ഇക്കാര്യത്തിൽ അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഇമെയിലിന്റെ ഉറവിടവും അയച്ചയാളെയും കണ്ടെത്തുന്നതിനായി സൈബർ സെല്ലിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
കുടുംബവുമൊത്തുള്ള ഫ്രാൻസിലെ അവധിയാഘോഷം കഴിഞ്ഞ് അടുത്തിടെയാണ് ഗംഭീർ ഇന്ത്യയിൽ തിരിച്ചെത്തിയത്. ഇതിന് പിന്നാലെയാണ് ഭീഷണി. നേരത്തെ പഹൽഗാമിലെ ഭീകരാക്രമണത്തെ അപലപിച്ച് ഗംഭീർ എക്സിൽ കുറിപ്പിട്ടിരുന്നു.
ഭീകരാക്രമണത്തിൽ മരിച്ചവർക്ക് അനുശോചനം അറിയിച്ച ഗംഭീർ ഭീകരർ ഇതിന് കനത്ത വില നൽകേണ്ടി വരുമെന്നും എക്സിലെ കുറിപ്പിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇന്ത്യ ഭീകരാക്രമണത്തിന് തിരിച്ചടി നൽകുമെന്നും ഗംഭീർ കൂട്ടിച്ചേർത്തിരുന്നു.
കഴിഞ്ഞ വർഷം ജൂലൈയിലാണ് ഗൗതം ഗംഭീർ ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകനായി ചുമതലയേറ്റെടുത്തത്. തുടർന്ന് ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിലും ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലും ഇന്ത്യ തോറ്റിരുന്നു. ആസ്ട്രേലിയക്തെിരായ ഏകദിന പരമ്പര കൂടി തോറ്റതോടെ ഗംഭീർ കടുത്ത സമ്മർദത്തിലായിരുന്നു. എന്നാൽ, ചാമ്പ്യൻസ് ട്രോഫി വിജയത്തോടെ തോൽവികളുടെ പാപഭാരമെല്ലാം ഗംഭീർ കഴുകികളയുകയായിരുന്നു.