Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightആസ്ട്രേലിയൻ വനിത...

ആസ്ട്രേലിയൻ വനിത ക്രിക്കറ്റ് താരങ്ങൾക്കുനേരെ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റിൽ

text_fields
bookmark_border
Molestation Case
cancel
Listen to this Article

ഇൻഡോർ: ആസ്ട്രേലിയൻ വനിതാ ക്രിക്കറ്റ് താരങ്ങൾക്കുനേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ. വെള്ളിയാഴ്ച രാത്രി ഇൻഡോറിലെ ഒരു കഫെയിൽനിന്ന് താമസിക്കുന്ന ഹോട്ടലിലേക്ക് തിരിച്ചുപോകുന്നതിനിടെയാണ് സംഭവം. ഓസീസ് ടീമിന്‍റെ സുരക്ഷ മാനേജർ സൈമൺ ഡാനിസിന്റെ പരാതിയിൽ പ്രതി അഖീൽ ഖാനെ എം.ഐ.ജി പൊലീസ് അറസ്റ്റു ചെയ്തു.

ശനിയാഴ്ച ദക്ഷിണാഫ്രിക്കക്കെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിനാണ് ഓസീസ് താരങ്ങൾ ഇൻഡോറിലെത്തിയത്. രണ്ടു താരങ്ങൾ കഫെയിൽപോയി താമസിക്കുന്ന റാഡിസൺ ബ്ലൂ ഹോട്ടലിലേക്ക് മടങ്ങിവരുന്നതിനിടെയാണ് ബൈക്കിൽ പിന്തുടർന്നെത്തിയ അഖീൽ അപമര്യാദയായി പെരുമാറിയത്. ഉടൻ തന്നെ സുരക്ഷ മാനേജറെ അറിയിക്കുകയും തുടർന്ന് എം.ഐ.ജി പൊലീസിനെ വിവരം അറിയിക്കുകയുമായിരുന്നു.

അസി. പൊലീസ് കമീഷണർ ഹിമാനി മിശ്ര ഓസീസ് താരങ്ങളെ കണ്ട് മൊഴിയെടുത്തു. പ്രതിയെ പിടികൂടാനായി അഞ്ചംഗ പ്രത്യേക പൊലീസ് സംഘത്തെ ചുമതലപ്പെടുത്തുകയും ചെയ്തു. 74, 78 വകുപ്പുകൾ പ്രകാരം സ്ത്രീയുടെ അന്തസിന് ക്ഷതമേൽപ്പിക്കുക, സ്ത്രീയെ പിന്തുടരുക തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. സി.സി.ടി.വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ബൈക്കിന്‍റെ നമ്പർ തിരിച്ചറിഞ്ഞതും പ്രതിയെ വേഗത്തിൽ പിടികൂടാൻ സഹായിച്ചു. സുരക്ഷ വീഴ്ചയുണ്ടായതിൽ ഇൻഡോർ പൊലീസ് കമീഷണർ സന്തോഷ് സിങ് അതൃപ്തി രേഖപ്പെടുത്തി. പിന്നാലെ ഹോട്ടലിനു സമീപം കൂടുതൽ പൊലീസുകാരെ വിന്യസിച്ചിരുന്നു.

ഓസീസ് താരങ്ങൾക്കെതിരായ അതിക്രമത്തിൽ ബി.സി.സി.ഐ സെക്രട്ടറി ദേവജീത് സൈകിയ ഞെട്ടൽ രേഖപ്പെടുത്തി. ‘നിർഭാഗ്യകരമായ സംഭവമാണ് ഉണ്ടായത്. ആതിഥ്യമര്യാദയും വിനോദസഞ്ചാര സൗഹൃദപരവുമായ രാജ്യത്തിന് ഇത്തരം സംഭവങ്ങൾ അപമാനമാണ്. പ്രതിയെ അതിവേഗം പിടികൂടിയ പൊലീസിനെ അഭിനന്ദിക്കുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കണം’ -സൈകിയ പറഞ്ഞു.

ഒരു സ്ത്രീക്കും ഇത്തരമൊരു ആഘാതം സഹിക്കേണ്ടി വരരുതെന്നും ഈ വേദനാജനകമായ സംഭവത്തിൽ തങ്ങളുടെ പിന്തുണയുണ്ടെന്നും മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ പത്രക്കുറിപ്പിൽ അറിയിച്ചു.

Show Full Article
TAGS:Molestation Case womens world cup 
News Summary - Two Australia Cricketers Molested In Indore
Next Story