പന്ത് ചുരണ്ടൽ ടീമിന്റെ അറിവോടെയെന്ന് ഖവാജ; മൂന്ന് താരങ്ങളെ മാത്രം ബലിയാടാക്കിയെന്ന് മുൻ ഓസീസ് താരത്തിന്റെ വെളിപ്പെടുത്തൽ
text_fieldsമെൽബൺ: ക്രിക്കറ്റ് ലോകത്ത് കോളിളക്കം സൃഷ്ടിച്ച 2018ലെ പന്ത് ചുരണ്ടൽ വിവാദത്തിൽ വൻ വെളിപ്പെടുത്തലുമായി മുൻ ആസ്ട്രേലിയൻ താരം ഉസ്മാൻ ഖവാജ. സാൻഡ്പേപ്പർ ഉപയോഗിച്ച് പന്തിൽ കൃത്രിമം വരുത്താനുള്ള തീരുമാനം ഡ്രസിങ് റൂമിലുണ്ടായിരുന്ന എല്ലാവർക്കും അറിയാമായിരുന്നുവെന്ന് ‘ദി സിഡ്നി മോണിങ് ഹെറാൾഡിന്’ നൽകിയ അഭിമുഖത്തിൽ താരം വെളിപ്പെടുത്തി.
സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാർണർ, കാമറൂൺ ബാൻക്രോഫ്റ്റ് എന്നിവർ മാത്രമാണ് സാൻഡ്പേപ്പർ ഉപയോഗിച്ചതിനെക്കുറിച്ച് അറിഞ്ഞിരുന്നതെന്ന ക്രിക്കറ്റ് ആസ്ട്രേലിയയുടെ വാദത്തെ ഖവാജ പൂർണമായി തള്ളി. ‘ബാറ്റർമാർ, ബൗളർമാർ, സപ്പോർട്ട് സ്റ്റാഫ് വ്യത്യാസമില്ലാതെ, ഞങ്ങൾ എല്ലാവരും അതിന്റെ ഭാഗമായിരുന്നു. ഒരു ടീമായി പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് അന്ന് ഡ്രസിങ് റൂമിൽ വെച്ച് പറഞ്ഞിരുന്നു. എന്നാൽ, കാര്യങ്ങൾ അങ്ങനെയല്ല സംഭവിച്ചത്. ആ മൂന്നുപേർ മാത്രം ക്രൂശിക്കപ്പെട്ടു. കഴിഞ്ഞ എട്ടുവർഷമായി ഡേവി (വാർണർ) നിരന്തരം വേട്ടയാടപ്പെടുന്നത് കണ്ടതാണ്. ഒന്നും മിണ്ടാതെ ഇതെല്ലാം സഹിക്കാൻ വലിയ മനക്കരുത്ത് വേണം. ക്രിക്കറ്റിനപ്പുറം ജീവിതമുണ്ട്, ആ മൂന്നുപേരും നീതി അർഹിക്കുന്നു. എട്ടുവർഷത്തിന് ശേഷം ഈ സത്യം എപ്പോഴെങ്കിലും പുറത്തുവരുമെന്ന് ഞാൻ കരുതി. എന്നാൽ, ആരും പറയാത്തതുകൊണ്ടാണ് ഇപ്പോൾ ഞാൻ ഇത് തുറന്നുപറയുന്നത്’ -ഖവാജ പറഞ്ഞു.
എന്നാൽ, ദക്ഷിണാഫ്രിക്കക്കെതിരായ വിവാദ പരമ്പര കളിച്ച ടീമിലെ ബൗളർമാരായ പാറ്റ് കമിൻസ്, മിച്ചൽ സ്റ്റാർക്, ജോഷ് ഹേസൽവുഡ്, നഥാൻ ലിയോൺ എന്നിവർ, പന്ത് ചുരണ്ടൽ സംബന്ധിച്ച് തങ്ങൾക്ക് അറിവുണ്ടായിരുന്നില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ഖവാജയുടെ വെളിപ്പെടുത്തൽ പുറത്തു വന്നതിനുപിന്നാലെ മുൻ കോച്ച് ഡാരൻ ലേഹ്മാൻ ഇത്തരമൊരു അവകാശവാദം നിഷേധിച്ചു.
സംഭവത്തിൽ സ്മിത്തിനും വാർണർക്കും ഒരു വർഷവും, ബാൻക്രോഫ്റ്റിന് ഒമ്പത് മാസവും വിലക്കേർപ്പെടുത്തിയിരുന്നു. തന്റെ ആത്മകഥയായ ‘സബ്ർ’ പുറത്തിറങ്ങുന്നതിന് മുമ്പായി നൽകിയ അഭിമുഖത്തിലായിരുന്നു ഖവാജയുടെ വെളിപ്പെടുത്തൽ.


