കാത്തിരുന്ന കുപ്പായത്തിലേക്ക് വൈഭവ് സൂര്യവംശി, കൗമാര വെടിക്കെട്ട് ഇനി ഇന്ത്യൻ സീനിയർ ടീമിലും; സചിന്റെ റെക്കോർഡ് പഴങ്കഥയാകും
text_fieldsഇന്ത്യൻ ക്രിക്കറ്റിലെ കൗമാര വിസ്മയമായ വൈഭവ് സൂര്യവംശി കരിയറിൽ സുപ്രധാന നാഴികക്കല്ല് പിന്നിടുന്നു. 15-കാരനായ വെടിക്കെട്ട് ബാറ്റ്സ്മാനെ ഇന്ത്യൻ സീനിയർ ടീമിൽ ഉൾപ്പെടുത്തിയതായാണ് റിപ്പോർട്ടുകൾ. അയർലൻഡ് പര്യടനത്തിനുള്ള ഇന്ത്യൻ സീനിയർ ട്വന്റി20 ടീമിൽ വൈഭവ് അരങ്ങേറ്റം കുറിക്കും. പര്യടനത്തിനുള്ള സാധ്യതാ പട്ടികയിൽ മറ്റ് യുവതാരങ്ങൾക്കൊപ്പം വൈഭവിനെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ശ്രേയസ് അയ്യറിന്റെ നായകത്വത്തിൽ പരമ്പരയിൽ രണ്ടാം നിര ടീമിനെയായിരിക്കും ഇന്ത്യ കളത്തിലിറക്കുകയെന്നാണ് സൂചന.
ഇന്ത്യൻ പ്രീമിയർ ലീഗിലും ഇന്ത്യ അണ്ടർ 19 ടീമിലുമൊക്കെ മിന്നുന്ന പ്രകടനം കാഴ്ചവെച്ച് ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധയാകർഷിച്ച വൈഭവ് ഭാവിതാരമെന്ന വിശേഷണം ചെറുപ്രായത്തിലേ സ്വന്തമാക്കിയിട്ടുണ്ട്. ഐ.പി.എല്ലിലെ പുതുസീസണിൽ രാജസ്ഥാൻ റോയൽസിനായി മിന്നുന്ന പ്രകടനം കാഴ്ചവെച്ച വൈഭവ്, തന്റെ പ്രതിഭ അരക്കിട്ടുറപ്പിക്കുകയായിരുന്നു. സീനിയർ ടീമിൽ ഇടം നേടാൻ 15 വയസ്സ് പൂർത്തിയാകണമെന്നിരിക്കേ, ഇക്കഴിഞ്ഞ മാർച്ച് 27ന് 15 തികഞ്ഞ ബിഹാറുകാരനെ വൈകാതെ ടീമിൽ ഉൾപ്പെടുത്താൻ സെലക്ടർമാർ തീരുമാനിക്കുകയായിരുന്നു.
ഈ വർഷം അവസാനം നടക്കാനിരിക്കുന്ന സിംബാബ്‌വെ പര്യടനത്തിനുള്ള ടീമിലും കൗമാരതാരത്തെ ഉൾപ്പെടുത്തുമെന്നാണ് റിപ്പോർട്ടുകൾ. ’വൈഭവ് അയർലൻഡ് പര്യടനത്തിനുള്ള പരിഗണനയിലുണ്ട്. സെലക്ടർമാർ അദ്ദേഹത്തിന്റെ പേരും ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്’ -ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് വൃത്തങ്ങൾ ‘ഇന്ത്യൻ എക്സ്പ്രസി’നോട് പറഞ്ഞു.
ഇന്ത്യൻ സീനിയർ ടീമിൽ ബാറ്റേന്തുന്നതോടെ വൈഭവ് അതിവിശിഷ്ടമായൊരു റെക്കോർഡിന് ഉടമയാകും. രാജ്യത്തിനുവേണ്ടി സീനിയർ ടീമിൽ കളിച്ച ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനെന്ന റെക്കോർഡ് ഇതിഹാസ താരം സചിൻ ടെണ്ടുൽക്കറിൽനിന്ന് വൈഭവിലേക്ക് വഴിമാറും. നിലവിൽ, പുരുഷ വിഭാഗത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് 16 വയസ്സും 205 ദിവസവുമുള്ളപ്പോൾ അരങ്ങേറ്റം കുറിച്ച സചിന്റെ പേരിലാണ്. വനിതകളിൽ 15 വർഷവും ഏഴ് മാസവും 27 ദിവസവും പ്രായമുള്ളപ്പോൾ രാജ്യത്തിന്റെ ജഴ്സിയണിഞ്ഞ ഷഫാലി വർമയുടെ പേരിലാണ് റെക്കോർഡ്.
വിവിധ ഏജ് കാറ്റഗറി ക്രിക്കറ്റിൽ ഇതിനകം നിരവധി റെക്കോർഡുകൾ തകർത്ത താരമാണ് വൈഭവ്. രാജസ്ഥാൻ റോയൽസിനായി ഐ.പി.എൽ 2026 സീസണിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ 26 പന്തിൽ 78 റൺസും, ചെന്നൈ സൂപ്പർ കിങ്സിനെതിരെ 17 പന്തിൽ 52 റൺസും നേടി. മുംബൈ ഇന്ത്യൻസിനെതിരെ 14 പന്തിൽ 39 റൺസും അടിച്ചെടുത്തു.
തുടർച്ചയായ കളികളിലെ സ്ഥിരതയാർന്ന പ്രകടനത്തോടെ വൈഭവിനെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തണമെന്ന് അനിൽ കുംബ്ലെ. ഇർഫാൻ പഠാൻ തുടങ്ങിയ മുൻ താരങ്ങളും ക്രിക്കറ്റ് വിദഗ്ധരുമൊക്കെ ആവശ്യപ്പെട്ടിരുന്നു. സചിൻ ടെണ്ടുൽക്കർ, ഷഫാലി വർമ എന്നിവരുടെ റെക്കോർഡുകൾ മറികടന്ന് ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ അരങ്ങേറ്റ താരം എന്ന ബഹുമതി വൈഭവ് അർഹിക്കുന്നുണ്ടെന്ന് ഐ.പി.എൽ ചെയർമാൻ അരുൺ ധൂമലും പ്രസ്താവിച്ചിരുന്നു.
അയർലൻഡ് പരമ്പരയ്ക്ക് ശേഷം ജൂലൈ ഒന്നുമുതൽ അഞ്ച് ട്വന്റി20 മത്സരങ്ങളും മൂന്ന് ഏകദിനങ്ങളും അടങ്ങുന്ന ഇംഗ്ലണ്ട് പര്യടനത്തിനായി ഇന്ത്യൻ ടീം യാത്ര തിരിക്കും. ഇംഗ്ലണ്ടിനെതിരെയുള്ള മത്സരങ്ങളിൽ മുതിർന്ന താരങ്ങൾ ടീമിലേക്ക് മടങ്ങിയെത്തും.


