Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightവൈഭവ് ബാറ്റെടുത്താൽ...

വൈഭവ് ബാറ്റെടുത്താൽ അങ്കക്കലി! റെക്കോഡ് സെഞ്ച്വറി (95 പന്തിൽ 171); യു.എ.ഇയെ തരിപ്പണമാക്കി ഇന്ത്യൻ യുവനിര

text_fields
bookmark_border
Vaibhav Suryavanshi
cancel
Listen to this Article

അബൂദബി: കൗമാരതാരം വൈഭവ് സൂര്യവംശിയുടെ അതിവേഗ സെഞ്ച്വറിയുടെ ബലത്തിൽ അണ്ടർ 19 ഏഷ്യ കപ്പിൽ യു.എ.ഇയെ തരിപ്പണമാക്കി ഇന്ത്യൻ യുവനിര. യൂത്ത് ഏകദിനത്തിൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന സ്കോർ കുറിച്ച മത്സരത്തിൽ ആതിഥേയരെ 234 റൺസിനാണ് ഇന്ത്യ തകർത്തത്.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ആറു വിക്കറ്റ് നഷ്ടത്തിൽ 433 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ യു.എ.ഇക്ക് 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 199 റൺസെടുക്കാനെ കഴിഞ്ഞുള്ളു. യൂത്ത് ഏകദിനത്തിലെ ഇന്ത്യയുടെ ഏറ്റവും ഉയർന്ന സ്കോറാണിത്. മൂന്നാംതവണയാണ് ഇന്ത്യ യൂത്ത് ടീം 400 പ്ലസ് സ്കോർ നേടുന്നത്. 2004ൽ സ്കോട്ട്ലൻഡിനെതിരെ നേടിയ 405 റൺസ് റെക്കോഡാണ് മറികടന്നത്. മത്സരത്തിൽ 95 പന്തിൽ 171 റൺസെടുത്താണ് വൈഭവ് പുറത്തായത്. 14 സിക്സുകളും ഒമ്പത് ഫോറുകളും അടങ്ങുന്നതാണ് താരത്തിന്‍റെ ഇന്നിങ്സ്. 30 പന്തിൽ അർധ സെഞ്ച്വറിയിലെത്തിയ താരം, അടുത്ത 26 പന്തിൽ സെഞ്ച്വറിയും പൂർത്തിയാക്കി.

യൂത്ത് ഏകദിനത്തിലെ ഒരു ഇന്നിങ്സിൽ ഏറ്റവും കൂടുതൽ സിക്സുകളെന്ന റെക്കോഡ് ഈ ബിഹാറുകാരൻ സ്വന്തമാക്കി. ആസ്ട്രേലിയയുടെ മൈക്കൽ ഹില്ലിന്‍റെ 12 സിക്സുകളെന്ന റെക്കോഡാണ് താരം മറികടന്നത്. 2017 അണ്ടർ 19 ഏഷ്യ കപ്പിൽ അഫ്ഗാനിസ്ഥാന്‍റെ ഡാർവിഷ് റസൂലി 10 സിക്സുകൾ നേടിയിരുന്നു. യൂത്ത് ഏകദിനത്തിലെ ഒരു ഇന്ത്യൻ താരത്തിന്‍റെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്കോറാണ് വൈഭവ് കുറിച്ചത്.

2002ൽ ഇംഗ്ലണ്ടിനെതിരായ അണ്ടർ 19 ടൂർണമെന്‍റിൽ അമ്പാട്ടി റായിഡു 177 റൺസെടുത്തിരുന്നു. ആരോൺ ജോർജ് (73 പന്തിൽ 69), വിഹാൻ മൽഹോത്ര (55 പന്തിൽ 69) എന്നിവർ അർധ സെഞ്ച്വറി നേടി. മറുപടി ബാറ്റിങ്ങിൽ യു.എ.ഇക്കായി ഉദ്ദിഷ് സുരിയും (106 പന്തിൽ 78*) പൃഥ്വി മധുവും (87 പന്തിൽ 50) അർധ സെഞ്ച്വറി നേടി. മറ്റുള്ളവർക്കൊന്നും തിളങ്ങാനായില്ല. ഇന്ത്യക്കായി ദീപേഷ് ദേവേന്ദ്രൻ രണ്ടു വിക്കറ്റ് നേടി.

Show Full Article
TAGS:Vaibhav Suryavanshi 
News Summary - Vaibhav Suryavanshi Shatters World Record
Next Story