യാരാ അന്ത പയ്യൻ...ഞമ്മളെ ചെക്കനാ; അരേങ്ങറ്റത്തിൽ അഭിമാനമായി വിഘ്നേഷ് പുത്തൂർ
text_fieldsഇഷ്ടതാരമായ എം.എസ് ധോണി മത്സരശേഷം അഭിനന്ദിക്കുന്നതിന്റെ ചിത്രങ്ങൾ വിഘ്നേഷ് പുത്തൂർ ഇൻസ്റ്റഗ്രാമിൽ
പങ്കുവെച്ചപ്പോൾ
മലപ്പുറം: ‘മുംബൈയുടെ ആദ്യ മത്സരത്തിന് തൊട്ടുമുമ്പ് വിഘ്നേഷ് വിളിച്ചിരുന്നു. ആദ്യ കളിക്ക് ഇറങ്ങാൻ സാധ്യതയില്ലെന്നും ടീമിനായി പ്രാർഥിക്കണമെന്നും പറഞ്ഞു. മകന്റെ ടീമിന്റെ ആദ്യകളി ടി.വിയിൽ കണ്ടിരിക്കെ അപ്രതീക്ഷിതമായാണ് അവൻ പന്തെറിയാൻ എത്തിയത്. ആ നിമിഷം വല്ലാത്തൊരു സന്തോഷമായിരുന്നു.
അരങ്ങേറ്റത്തിൽ തന്നെ മൂന്ന് വിക്കറ്റുമെടുത്ത് അവൻ താരമായെന്നത് ഇപ്പോഴും ഒരു സ്വപ്നം പോലെ തോന്നുന്നു’ -മുംബൈ ഇന്ത്യൻസ് താരം വിഘ്നേഷ് പുത്തൂരിന്റെ അമ്മ ബിന്ദു മത്സരശേഷം ‘മാധ്യമ’ത്തോട് പങ്കുവെച്ച വാക്കുകളിൽ ആ ആഹ്ലാദം പ്രകടമാണ്. മലപ്പുറത്തെ ഒരു ഗ്രാമത്തിലെ സാധാരണ കുടുംബത്തിൽ നിന്ന് ഐ.പി.എൽ ടീമിലേക്ക് പറന്നെത്തിയ ആ മകനെക്കുറിച്ച് പറയുമ്പോൾ അമ്മയുടെ ഒാരോ വാക്കിലും അഭിമാനത്തിന്റെയും സന്തോഷത്തിന്റെയും അലയടികൾ കേൾക്കാമായിരുന്നു.
ആദ്യ ഇലവനിൽ ഇടം പിടിക്കാതിരുന്ന വിഘ്നേഷിനെ രോഹിത് ശർമക്ക് പകരം ഇംപാക്ട് പ്ലെയറായാണ് ഉൾപ്പെടുത്തിയത്. രോഹിതിന് ചെറിയ പരിക്കേറ്റതാണ് വിഘ്നേഷിനെ കളിപ്പിക്കാമെന്ന തീരുമാനത്തിലെത്തിച്ചതെന്നും അമ്മ ബിന്ദു പറഞ്ഞു.
ആദ്യ ഏഴ് ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 74 റൺസെന്ന നിലയിൽ ചെന്നൈ സൂപ്പർ കിങ്സ് കുതിക്കുമ്പോഴാണ് ഇടംകൈ റിസ്റ്റ് സ്പിന്നറായ വിഘേ്നേഷിനെ മുംബൈ നായകൻ സൂര്യകുമാർ യാദവ് വിശ്വസിച്ച് പന്തേൽപ്പിച്ചത്. തന്നെ ഏൽപ്പിച്ച ദൗത്യം നായകൻ പ്രതീക്ഷിക്കുന്നതിലും വേഗത്തിൽ നിറവേറ്റാൻ മലയാളി താരത്തിന് കഴിഞ്ഞു.
മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും ടീമിനെ വിജയത്തിലെത്തിക്കാൻ കഴിയാത്ത വിഷമം അവനുണ്ടായിരുന്നെന്ന് പിതാവ് സുനിൽ പറഞ്ഞു. മകന്റെ പ്രകടനത്തിൽ ഏറെ അഭിമാനം കൊള്ളുന്നുവെന്നും അവന്റെ മത്സരം നേരിൽ കാണാൻ കുടുംബത്തിനൊപ്പം പോവുമെന്നും പിതാവ് ‘മാധ്യമ’ത്തോട് പ്രതികരിച്ചു.
ഓട്ടോ ഡ്രൈവറുടെ മകൻ
ഓട്ടോറിക്ഷ ഡ്രൈവറായ പെരിന്തല്മണ്ണ കുന്നപ്പള്ളി പുത്തൂർവീട്ടിൽ പി. സുനിലിന്റെയും കെ.പി. ബിന്ദുവിന്റെയും മകനായ വിഘ്നേഷിന് ക്രിക്കറ്റില് പാരമ്പര്യങ്ങളൊന്നും പറയാനില്ല. ആറാം ക്ലാസ് മുതലാണ് വിഘ്നേഷ് ക്രിക്കറ്റ് കളിയിലേക്ക് ആകൃഷ്ടനാവുന്നത്. പ്രദേശവാസി ഷരീഫാണ് നാട്ടിലെ കളി കണ്ട് വിഘ്നേഷിലെ കഴിവ് തിരിച്ചറിഞ്ഞ് പെരിന്തൽമണ്ണയിലെ ക്രിക്കറ്റ് പരിശീലകനായ വിജയന്റെ അടുത്തെത്തിക്കുന്നത്.
കേരളത്തിനായി അണ്ടർ 14, 19, 23 വിഭാഗങ്ങളിൽ കളിച്ചു. കഴിഞ്ഞ വർഷം നടന്ന പ്രഥമ കേരള ക്രിക്കറ്റ് ലീഗിൽ ആലപ്പി റിപ്പിൾസിൽ കളിക്കാൻ അവസരം ലഭിച്ചത് വഴിത്തിരിവായി. ക്രിക്കറ്റിൽ ഏറെ പേരുകേട്ട ചൈനാമാൻ ബൗളിങ്ങാണ് പിന്തുടരുന്നത്. അരങ്ങേറ്റത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച വിഘ്നേഷിനെ മുംബൈ ടീം ഡ്രസിങ് റൂമിൽ വെച്ച് അഭിനന്ദിച്ചിരുന്നു.
മത്സരത്തിൽ ടീമിലെ മികച്ച ബൗളർക്കുള്ള അവാർഡ് ഉടമ നിത അംബാനി വിഘ്നേഷിന് നൽകി. അവാർഡ് ഏറ്റുവാങ്ങിയതിന് ശേഷം നിതയുടെ കാൽ തൊട്ടുവഴങ്ങിയ താരം നന്ദി പറയുകയും ചെയ്തു. ഇത്രയും വലിയ താരങ്ങളുടെയൊപ്പം കളിക്കാൻ സാധിക്കുമെന്ന് കരുതിയിരുന്നില്ലെന്നും എല്ലാവർക്കും നന്ദിയെന്നും 24കാരൻ പറഞ്ഞു.