ജയ്സ്വാൾ നൽകിയ കേക്ക് ആസ്വദിച്ച് കഴിച്ച് കോഹ്ലി; കഴിക്കാതെ ഒഴിഞ്ഞുമാറി രോഹിത്, ചിരി പടർത്തി താരത്തിന്‍റെ മറുപടി -വിഡിയോ
text_fieldsവിശാഖപട്ടണം: ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കിയതിനു പിന്നാലെ ഇന്ത്യൻ ടീമിന് ഹോട്ടലിൽ ഒരുക്കിയ ആഘോഷത്തിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. ഹോട്ടൽ ജീവനക്കാർ ഒരുക്കിയ കേക്ക് മുറിച്ചായിരുന്നു ടീമിന്‍റെ വിജയാഘോഷം. ഏകദിനത്തിൽ കന്നി സെഞ്ച്വറി നേടിയ യശസ്വി ജയ്സ്വാളാണ് കേക്ക് മുറിച്ചത്.
സൂപ്പർ താരം വിരാട് കോഹ്ലിക്കാണ് താരം ആദ്യം കേക്ക് നൽകിയത്. ആരോഗ്യത്തിൽ വളരെയധികം ശ്രദ്ധിക്കുന്ന കോഹ്ലി സാധാരണ മധുരം ഒഴിവാക്കുന്നതാണ് പതിവ്. എന്നാൽ, ജയ്സ്വാൾ നൽകിയ കേക്ക് കോഹ്ലി ആസ്വദിച്ചു കഴിച്ചു. ഭക്ഷണം കർശനമായി നിയന്ത്രിക്കുകയും ഡയറ്റും ശീലമാക്കിയ താരമാണ് കോഹ്ലി. ട്വന്‍റി20, ടെസ്റ്റ് ക്രിക്കറ്റിൽനിന്ന് വിരമിച്ച കോഹ്ലി തന്‍റെ ഫിറ്റ്നസ് നിലനിർത്തനായി കഠിന പരിശീലനം നടത്തുന്നുണ്ട്.
പിന്നീട് ടീമിലെ തന്നെ മറ്റൊരു വെറ്ററൻ താരമായ രോഹിത് ശർമക്കാണ് താരം കേക്ക് നൽകിയത്. എന്നാൽ, താരം അത് വാങ്ങാൻ കൂട്ടാക്കിയില്ല. ‘ഞാൻ വീണ്ടും തടിവെക്കും’ എന്ന് പറഞ്ഞ് രോഹിത് വേഗം മുറിയിലേക്ക് പോയി. ഇത് കേട്ട് ചുറ്റും കൂടി നിന്നവർ ചിരിക്കുന്നതും വിഡിയോയിൽ കാണാം. ഫിറ്റ്നസിന്റെ പേരിൽ രോഹിത് വലിയ വിമർശനം നേരിട്ടിരുന്നു. ടെസ്റ്റിൽനിന്ന് വിരമിച്ചതിനു പിന്നാലെ കർശന ഡയറ്റിലൂടെയും പരിശീലനത്തിലൂടെയും പത്തു കിലോയാണ് താരം കുറച്ചത്. ചാപ്യൻസ് ട്രോഫി വിജയിച്ച ശേഷമുള്ള അവധി കഴിഞ്ഞാണ് രോഹിത് ഫിറ്റ്നസ് മെച്ചപ്പെടുത്താനുള്ള പരിശീലനം തുടങ്ങിയത്.
ഇന്ത്യൻ ടീം പരിശീലക സംഘത്തിലുണ്ടായിരുന്ന അഭിഷേക് നായർക്കു കീഴിലായിരുന്നു രോഹിതിന്റെ പരിശീലനം. കേക്കിന്‍റെ ചെറിയൊരു കഷണം പോലും കഴിക്കാൻ വിസമ്മതിച്ച താരം, ഇപ്പോൾ ഫിറ്റ്നസിന് വലിയ പ്രധാന്യമാണ് കൊടുക്കുന്നത്. ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിൽ രണ്ടു അർധ സെഞ്ച്വറികളടക്കം 146 റൺസാണ് രോഹിത് നേടിയത്. റാഞ്ചിയിൽ 51 പന്തിൽ മൂന്നു സിക്സും ഏഴു ഫോറുമടക്കം 57 റൺസെടുത്തു. മുൻ പാകിസ്താൻ താരം ഷഹീദ് അഫ്രീദിയുടെ റെക്കോഡ് മറികടന്ന് ഏകദിന ചരിത്രത്തിൽ ഏറ്റവും കൂടുതൽ സിക്സുകൾ നേടുന്ന താരമായി രോഹിത്. രണ്ടാം മത്സരത്തിൽ 14 റൺസിനു പുറത്തായെങ്കിലും വിശാഖപട്ടണത്തെ നിർണായക മത്സരത്തിൽ 73 പന്തിൽ 75 റൺസെടുത്തു.
കരിയറിലെ 61ാം അർധ സെഞ്ച്വറിയാണിത്. ജയ്സ്വാളിനൊപ്പം ഒന്നാം വിക്കറ്റിൽ നേടിയ 155 റൺസിന്‍റെ കൂട്ടുകെട്ടാണ് ഇന്ത്യൻ വിജയത്തിന് അടിത്തറപാകിയത്. കരിയറിൽ മറ്റൊരു നാഴികക്കല്ല് കൂടി താരം പിന്നിട്ടു. അന്താരാഷ്ട്ര ക്രിക്കറ്റിൽ 20,000 റൺസ് ക്ലബിലെത്തുന്ന നാലാമത്തെ മാത്രം ഇന്ത്യൻ താരമായി രോഹിത്. ഇതിഹാസ താരം സചിൻ തെണ്ടുൽക്കർ (34,357 റൺസ്), വിരാട് കോഹ്ലി (27,910), രാഹുൽ ദ്രാവിഡ് (24,208) എന്നിവരാണ് ഈ നേട്ടം കൈവരിച്ച മറ്റു ഇന്ത്യൻ താരങ്ങൾ. അന്താരാഷ്ട്ര ക്രിക്കറ്റിലെ റൺവേട്ടയിൽ മുൻ ദക്ഷിണാഫ്രിക്കൻ താരം എ ബി ഡിവില്ലിയേഴ്സിനെ (20014 റൺസ്) മറികടന്ന് 13ാം സ്ഥാനത്തെത്താനും രോഹിത്തിന് കഴിഞ്ഞു.


