കോഹ്ലി ഇനി രണ്ടാമൻ! ഏകദിനത്തിലെ റൺവേട്ടക്കാരിൽ സംഗക്കാരയെ മറികടന്നു; ആദ്യ രണ്ടിലും ഇന്ത്യക്കാർ
text_fieldsവിരാട് കോഹ്ലി
സിഡ്നി: ആസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിൽ അർധ സെഞ്ച്വറിയുമായി തിളങ്ങിയ സൂപ്പർ ബാറ്റർ വിരാട് കോഹ്ലി ഏകദിന ക്രിക്കറ്റിലെ റൺവേട്ടക്കാരിൽ ഇനി രണ്ടാമൻ. ശ്രീലങ്കൻ ഇതിഹാസം കുമാർ സംഗക്കാരയെയാണ് കോഹ്ലി മറികടന്നത്. 36കാരനായ കോഹ്ലിക്കു മുന്നിൽ ബാറ്റിങ് ഇതിഹാസം സചിൻ തെണ്ടുൽക്കൽ മാത്രം.
ഓസീസിനെതിരായ ആദ്യ രണ്ടു മത്സരങ്ങളിൽ പൂജ്യത്തിന് പുറത്തായതിന്‍റെ നിരാശ സിഡ്നി ക്രിക്കറ്റ് ഗൗണ്ടിൽ കോഹ്ലി തീർത്തു. 81 പന്തിൽ ഏഴു ഫോറടക്കം 74 റൺസുമായി താരം പുറത്താകാതെ നിന്നു. ഇതോടെ 305 മത്സരങ്ങളിൽനിന്ന് താരത്തിന്‍റെ സമ്പാദ്യം 14,243 റൺസായി. 404 മത്സരങ്ങളിൽനിന്ന് സംഗക്കാര നേടിയ 14,234 റൺസെന്ന റെക്കോഡാണ് താരം മറികടന്നത്. ഒന്നാമതുള്ള സചിൻ 463 മത്സരങ്ങളിൽനിന്ന് 18,426 റൺസാണ് നേടിയത്. റിക്കി പോണ്ടിങ്ങാണ് (375 മത്സരങ്ങളിൽ 13,704 റൺസ്) നാലാമത്.
ഏകദിനത്തിൽ ഏറ്റവും കൂടുതൽ സെഞ്ച്വറികൾ കോഹ്ലിയുടെ പേരിലാണ്, 51 സെഞ്ച്വറികൾ. 2023 ഏകദിന ലോകകപ്പിലാണ് സചിന്‍റെ 49 ഏകദിന സെഞ്ച്വറികളെന്ന റെക്കോഡ് കോഹ്ലി മറികടന്നത്. ഏകദിനത്തിൽ 75 അർധ സെഞ്ച്വറികളും കോഹ്ലിയുടെ പേരിലുണ്ട്. വൈറ്റ് ബാൾ ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ റെക്കോഡ് കോഹ്ലിക്കാണ്. ട്വന്‍റി20 ക്രിക്കറ്റിലെ 4188 റൺസ് കൂടി കൂട്ടിയാൽ സചിനെ മറികടക്കും (18,437 റൺസ്). ഒരു ട്വന്‍റി20 അന്താരാഷ്ട്ര മത്സരം മാത്രം കളിച്ചിട്ടുള്ള സചിൻ 10 റൺസാണ് നേടിയത്.
കോഹ്ലിക്കു പുറമെ മുൻ നായകൻ രോഹിത് ശർമ നേടിയ അപരാജിത അർധ സെഞ്ച്വറി കൂടിയാണ് ഇന്ത്യക്ക് ഗംഭീര വിജയമൊരുക്കിയത്. രണ്ടാം വിക്കറ്റിൽ ഒന്നിച്ച ഇരുവരും 168 റൺസിന്റെ ഉജ്വല കൂട്ടുകെട്ടുമായാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. ഓപണറായി ക്രീസിലെത്തിയ രോഹിത് 125 പന്തിൽ മൂന്നു സിക്സും 13 ഫോറുമടക്കം 121 റൺസുമായി പുറത്താകാതെ നിന്നു. താരത്തിന്റെ 33ാം ഏകദിന സെഞ്ച്വറി കൂടിയാണിത്. ആദ്യം ബാറ്റു ചെയ്ത ആസ്ട്രേലിയ പടുത്തുയർത്തിയ 236 റൺസ് എന്ന ലക്ഷ്യം ഇന്ത്യ അനായാസം മറികടക്കുകയായിരുന്നു. 46.4 ഓവറിൽ ആസ്ട്രേലിയൻ നിര പുറത്തായി.
ഇന്ത്യക്ക് 38.3 ഓവറിൽ രോഹിതിന്റെയും കോഹ്‍ലിയുടെയും ബാറ്റിങ് മികവിൽ ലക്ഷ്യം മറികടക്കാൻ കഴിഞ്ഞു. അർധ സെഞ്ച്വറി നേടിയ മാറ്റ് റെൻഷോയാണ് (56) ആതിഥേയരുടെ ടോപ് സ്കോറർ. മധ്യ ഓവറുകളിൽ ഇന്ത്യൻ ബൗളർമാർ അവസരത്തിനൊത്ത് ഉയർന്നതോടെ വമ്പൻ സ്കോർ അടിച്ചെടുക്കാമെന്ന ഓസീസ് മോഹം പൊലിയുകയായിരുന്നു. നാല് വിക്കറ്റ് പിഴുത ഹർഷിത് റാണ പരിശീലകൻ ഗംഭീറിന്‍റെ പ്രതീക്ഷ കാത്തു. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ആസ്ട്രേലിയക്കായി മുൻനിര ബാറ്റർമാർ മികച്ച തുടക്കമാണ് നൽകിയത്. ക്യാപ്റ്റൻ മിച്ചൽ മാർഷും ട്രാവിസ് ഹെഡും ചേർന്ന് ആദ്യ വിക്കറ്റിൽ അർധ സെഞ്ച്വറി കൂട്ടുകെട്ടൊരുക്കി. ഒമ്പതാം ഓവറിൽ സ്കോർ 61ൽ നിൽക്കേ, 29 റൺസടിച്ച ഹെഡിനെ പുറത്താക്കി മുഹമ്മദ് സിറാജ് ഈ കൂട്ടുകെട്ട് തകർത്തു. 16-ാം ഓവറിൽ മാർഷിനെ (41) അക്സർ പട്ടേൽ ക്ലീൻ ബൗൾഡാക്കി. ഇതോടെ സ്കോർ രണ്ടിന് 88. ക്ഷമയോടെ കളിച്ച മാത്യു ഷോർട്ടിനെ വാഷിങ്ടൺ സുന്ദർ വിരാട് കോഹ്ലിയുടെ കൈകളിലെത്തിച്ചു. 52 പന്തിൽ 41 റൺസാണ് താരത്തിന്‍റെ സമ്പാദ്യം.
മാറ്റ് റെൻഷോക്കൊപ്പം അർധ സെഞ്ച്വറി കൂട്ടുകെട്ടൊരുക്കിയ അസക്സ് കാരി (24), ഹർഷിത് റാണയുടെ പന്തിൽ ശ്രേയസ് അയ്യർക്ക് ക്യാച്ച് സമ്മാനിച്ച് കൂടാരം കയറി. അർധ സെഞ്ച്വറി പിന്നിട്ട റെൻഷോയെ 37-ാം ഓവറിൽ സുന്ദർ വിക്കറ്റിനു മുന്നിൽ കുരുക്കി. 58 പന്തിൽ 56 റൺസാണ് താരത്തിന്‍റെ സമ്പാദ്യം. പിന്നീടെത്തിയവരിൽ കൂപ്പർ കൊണോലിക്ക് (23) മാത്രമാണ് ഭേദപ്പെട്ട സ്കോർ കണ്ടെത്താനായത്. മിച്ചൽ ഓവൻ (1), മിച്ചൽ സ്റ്റാർക് (2), നേഥൻ എല്ലിസ് (16), ജോഷ് ഹെയ്സൽവുഡ് (0), ആദം സാംപ (2*) എന്നിങ്ങനെയാണ് മറ്റുള്ളവരുടചെ സ്കോർ. ഇന്ത്യക്കായി ഹർഷിത് നാല് വിക്കറ്റ് നേടിയപ്പോൾ രണ്ട് വിക്കറ്റ് സുന്ദർ സ്വന്തമാക്കി.


