‘സഞ്ജു ആ റോളിൽ കളിക്കുന്നത് കാണാനായി കാത്തിരിക്കുന്നു...’; താരത്തിന് പിന്തുണയുമായി മുൻ ഇന്ത്യൻ സ്പിന്നർ
text_fieldsകട്ടക്ക് (ഒഡിഷ): ദക്ഷിണാഫ്രിക്കക്കെതിരായ ട്വന്‍റി20 പരമ്പരയിലെ ആദ്യ മത്സരം ഇന്ന് രാത്രി ഏഴിന് ഒഡിഷയിലെ കട്ടക്കിൽ നടക്കാനിരിക്കെ, സൂപ്പർതാരം സഞ്ജു സാംസൺ പ്ലെയിങ് ഇലവനിൽ ഉണ്ടാകുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ. രണ്ടു മാസം മാത്രം അകലെ നിൽക്കുന്ന ട്വന്‍റി20 ലോകകപ്പിനുള്ള സന്നാഹ മത്സരം കൂടിയാണ് ഇന്ത്യക്ക് പരമ്പര.
ലോകകപ്പിനു മുന്നോടിയായി 10 ട്വന്‍റി20 മത്സരങ്ങളാണ് ഇന്ത്യക്കുള്ളത്. അതിൽ അഞ്ചെണ്ണവും കളിക്കുന്നത് പ്രോട്ടീസിനെതിരെ ഈ പരമ്പരയിലാണ്. അതുകൊണ്ടു തന്നെ ഈ പരമ്പരയിലെ പ്രകടനം ടീമിൽ സ്ഥാനം ഉറപ്പിക്കാൻ പല താരങ്ങൾക്കും നിർണായകമാണ്. വൈസ് ക്യാപ്റ്റനായുള്ള ശുഭ്മൻ ഗില്ലിന്‍റെ ട്വന്‍റി20 ഫോർമാറ്റിലേക്കുള്ള മടങ്ങിവരവോടെയാണ് സഞ്ജുവിന്‍റെ ടീമിലെ സ്ഥാനം തന്നെ ചോദ്യചിഹ്നമായത്. ഏഷ്യ കപ്പിൽ അഭിഷേക് ശർമക്കൊപ്പം ഓപ്പണിങ്ങിൽ ഗിൽ എത്തിയതോടെ മധ്യനിരയിലായി സഞ്ജുവിന്‍റെ സ്ഥാനം.
താരത്തിന് മധ്യനിരയിൽ ഇതുവരെ തിളങ്ങാനായിട്ടില്ല. പിന്നാലെ ഒക്ടോബറിൽ ഓസീസിനെതിരായ പരമ്പരയിൽ ഒരു മത്സരത്തിൽ മൂന്നാം നമ്പറിൽ ഇറക്കിയെങ്കിലും അവസാന രണ്ടു മത്സരങ്ങളിൽ താരം പ്ലെയിങ് ഇലവനിൽനിന്ന് പുറത്തായി. വിക്കറ്റ് കീപ്പറായി ജിതേഷ് ശർമയാണ് കളിച്ചത്. 2024 കലണ്ടർ വർഷം ഇന്ത്യക്കായി ട്വന്‍റി20യിൽ മൂന്നു സെഞ്ച്വറികളാണ് സഞ്ജു നേടിയത്. ഇതിൽ രണ്ടെണ്ണവും പ്രോട്ടീസിനെതിരെ അവരുടെ മണ്ണിലായിരുന്നു. സഞ്ജുവിനെ മധ്യനിരയിലേക്ക് മാറ്റിയ നടപടിയെ ചോദ്യം ചെയ്ത് പലരും രംഗത്തുവന്നിരുന്നു.
ഇതിനിടെയാണ് ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിൽ സഞ്ജുവിനെ മൂന്നാം നമ്പറിൽ കളിപ്പിക്കണമെന്ന ആഗ്രവുമായി മുൻ ഇന്ത്യൻ സ്പിൻ ഇതിഹാസം ആർ. അശ്വിൻ രംഗത്തുവന്നത്. മൂന്ന്, നാല് നമ്പറുകളില്‍ സാധാരണ സൂര്യകുമാർ, തിലക് വര്‍മ എന്നിവരാണ് കളിക്കാറുള്ളത്. ‘ലോകകപ്പ് ആസന്നമായതിനാൽ ഓരോരുത്തരുടെയും റോളുകള്‍ ഉറപ്പിക്കേണ്ട സമയമായിരിക്കുന്നു. സഞ്ജുവിന് മൂന്നാം സ്ഥാനത്ത് അവസരം നല്‍കുമോ, അതോ സൂര്യകുമാറിനെയും തിലകിനെയും മൂന്നിലും നാലിലും കളിപ്പിക്കുമോ എന്ന് എനിക്ക് കാണാന്‍ ആഗ്രഹമുണ്ട്. ആസ്ട്രേലിയയില്‍ അവര്‍ സഞ്ജുവിനെ ഈ സ്ഥാനത്ത് കളിപ്പിച്ചു. ഗില്‍ വന്നതോടെ ബാറ്റിങ് ഓര്‍ഡറിൽ മാറ്റംവന്നു’ -അശ്വിൻ പറഞ്ഞു.
സഞ്ജുവിനെ ഓപണര്‍-കം കീപ്പര്‍ ആയാണ് കളിപ്പിച്ചത്. ഗിൽ എത്തിയതോടെ സഞ്ജുവിന് ആ സ്ഥാനം നഷ്ടമായിരിക്കുന്നു. അതിനാല്‍ ബാറ്റിങ് ഓര്‍ഡറില്‍ ഒരു കീപ്പര്‍-കം ഫിനിഷറെ ഉള്‍പ്പെടുത്തേണ്ടി വരുമെന്നും അശ്വിന്‍ ചൂണ്ടിക്കാട്ടി. ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യ പരിക്കിന്റെ ഇടവേള കഴിഞ്ഞ് ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. ഗില്ലും ഫിറ്റ്നസ് വീണ്ടെടുത്തതോടെ അഭിഷേക് ശർമക്കൊപ്പം സഞ്ജു ഓപൺ ചെയ്യാനുള്ള സാധ്യത പൂർണമായി അടഞ്ഞു. ഗില്ലായിരിക്കും ഇന്നിങ്സ് തുറക്കുകയെന്ന് ക്യാപ്റ്റൻ സൂര്യതന്നെ വ്യക്തമാക്കിയിട്ടുണ്ട്.
അന്തിമ ഇലവനിൽ സഞ്ജു ഉണ്ടാവുമോയെന്നതാണ് അടുത്ത ചോദ്യം. സഞ്ജുവിന്റെയും ജിതേഷ് ശർമയുടെയും സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ പ്രകടനമാണ് മാനദണ്ഡമാക്കുന്നതിൽ ഇന്ന് അവസരം ലഭിക്കേണ്ടത് കേരള നായകനാണ്. ഗിൽ ഓപണറാവുന്ന പക്ഷം സഞ്ജു മധ്യനിരയിലേക്ക് ഇറങ്ങേണ്ടിവരും. സൂര്യ കഴിഞ്ഞ 20 മത്സരങ്ങൾക്കിടെ ഒരു അർധശതകം പോലും നേടിയിട്ടില്ലാത്തതിനാൽ ഫോം തെളിയിക്കേണ്ടത് അനിവാര്യമായിരിക്കുന്നു. അല്ലാത്ത പക്ഷം ടീമിൽനിന്ന് പുറത്താവാനിടയുണ്ട്.


