‘ജഡ്ഡൂ.. ബ്രൂക്കിനും ഡക്കറ്റിനുമെതിരെ നിങ്ങൾക്ക് സെഞ്ച്വറി അടിക്കണോ?’; കളി നിർത്താമെന്ന് സ്റ്റോക്സ്, വിസമ്മതിച്ച് ഇന്ത്യൻ താരങ്ങൾ -VIDEO
text_fieldsമാഞ്ചസ്റ്റർ: ഓൾഡ് ട്രാഫോഡിൽ ഇന്നിങ്സ് തോൽവി മുന്നിൽകണ്ട ടീം ഇന്ത്യയുടെ തിരിച്ചുവരവ് ആവേശത്തോടെയാണ് ക്രിക്കറ്റ് ആരാധകർ കണ്ടത്. രണ്ടാം ഇന്നിങ്സിൽ സ്കോർ ബോർഡ് തുറക്കും മുമ്പ് രണ്ട് വിക്കറ്റ് നഷ്ടമായ ഇന്ത്യയെ, കെ.എൽ. രാഹുലും ക്യാപ്റ്റൻ ശുഭ്മൻ ഗില്ലും അതിമനോഹര കൂട്ടുകെട്ട് പടുത്തുയർത്തിയാണ് തിരികെ മത്സരത്തിലേക്കെത്തിച്ചത്. രാഹുൽ തൊണ്ണൂറും ഗിൽ 103 റൺസുമാണ് നേടിയത്. മൂന്നാം വിക്കറ്റിൽ 188 റൺസാണ് ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത്.
ഗിൽ പുറത്തായതിനു ശേഷം ക്രീസിലൊന്നിച്ച വാഷിങ്ടൺ സുന്ദറും രവീന്ദ്ര ജദേയും ചേർന്ന് അതിഥേയർ ഉയർത്തിയ ലീഡ് മറികടന്നതോടെ കളി ജയിക്കാനാകില്ലെന്ന് ഇംഗ്ലിഷ് ക്യാപ്റ്റൻ ബെൻ സ്റ്റോക്സിന് മനസ്സിലായി. ജദേജയും സുന്ദറും 80 റൺസ് പിന്നിട്ട് ക്രീസിൽ തുടരുമ്പോൾ, സ്റ്റോക്സ് ബാറ്റർമാരെ തന്ത്രപൂർവം സമീപിച്ചു.“ഞങ്ങൾ സമനിലക്ക് തയ്യാർ... അപ്പോ കൈ കൊടുത്തു പിരിയുകയല്ലേ?” സ്റ്റോക്സിന്‍റെ ആ ഓഫറിനു നേരെ ‘നോ’ പറയാൻ ജദേജക്ക് ഏറെയൊന്നും ചിന്തിക്കേണ്ടിയിരുന്നില്ല.
ഇന്ത്യൻ ബാറ്റർമാർ സെഞ്ച്വറി നേടുന്നത് തടയാനുള്ള ശ്രമം പാളിയെന്ന് മനസ്സിലാക്കിയ സ്റ്റോക്സ് പെട്ടെന്ന് നയംമാറ്റി. സെഞ്ച്വറി നേടണമെങ്കിൽ നേരത്തെ ബാറ്റ് ചെയ്യണമായിരുന്നുവെന്ന് “ജഡ്ഡൂ.. ബ്രൂക്കിനും ഡക്കറ്റിനുമെതിരെ നിങ്ങൾക്ക് സെഞ്ച്വറി അടിക്കണോ?” എന്നായിരുന്നു അയാളുടെ അടുത്ത ചോദ്യം. സെഞ്ച്വറി അടിക്കണമായിരുന്നെങ്കിൽ നേരത്തെ ഇറങ്ങാമായിരുന്നു എന്ന് ഉപദേശവും. ഏതായാലും കളി ഇപ്പോൾ നിർത്തുന്നില്ലെന്നായിരുന്നു ജദേജയുടെ മറുപടി. ബ്രൂക്കിനെതന്നെ സിക്സറിനു പറത്തി സെഞ്ച്വറി അടിച്ച താരം, തന്‍റെ സ്വതസിദ്ധമായ ആഘോഷം നടത്താനും മറന്നില്ല!
ജദേജക്ക് പുറമെ സുന്ദറും സെഞ്ച്വറി നേടിയാണ് കളി അവസാനിപ്പിച്ചത്. സുന്ദർ ടെസ്റ്റിലെ തന്‍റെ കന്നി സെഞ്ച്വറിയാണ് മാഞ്ചസ്റ്ററിൽ കുറിച്ചത്. ഒടുവിൽ ഇന്ത്യ നാലിന് 425 എന്ന നിലയിൽ നിൽക്കെയാണ് മത്സരം അവസാനിപ്പിച്ചത്. കളി നിർത്താനുള്ള തന്‍റെ ആവശ്യം നിരസിച്ച ഇന്ത്യൻ താരങ്ങളുടെ തീരുമാനത്തിൽ സ്റ്റോക്സ് അസ്വസ്ഥനായിരുന്നു. സ്റ്റോക്സിന്‍റെ സംഭാഷണത്തിനു ശേഷം അഞ്ചോവർ കൂടി ഇന്ത്യൻ താരങ്ങൾ ബാറ്റുചെയ്തു. മത്സരശേഷം തന്‍റെ എതിർപ്പ് സ്റ്റോക്സ് തുറന്നു പറയുകയും ചെയ്തു. അവർ സെഞ്ച്വറി നേടിയാലും മത്സര ഫലത്തിന് മാറ്റമൊന്നും വരാനില്ലല്ലോ എന്നായിരുന്നു ഇംഗ്ലണ്ട് നായകന്‍റെ വാദം. പാർട് ടൈം ബൗളർമാർക്കെതിരെ സെഞ്ച്വറി നേടുന്നതിൽ എന്ത് കാര്യമെന്നും സ്റ്റോക്സ് ചോദിച്ചു.
ഇംഗ്ലിഷ് നായകന്‍റെ ചില നേരത്തെ പെരുമാറ്റം കുട്ടികളെ പോലെയാണെന്ന് സഞ്ജയ് മഞ്ജ്രേക്കർ വിമർശിച്ചു. ഒരു മത്സരത്തിൽ എല്ലാം നിങ്ങൾക്ക് അനുകൂലമാകില്ലെന്നും ബാറ്റർമാർക്ക് തുടരാൻ താൽപര്യമുണ്ടെങ്കിൽ അത് അനുവദിക്കുന്നതിൽ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ സ്റ്റോക്സിനെ ന്യായീകരിച്ച മുൻ ഇംഗ്ലണ്ട് താരം ജൊനാതൻ ട്രോട്ട്, അത്തരമൊരു സാഹചര്യത്തിൽ വ്യക്തിഗത നേട്ടങ്ങൾക്ക് പ്രാധാന്യമില്ലെന്നും ഇംഗ്ലണ്ട് ആയിരുന്നെങ്കിൽ മത്സരം അവസാനിപ്പിച്ചേനെയെന്നും പറഞ്ഞു. അതേസമയം നാലാം ടെസ്റ്റ് സമനിലയിലായതോടെ ഇന്ത്യക്ക് പരമ്പര നേടാനുള്ള അവസരം ഇനിയില്ല. അഞ്ചാം ടെസ്റ്റ് ജയിച്ചാൽ പരമ്പര സമനിലയിലാക്കാം. നിലവിൽ 1-2ന് പിന്നിലാണ് ഇന്ത്യ.