ഐ.പി.എല്ലിൽ ഇന്ത്യൻ താരം നേടുന്ന രണ്ടാമത്തെ അതിവേഗ സെഞ്ച്വറി; ആരാണ് പ്രിയാൻഷ് ആര്യ?
text_fieldsലുധിയാന: ഇന്ത്യൻ ക്രിക്കറ്റിലെ പുതിയ താരത്തിന്‍റെ ഉദയമാണ് ചൊവ്വാഴ്ച മുല്ലൻപുർ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്നത്. ഒരുഘട്ടത്തിൽ ചീട്ടുകൊട്ടാരം പോലെ തകർന്ന പഞ്ചാബ് കിങ്സിന് പുതുജീവൻ നൽകി ഇന്നിങ്സ് പടുത്തുയർത്ത പ്രിയാൻഷ് ആര്യയെന്ന 25കാരനാണ് ആ താരം. അഞ്ചിന് 83 എന്ന നിലയിൽ തകർച്ച മുന്നിൽകണ്ട പഞ്ചാബിനെ 42 പന്തുകൾ നേരിട്ട് സ്വന്തമാക്കിയ 103 റൺസിലൂടെയാണ് പ്രിയാൻഷ് കരകയറ്റിയത്.
ഡൽഹിക്കാരനായ പ്രിയാൻഷ് കാണികളെ കൈയിലെടുത്തെന്നു മാത്രമല്ല, ഒരു ഇന്ത്യൻ താരം ഐ.പി.എല്ലിൽ നേടുന്ന വേഗമേറിയ രണ്ടാമത്തെ സെഞ്ച്വറിയെന്ന നേട്ടവും സ്വന്തം പേരിലാക്കി. കേവലം 39 പന്തിൽ നിന്നാണ് പ്രിയാൻഷ് മൂന്നക്കം തികച്ചത്. 2010ൽ 37 പന്തിൽ സെഞ്ച്വറി നേടിയ യൂസഫ് പഠാൻ മാത്രമാണ് പ്രിയാൻഷിന് മുന്നിലുള്ളത്. എന്നാൽ ഐ.പി.എല്ലിലെ അതിവേഗ സെഞ്ച്വറിക്കാരിൽ രണ്ട് വിദേശ താരങ്ങൾ പ്രിയാൻഷിന് മു്നനിലുണ്ട്. യൂണിവേഴ്സൽ ബോസായ ക്രിസ് ഗെയിലും പ്രോട്ടീസ് താരമായ ഡേവിഡ് മില്ലറുമാണത്.
ഐ.പി.എല്ലിലെ വേഗമേറിയ സെഞ്ച്വറികൾ
- ക്രിസ് ഗെയ്ൽ (2013ൽ പുണെ വാരിയേഴ്സിനെതിരെ 30 പന്തിൽ)
- യൂസഫ് പഠാൻ (2010ൽ മുംബൈ ഇന്ത്യൻസിനെതിരെ 37 പന്തിൽ)
- ഡേവിഡ് മില്ലർ (2013ൽ റോയൽ ചാലഞ്ചേഴ്സിനെതിരെ 38 പന്തിൽ)
- ട്രാവിസ് ഹെഡ് (2024ൽ റോയൽ ചാലഞ്ചേഴ്സിനെതിരെ 39 പന്തിൽ)
- പ്രിയാൻഷ് ആര്യ (2025ൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ 39 പന്തിൽ)
നേരത്തെ ഡൽഹി പ്രീമിയർ ലീഗിലെ (ഡി.പി.എൽ) തകർപ്പൻ പ്രകടനത്തോടെയാണ് പ്രിയാൻഷ് ആര്യക്ക് മേൽ ഐ.പി.എൽ ഫ്രാഞ്ചൈസികളുടെ കണ്ണുടക്കിയത്. ഡി.പി.എല്ലിലെ ഒരു മത്സരത്തിൽ താരം ഒരോവറിലെ ആറ് പന്തിലും സിക്സറടിക്കുകയും ഇന്നിങ്സിൽ 50 പന്തിൽ 120 റൺസ് സ്കോർ ചെയ്യുകയും ചെയ്തിരുന്നു. ഈ പ്രകടനത്തോടെ പ്രിയാൻഷ് 30 ലക്ഷം അടിസ്ഥാന വിലയോടെ മെഗാലേലത്തിന് ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ടു. ലേലത്തിൽ 3.8 കോടിക്കാണ് പഞ്ചാബ് താരത്തെ സ്വന്തമാക്കിയത്.
ഇതിനു മുമ്പ് സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ (2024-25) ഡൽഹിയുടെ ടോപ് സ്കോററായിരുന്നു പ്രിയാൻഷ്. ടൂർണമെന്‍റിൽ യു.പിക്കെതിരെ 43 പന്തിൽ 102 റൺസ് നേടിയിരുന്നു. 2001ൽ ജനിച്ച പ്രിയാൻഷ്, 2021 മുതൽ ഡൽഹിക്കായി സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കളിക്കുന്നുണ്ട്. 2023ൽ ലിസ്റ്റ് എ ക്രിക്കറ്റിലും അരങ്ങേറ്റം കുറിച്ചു. നിർഭയനായി ബൗളർമാരെ നേരിടുന്ന താരത്തെ അഭിനന്ദിച്ച് ആർ. അശ്വിൻ ഉൾപ്പെടെ രംഗത്തെത്തിയിരുന്നു. അരങ്ങേറ്റ സീസണിൽ തന്നെ സെഞ്ച്വറി നേടി മനിഷ് പാണ്ഡെ, പോൾ വാൽത്താട്ടി, യശസ്വി ജയ്സ്വാൾ എന്നിവരുൾപ്പെട്ട പട്ടികയിൽ ഇടം നേടാനും പ്രിയാൻഷിനായി.