Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightവനിത താരങ്ങളുടെ...

വനിത താരങ്ങളുടെ ബ്രാൻഡ് വാല്യു കുതിച്ചുയരും; പരസ്യത്തിന് വലിയ പ്രതിഫലം ലഭിക്കുമെന്ന് റിപ്പോർട്ട്

text_fields
bookmark_border
വനിത താരങ്ങളുടെ ബ്രാൻഡ് വാല്യു കുതിച്ചുയരും; പരസ്യത്തിന് വലിയ പ്രതിഫലം ലഭിക്കുമെന്ന് റിപ്പോർട്ട്
cancel
camera_alt

ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീം (Photo: X/ @BCCIWomen)

മുംബൈ: കഴിഞ്ഞ ദിവസം നടന്ന വനിത ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയെ കീഴടക്കിയാണ് ഇന്ത്യ കിരീടം ചൂടിയത്. ഹർമൻപ്രീത് കൗറും സംഘവും മികച്ച പോരാട്ടത്തിലൂടെയാണ് ഇന്ത്യയുടെ ആദ്യ ലോകകപ്പ് ഉയർത്തിയത്. കിരീട നേട്ടത്തോടെ ടീമിലെ താരങ്ങളിൽ പലരുടെയും ബ്രാൻഡ് വാല്യു 35 ശതമാനം വരെ ഉയർന്നേക്കുമെന്ന് ബിസിനസ് സ്റ്റാൻഡേഡ് റിപ്പോർട്ട് ചെയ്തു. പരസ്യങ്ങൾക്ക് ഉൾപ്പെടെ ഇനി താരങ്ങൾക്ക് വലിയ പ്രതിഫലം ലഭിക്കുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

1983ൽ കപിൽ ദേവും സംഘവും ഇന്ത്യക്കായി ലോകകപ്പ് നേടിയതിനു സമാനമാണ് വനിത ടീമിന്‍റെ നേട്ടമെന്ന് വിദഗ്ധർ വിലയിരുത്തുന്നു. ടീമിലേക്ക് അവസാന രണ്ട് മത്സരങ്ങൾക്കായി അപ്രതീക്ഷിതമായെത്തിയ ഷഫാലി വർമ (ഫൈനലിലെ താരം), ടൂർണമെന്‍റിലുടനീളം ഓൾറൗണ്ട് പ്രകടനം കാഴ്ചവെച്ച ദീപ്തി ശർമ (ടൂർണമെന്‍റിലെ താരം), ഇന്ത്യക്കുവേണ്ടി ഏറ്റവുമധികം റൺസ് അടിച്ചെടുത്ത സ്മൃതി മന്ദാന, സെമിയിൽ ഓസീസ് പ്രതീക്ഷകൾ തച്ചുടച്ച ജെമീമ റോഡ്രിഗസ് എന്നിവരുടെയെല്ലാം പ്രകടനം ഇന്ത്യയുടെ കിരീടനേട്ടത്തിൽ നിർണായകമായി.

ദീപ്തി ശർമ, ഷഫാലി, ജെമീമ എന്നിവരുടെ ബ്രാൻഡ് വാല്യു 20 മുതൽ 30 ശതമാനം വരെ ഉയരുമെന്ന് സ്പോർട്സ് മാർക്കറ്റിങ് കമ്പനിയായ ബേസ്‌ലൈൻ വെഞ്ചേഴ്സിന്‍റെ സഹസ്ഥാപകൻ വിശാൽ ജയ്സന്‍ അഭിപ്രായപ്പെടുന്നു. പേഴ്സനൽ കെയർ, ഫാഷൻ പോലെ പതിവ് പരസ്യങ്ങളിൽ മാത്രമായി ഇനി ഇന്ത്യൻ താരങ്ങളെ ഒതുക്കാനാകില്ല. ബാങ്കിങ്, ഫിനാൻഷ്യൽ സേവനങ്ങൾ, ഇൻഷുറൻസ്, ടെക്നോളജി തുടങ്ങിയ മേഖലകളിലൊക്കെയും പരസ്യങ്ങൾ ഇവരെ തേടിയെത്തും

വനിത ക്രിക്കറ്റിന് ഒരു നാഴികക്കല്ലാണിത്. അവർക്കുണ്ടായ നേട്ടങ്ങൾ മാത്രമല്ല അതിന് കാരണം. ഈ നേട്ടത്തിൽ പ്രചോദനം ഉൾക്കൊണ്ട് അനേകം കുട്ടികൾ സ്പോർട്സിലേക്ക് വരും. സീനിയർ താരങ്ങളായ ക്യാപ്റ്റൻ ഹർമൻപ്രീതിന്‍റെയും വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാനയുടെയും ബ്രാൻഡ് വാല്യു 35 ശതമാനം വരെ ഉയരും. റിപ്പോർട്ടുകൾ പ്രകാരം 32 മുതൽ 35 കോടി രൂപവരെയാണ് സ്മൃതി മന്ദാനയുടെ ആസ്തി. ഹർമൻപ്രീതിന്‍റേത് 25 കോടിയും. അതേസമയം പുരുഷ താരങ്ങളിൽ ഒന്നാമതുള്ള വിരാട് കോഹ്ലിക്ക് കഴിഞ്ഞ വർഷത്തെ കണക്കുകൾ പ്രകാരം 231 ദശലക്ഷം ഡോളറിന്‍റെ ബ്രാൻഡ് വാല്യുവുണ്ട്. 102.9 മില്യൻ ഡോളറാണ് എം.എസ്. ധോണിയുടെ ബ്രാൻഡ് വാല്യു.

ബി.സി.സി.ഐ വക 51 കോടി

കിരീടംനേടിയ ഇന്ത്യൻ ടീമിന് ​ഐ.സി.സിയുടെ സമ്മാനത്തുകയായ 39 കോടി രൂപക്ക് (44.8 ലക്ഷം ഡോളർ) പുറമെ, ബി.സി.സി.ഐയുടെ വക 51 കോടി രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്. സ്മൃതി മന്ദാനയും ഹർമൻ പ്രീതും ഉൾപ്പെടുന്ന സംഘത്തിന് ആകെ 90 കോടി പാരിതോഷികമാണ് ലഭിക്കുക. മുംബൈ ഡി.വൈ പാട്ടീൽ സ്റ്റേഡിയത്തിൽ നടന്ന കലാശപ്പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയെ 52 റൺസിന് കീഴടക്കി ചരിത്ര വിജയം സ്വന്തമാക്കിയതിനു പിന്നാലെ ബി.സി.സി.ഐ സെക്രട്ടറി ദേവജിത് സൈകിയയാണ് 51 കോടിയുടെ പാരിതോഷികം പ്രഖ്യാപിച്ചത്.

രാജ്യത്ത് വനിതാ ക്രിക്കറ്റിന് ലഭിച്ച സ്വീകര്യതയുടെ തെളിവാണ് ലോകകപ്പിലെ ഇന്ത്യയുടെ കിരീട വിജയമെന്ന് ബി.സി.സി.ഐ സെക്രട്ടറി പറഞ്ഞു. ടീം അംഗങ്ങൾ, കോച്ച്, സപ്പോർട്ട് സ്റ്റാഫ് ഉൾപ്പെടെയുള്ല സംഘത്തിനായാണ് സമ്മാന തുക പ്രഖ്യാപിച്ചത്. ലോകകപ്പ് ചരിത്രത്തിൽ ഒരു വനിതാ ടീമിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന സമ്മാനത്തുകയാണ് ഇതോടെ ഇന്ത്യൻ വനിതകളെ തേടിയെത്തുന്നത്.

ഐ.സി.സി ലോകകപ്പിന്റെ ആകെ സമ്മാനത്തുകയും കഴിഞ്ഞ മാസം വർധിപ്പിച്ചിരുന്നു. 28.8 ലക്ഷം ഡോളറിൽ നിന്നും 1.4 കോടി​ ഡോളറിലേക്ക് (124 കോടി രൂപ) ആണ് ജയ്ഷായുടെ നേതൃത്വത്തിലുള്ള ഐ.സി.സി സമ്മാനത്തുക ഉയർത്തിയത്. 300 ശതമാനം വർധന. കഴിഞ്ഞ തവണ ജേതാക്കളായ ആസ്ട്രേലിയക്ക് ലഭിച്ചത് 13.2 ലക്ഷം ഡോളറായിരുന്നുവെങ്കിൽ, ഇത്തവണ ലഭിക്കുന്നത് 44.8 ലക്ഷം ഡോളർ. റണ്ണേഴ്സ്അപ്പായ ദക്ഷിണാഫ്രിക്കക്ക് 19.88 കോടി രൂപ ലഭിക്കും.

സെമി ഫൈനലിസ്റ്റുകളായ ഇംഗ്ലണ്ടിനും ആസ്ട്രേലിയക്കും 9.94 കോടി രൂപ വീതം. എട്ട് ടീമുകൾക്കും 2.50 ലക്ഷം ഡോളറും, ഒപ്പം ഓരോ വിജയത്തിനും 34,314 ഡോളർ അധിക പാരിതോഷികവും. അതേസമയം, കഴിഞ്ഞ വർഷം ഐ.സി.സി ട്വന്റി20 ലോകകപ്പ് ജയിച്ച ഇന്ത്യൻ പുരുഷ ടീമിന് 125 കോടി രൂപയായിരുന്നു ബി.സി.സി.ഐ സമ്മാനമായി നൽകിയത്. അതിന്റെ പകുതിപോലും വനിതകൾക്ക് ലഭിച്ചില്ലെന്ന വിമർശനവും ഉയരുന്നുണ്ട്.

Show Full Article
TAGS:ICC Women's World Cup Indian Cricket Team Smriti Mandhana harmanpreet kaur brand value 
News Summary - Women's first World Cup victory to boost brand value of key players
Next Story