റിച്ചാഘോഷം
text_fieldsറിച്ച ഘോഷ്
വിശാഖപട്ടണം: ഒറ്റയാൾ പോരാട്ടവുമായി വിക്കറ്റ് കീപ്പർ ബാറ്റർ റിച്ച ഘോഷ് ഇന്ത്യയെ കരകയറ്റിയ വനിത ഏകദിന ലോകകപ്പ് മത്സരത്തിൽ ദക്ഷിണാഫ്രിക്കക്ക് 252 റൺസ് വിജയ ലക്ഷ്യം. ആദ്യം ബാറ്റ് ചെയ്യവെ ആറ് വിക്കറ്റിന് 102 റണിലേക്ക് തകർന്ന ആതിഥേയരെ 11 ഫോറും നാല് സിക്സുമടക്കം 77 പന്തിൽ 94 റൺസെടുത്ത് റിച്ച മാന്യമായ സ്കോറിലെത്തിക്കുകയായിരുന്നു. 49.5 ഓവറിൽ 251ന് ഇന്ത്യ ഓൾ ഔട്ടായി. മറുപടി ബാറ്റിങ് തുടരുന്ന ദക്ഷിണാഫ്രിക്ക 16 ഓവർ പൂർത്തിയാവുമ്പോൾ നാല് വിക്കറ്റിന് 68 റൺസെന്ന നിലയിൽ പതറുകയാണ്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് സ്മൃതി മന്ദാന-പ്രതിക റാവൽ ഓപണിങ് സഖ്യം തരക്കേടില്ലാത്ത തുടക്കം നൽകി. 23 റൺസെടുത്ത സ്മൃതി 11ാം ഓവറിൽ മടങ്ങുമ്പോൾ സ്കോർ ബോർഡിൽ 55. ഹർലീൻ ഡിയോളിന്റെ സംഭാവന 13 റൺസിലൊതുങ്ങി. 17 ഓവർ പൂർത്തിയാകവെ ഹർലീനും പുറത്ത്. രണ്ടിന് 83. പ്രതികയും (37) ജെമീമ റോഡ്രിഗസും 20ഉം 21ഉം ഓവറുകളിൽ വീണു. ഒമ്പത് റൺസ് ചേർത്ത് ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ 25ാം ഓവറിൽ വിക്കറ്റ് നൽകുമ്പോൾ സ്കോർ മൂന്നക്കത്തിൽ തൊട്ടിട്ടേയുണ്ടായിരുന്നുള്ളൂ.
പിന്നാലെ ദീപ്തി ശർമയും (4). പരിക്ക് ഭേദമായി തിരിച്ചെത്തിയ അമൻജോത് കൗർ (44 പന്തിൽ 13) പ്രതിരോധത്തിലൂന്നി റിച്ചക്ക് പിന്തുണ നൽകി. 40ാം ഓവറിലാണ് അമൻജോത് പുറത്താവുന്നത്. സ്കോർ ഏഴിന് 153. റിച്ച-സ്നേഹ് റാണ എട്ടാം വിക്കറ്റ് കൂട്ടുകെട്ട് നടത്തിയ തകർപ്പനടികളിൽ 200ഉം കടന്ന് ഇന്ത്യ മുന്നോട്ട്.
24 പന്തിൽ 33 റൺസടിച്ച് 49ാം ഓവറിലാണ് സ്നേഹ് മടങ്ങിയത്. അവസാന ഓവറിലെ നാലാം പന്തിൽ വ്യക്തിഗത സ്കോർ 94ൽ നിൽക്കെ നഡിൻ ഡി ക്ലെർക്കിനെ സിക്സറിന് പറത്താൻ ശ്രമിച്ച റിച്ചക്ക് പിഴച്ചു. ക്ലോ ട്രയോണിന് ക്യാച്ച്. അടുത്ത പന്തിൽ ശ്രീ ചരണിയും (0) ഇന്ത്യയും പുറത്തായി. ട്രയോൺ മൂന്നും ഡി ക്ലെർക്കും മാരിസാൻ കാപ്പും നോൻകുലുലെക്കോ മ്ലാബയും രണ്ട് വീതവും വിക്കറ്റ് വീഴ്ത്തി.