ലോകകപ്പ്: വിജയികളെയും രണ്ടാം സ്ഥാനക്കാരെയും കാത്തിരിക്കുന്നത് വൻ സമ്മാനത്തുക
text_fieldsഅഹ്മദാബാദ്: ലോകകപ്പ് ക്രിക്കറ്റിന്റെ കലാശപ്പോരിനിറങ്ങുകയാണ് ആതിഥേയരും രണ്ടുതവണ ചാമ്പ്യന്മാരുമായ ഇന്ത്യയും അഞ്ചുതവണ ജേതാക്കളായ ആസ്ട്രേലിയയും. 1,32,000 പേർക്ക് കളി കാണാവുന്ന ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ അഹ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഫൈനൽ അരങ്ങേറുന്നത്. ടൂർണമെന്റിൽ കളിച്ച 10 മത്സരങ്ങളും ജയിച്ചാണ് ഇന്ത്യയുടെ വരവെങ്കിൽ എട്ടെണ്ണം ജയിച്ചാണ് ഓസീസ് എത്തുന്നത്.
വൻ സമ്മാനത്തുകയാണ് ജേതാക്കളെയും രണ്ടാം സ്ഥാനക്കാരെയും കാത്തിരിക്കുന്നത്. ജേതാക്കൾക്ക് ഏകദേശം 33,32,86,800 രൂപയാണ് (40 ലക്ഷം യു.എസ് ഡോളർ) ലഭിക്കുക. രണ്ടാം സ്ഥാനക്കാർക്ക് 16,66,43,400 രൂപയാണ് (20 ലക്ഷം യു.എസ് ഡോളർ) ലഭിക്കുക. സെമിഫൈനലിൽ തോറ്റ ടീമുകൾക്ക് എട്ട് ലക്ഷം ഡോളർ വീതം ലഭിക്കും.
ആകെ 10 ദശലക്ഷം യു.എസ് ഡോളറാണ് ലോകകപ്പിലെ സമ്മാനത്തുക. ഗ്രൂപ്പ് ഘട്ടത്തിലെ ഓരോ വിജയത്തിനും ടീമുകൾക്ക് 40,000 ഡോളർ വീതം ലഭിക്കും. നോക്കൗണ്ട് സ്റ്റേജിൽ എത്താത്ത ടീമുകൾക്ക് ഒരു ലക്ഷം ഡോളർ വീതമാണ് നൽകുന്നത്.