എംപയർ കാർലോസ്
text_fieldsകാർലോസ് അൽകാരസിനെ
അഭിനന്ദിക്കുന്ന നൊവാക് ദ്യോകോവിച്
പൂക്കളും വള്ളിപ്പടർപ്പുകളും നിറഞ്ഞ വിംബ്ൾഡൺ ബാൽക്കണിയിൽ ടെന്നിസിലെ പൈതൃകകിരീടം ഉയർത്തിനിൽക്കുന്ന കാർലോസ് അൽകാരസിൽ ലോകം പുതുയുഗം ദർശിക്കുന്നു. 2001ലെ വിംബ്ൾഡണിൽ പീറ്റ് സാംപ്രാസിനെ വീഴ്ത്തി ടെന്നിസിലെ പുതുയുഗത്തിലേക്ക് സ്മാഷ് ചെയ്ത റോജർ ഫെഡററോടാണ് താരതമ്യങ്ങൾ ഉയരുന്നത്. കരിയറിലെ സുവർണദശ പിന്നിട്ടിരുന്ന സാംപ്രാസിന്റെ വീഴ്ചയേക്കാൾ പ്രാധാന്യം 36ലും ചുറുചുറുക്കോടെ ഓടിനടക്കുന്ന നൊവാക് ദ്യോകോവിചിന്റെ പരാജയത്തിന് നൽകുന്നവരും ഏറെയാണ്.
ഹാല അൽകാരസ്
വിംബ്ൾഡൺ കലാശപ്പോരിൽ സെന്റർകോർട്ടിൽ തന്റെ എതിരാളിയായെത്തുന്നത് കുട്ടിക്കാലം മുതൽ കൗതുകത്തോടെ നോക്കുന്ന സെർബിയൻ ഇതിഹാസം സാക്ഷാൽ ദ്യോകോവിച് ആണെന്നറിഞ്ഞതുമുതൽ കൃത്യമായ തയാറെടുപ്പുകൾ അൽകാരസ് നടത്തിയിരുന്നു. വിംബ്ൾഡണിൽ മികച്ച ട്രാക്ക് റെക്കോഡുള്ള, തുടർച്ചയായി അഞ്ചാം കിരീടത്തിലേക്ക് റാക്കറ്റേന്തുന്ന ദ്യോകോയെ വീഴ്ത്താൻ ഭാഗ്യം മാത്രം പോരെന്ന് അൽകാരസ് തിരിച്ചറിഞ്ഞു. യു.എസ് ഓപണിൽ കിരീടം നേടുമ്പോൾ ദ്യോകോ മത്സരിക്കാനുണ്ടാകാത്തതിനാൽതന്നെ ഒന്നാമനാണെന്ന് തെളിയിക്കാൻ ഈ വിജയം അനിവാര്യമാണുതാനും. ഏതാനും മാസങ്ങൾക്കു മുമ്പ് ഫ്രഞ്ച് ഓപണിലെ കളിമൺ കോർട്ടിൽ ദ്യോകോക്ക് മുന്നിൽ നിരായുധനായി കീഴടങ്ങിയതിന്റെ സമ്മർദം വേറെയും. ഏതു വീഴ്ചയിൽനിന്നും അതിവേഗം തിരിച്ചുവരുന്ന എതിരാളികളുടെ മേൽ മാനസിക ആധിപത്യം സ്ഥാപിക്കുന്ന ദ്യോകോയെ മറികടക്കാൻ മനസ്സിനും വേണം പരിശീലനമെന്ന് അൽകാരസ് തിരിച്ചറിഞ്ഞു. കലാശപ്പോരിനു മുമ്പേ അൽകാരസ് മനഃശാസ്ത്രജ്ഞർക്ക് മുന്നിലെത്തിയത് വാർത്തകളിലിടം പിടിച്ചിരുന്നു.
സ്പാനിഷ് മെയ്ഡ്
ചരിത്രസ്ഥലികൾക്കും കൃഷിയിടങ്ങൾക്കും പേരുകേട്ട സ്പാനിഷ് നഗരം മൂർഷ്യയുടെ ഭാഗമായ എൽ പാൽമറിൽനിന്നാണ് അൽകാരസിന്റെ വരവ്. അച്ഛനും മുത്തച്ഛനുമെല്ലാം പ്രദേശത്തെ പേരുകേട്ട ടെന്നിസ് താരങ്ങൾ. ചെറുപ്പം മുതലേ അൽകാരസിൽ കുത്തിവെച്ചത് ടെന്നിസിന്റെ മന്ത്രങ്ങളും അടിതടവുകളുമാണ്. ടെന്നിസ് അക്കാദമികളിൽനിന്നും ഉയരങ്ങളിലേക്ക് പാഞ്ഞ അൽകാരസ് ലോകവേദികളിൽ അതിവേഗമെത്തി. 2022ൽ യു.എസ് ഓപണിൽ മുത്തമിടുമ്പോൾ പ്രായം 19 മാത്രം. തൊട്ടുപിന്നാലെ എ.ടി.പി ലോക ടെന്നിസ് റാങ്കിങ്ങിൽ ഒന്നാമതെത്തി. അരനൂറ്റാണ്ടിലേറെ ചരിത്രമുള്ള എ.ടി.പി റാങ്കിങ്ങിലെ ഏറ്റവും പ്രായം കുറഞ്ഞവനെന്ന ഖ്യാതിയും നേടി. കളിശൈലിയിൽ ഫെഡററോട് താരതമ്യം ചെയ്യുമ്പോഴും നാട്ടുകാരൻ തന്നെയായ റഫേൽ നദാലാണ് അൽകാരസിന്റെ ആരാധനമൂർത്തി. നദാലിന്റെ പോരാട്ടവീര്യത്തിന്റെ സ്വാധീനവും അൽകാരസിൽ കാണാം.
ദ്യോകോ വീഴുമ്പോൾ
നിലവിലെ ഫോമിൽ വിംബ്ൾഡൺ കോർട്ടിൽ ദ്യോകോവിച് വീഴുമെന്ന് അധികമാരും ചിന്തിച്ചുകാണില്ല. ആദ്യസെറ്റിൽ 6-1ന്റെ ആധികാരിക ജയം നേടിയതോടെ ദ്യോകോക്ക് അനായാസ വിജയമെന്ന് തോന്നിപ്പിച്ചു. ഒപ്പത്തിനൊപ്പം നിന്ന രണ്ടാം സെറ്റിൽ അവസാന ചിരി അൽകാരസിന്. മൂന്നാം സെറ്റിൽ ദ്യോകോയെ നിഷ്പ്രഭനാക്കി മലർത്തിയടിച്ചതോടെ കളി മുറുകി. ദ്യോകോ പതിവുശൈലിയിൽ ബാറ്റുതകർത്താണ് അരിശം തീർത്തത്. വിജയം അനിവാര്യമായ നാലാം സെറ്റിൽ ദ്യോകോ ഉണർന്നെണീറ്റതോടെ ചൂടുപിടിച്ചുനിന്നിരുന്ന പുൽനാമ്പുകളിൽ തീപടർന്നു. അൽകാരസിന് മറുപടി കൊടുക്കാനുള്ള ഓട്ടത്തിനിടെ പലകുറി തെന്നിവീഴുന്ന ദ്യോകോയെയും മൈതാനം കണ്ടു. മുൾമുനയിൽ നിർത്തിയ പൊരിഞ്ഞ പോരാട്ടത്തിനൊടുവിൽ മാച്ച് പോയന്റുമായി അൽകാരസ് വീണുകിടന്നപ്പോൾ ഗാലറി എഴുന്നേറ്റ് കൈയടിച്ചു. ചിലർ അവിസ്മരണീയ മത്സരത്തിന് സാക്ഷിയായതിന്റെ നിർവൃതിയിൽ കണ്ണീർ തുടച്ചു.
കോർട്ടുകളെയും എതിരാളികളെയും പലകുറി കണ്ട ദ്യോകോ മത്സരശേഷം പറഞ്ഞതിങ്ങനെ: ‘‘ഇതുപോലൊരു കളിക്കാരനെതിരെ ഇത്രയും കാലത്തിനിടെ കളിച്ചിട്ടില്ല. റോജറിലും റാഫയിലും എന്നിലുമുള്ള ഗുണങ്ങൾ അവനിലുണ്ടെന്ന് പലരും പറയുന്നുണ്ട്. അതിനോട് ഞാനും യോജിക്കുന്നു.’’ രണ്ടുപതിറ്റാണ്ടിലേറെയായി ടെന്നിസിലെ അഭിമാനകിരീടങ്ങളെല്ലാം പങ്കുവെച്ചു കളിച്ച ഫെഡറർ-നദാൽ-ദ്യോകോവിച് ത്രിമൂർത്തികളിലേക്ക് നടന്നെത്താൻ ഇനിയുമെത്രയോ കോർട്ടുകളും ഗ്രാൻഡ്സ്ലാമുകളും 20കാരൻ താണ്ടിക്കടക്കേണ്ടതുണ്ട്. എങ്കിലും ഈ ത്രിമൂർത്തികളുടെ യുഗത്തിന്റെ പരിസമാപ്തിയായി ഈ വിജയം ആഘോഷിക്കുന്നു. അതല്ലെങ്കിൽ ഇനിയുള്ള കാലം ദ്യോകോക്ക് കിരീടങ്ങൾ എളുപ്പമാകില്ലെന്നെങ്കിലും അവർ കരുതുന്നു.
അൽകാരസ് തന്നെ ഒന്നാമൻ; വോണ്ട്രൂസോവക്ക് കുതിപ്പ്
ലണ്ടൻ: ലോക ടെന്നിസ് റാങ്കിങ്ങിൽ പുരുഷന്മാരിൽ ഒന്നാംസ്ഥാനത്ത് തുടർന്ന് സ്പെയിനിന്റെ കാർലോസ് അൽകാരസ്. വിംബ്ൾഡൺ കിരീടം സ്വന്തമാക്കിയ അൽകാരസ്, സെർബിയൻ സൂപ്പർ താരവും റണ്ണറപ്പുമായ നൊവാക് ദ്യോകോവിനെ എ.ടി.പി റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്തുതന്നെ നിർത്തി. അതേസമയം, വനിത സിംഗ്ൾസ് ചാമ്പ്യനായ ചെക് റിപ്പബ്ലിക്കിന്റെ മാർകേറ്റ വോണ്ട്രൂസോവക്ക് വൻകുതിപ്പാണുണ്ടായത്. 42ാം സ്ഥാനത്തായിരുന്ന താരം ഡബ്ല്യൂ.ടി.എ റാങ്കിങ്ങിൽ 10ലേക്ക് കയറി. ക്വാർട്ടർ ഫൈനലിൽ പുറത്തായെങ്കിലും പോളണ്ടുകാരി ഇഗ സ്വൈറ്റക്കിന് ഒന്നാം റാങ്ക് നഷ്ടമായില്ല. രണ്ടാമതുള്ള ബലറൂസിയൻ താരം അരീന സബാലെങ്ക സെമി ഫൈനലിൽ മടങ്ങിയതാണ് ഇഗക്ക് തുണയായത്.