Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightകൗമാര കായിക കുതിപ്പിന്...

കൗമാര കായിക കുതിപ്പിന് ഇന്ന് തുടക്കം; മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം നിർവഹിക്കും

text_fields
bookmark_border
കൗമാര കായിക കുതിപ്പിന് ഇന്ന് തുടക്കം; മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം നിർവഹിക്കും
cancel

കോഴിക്കോട്: 68ാമത് സംസ്ഥാന സ്കൂൾ കായിക മേളക്ക് ഞായറാഴ്ച തുടക്കമാകും. ചാത്തമംഗലം എൻ.ഐ.ടി സ്റ്റേഡിയത്തിൽ വൈകീട്ട് നാലിന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്‍റ് പി.ടി. ഉഷ ദീപശിഖ തെളിയിക്കും. നാലായിരത്തോളം കായികതാരങ്ങള്‍ അണിനിരക്കുന്ന മാര്‍ച്ച് പാസ്റ്റും മൂവായിരത്തോളം വിദ്യാർഥികള്‍ അണിനിരക്കുന്ന സാംസ്‌കാരിക പരിപാടികളും ഉദ്ഘാടനത്തിന് മാറ്റുകൂട്ടും. പൊതുവിദ്യാഭ്യാസ മന്ത്രി അഡ്വ. എന്‍. ഷംസുദ്ദീന്‍ അധ്യക്ഷതവഹിക്കും.

50ലധികം സ്‌കൂളുകളിലായി 750ഓളം ക്ലാസ് മുറികളാണ് താമസത്തിന് സജ്ജമാക്കിയത്. കുടിവെള്ളവും ശുചിത്വവും സുരക്ഷയും ഉറപ്പുവരുത്തിയിട്ടുണ്ട്. റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും എത്തുന്ന താരങ്ങളെ താമസസ്ഥലങ്ങളിലേക്കും മത്സരവേദികളിലേക്കും എത്തിക്കാന്‍ ഒളിമ്പിക്സ് എക്സ്പ്രസ് എന്ന പേരില്‍ പ്രത്യേക ഗതാഗത സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 17 സബ് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് മേളയുടെ സംഘാടനം. 620 ഒഫിഷ്യല്‍സ്, 140 സെലക്ടര്‍മാര്‍, 100 ടെക്നിക്കല്‍ ഒഫിഷ്യല്‍സ് എന്നിവര്‍ മത്സരങ്ങള്‍ നിയന്ത്രിക്കും.

10,000ത്തോളം കായികതാരങ്ങളും ഒഫിഷ്യലുകളും പരിശീലകരും ഉള്‍പ്പെടെ 15,000ലേറെ പേര്‍ പങ്കെടുക്കുന്ന ഏഴുദിവസത്തെ കായിക മാമാങ്കത്തിനാണ് ജില്ല വേദിയാകുന്നത്. ‘സേ നോ ടു ഡ്രഗ്സ്’ എന്ന ലഹരിവിരുദ്ധ സന്ദേശമുയര്‍ത്തിയാണ് മേള സംഘടിപ്പിക്കുന്നത്. 15 വർഷങ്ങൾക്കു ശേഷമാണ് കോഴിക്കോട് സംസ്ഥാന സ്‌കൂള്‍ കായികമേളക്ക് ആതിഥ്യമരുളുന്നത്. ഒക്ടോബര്‍ 31ന് വൈകീട്ട് നാലിന് എന്‍.ഐ.ടി സ്റ്റേഡിയത്തില്‍ നടക്കുന്ന സമാപന സമ്മേളനം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. വിജയികള്‍ക്ക് പുരസ്കാരങ്ങളും ചീഫ് മിനിസ്റ്റേഴ്സ് ട്രോഫിയും വിതരണം ചെയ്യും.

തിരുവനന്തപുരത്തുനിന്ന് പ്രയാണം ആരംഭിച്ച സ്വര്‍ണക്കപ്പ് വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി ഞായറാഴ്ച കോഴിക്കോട്ടെത്തും. നഗരത്തിലൂടെ പ്രയാണം നടത്തുന്ന സ്വർണക്കപ്പും ദീപശിഖയും വൈകീട്ട് മൂന്നിനാണ് എൻ.ഐ.ടി ഗ്രൗണ്ടിലെ ഉദ്ഘാടന വേദിയിലെത്തുക. രാവിലെ എട്ടിന് ഐക്കരപ്പടിയിൽനിന്ന് സ്വർണക്കപ്പ് ഏറ്റുവാങ്ങിയാണ് ഘോഷയാത്രക്ക് തുടക്കമാകുക. വൈകീട്ട് മൂന്നിന് കായികമേളയുടെ ഉദ്ഘാടന വേദിയിലെത്തുന്നതോടെ സ്വർണക്കപ്പ് ഘോഷയാത്രക്കും ദീപശിഖ പ്രയാണത്തിനും സമാപനമാകും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:state school athletics meet Kozhikode sports council kerala Government of Kerala 
News Summary - State School Sports Meet Begins: Chief Minister to Inaugurate Event
Next Story