"കുട്ടു' വിളിക്കുന്നു കോഴിക്കോട്ടേക്ക്; സംസ്ഥാന സ്കൂൾ കായികമേള 25 മുതൽ; ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക്
text_fieldsകോഴിക്കോട്: ഒക്ടോബർ 25 മുതൽ 31 വരെ കോഴിക്കോട്ട് നടക്കുന്ന 68ാമത് കേരള സ്കൂൾ കായികമേളയുടെ ഒരുക്കം അവസാന ഘട്ടത്തിലേക്ക്. കായികതാരങ്ങൾ, ടീം മാനേജർമാർ, ഒഫിഷ്യലുകൾ, സംഘാടകർ എന്നിവരടക്കം 15,000ത്തോളം പേർ മേളയുടെ ഭാഗമാകുമെന്ന് പ്രതീക്ഷിക്കുന്നത്. മേളയ്ക്കായി 10 മത്സരവേദികളാണ് സജ്ജീകരിക്കുന്നത്. 25ന് 4,000 കായികതാരങ്ങൾ അണിനിരക്കുന്ന മാർച്ച് പാസ്റ്റോടെ മത്സരങ്ങൾക്ക് തുടക്കമാകും. 3,000 കുട്ടികൾ പങ്കെടുക്കുന്ന വർണാഭമായ സാംസ്കാരിക പരിപാടികൾ ഉദ്ഘാടനച്ചടങ്ങിന് മാറ്റുകൂട്ടും. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കൗമാര കായികപോരാട്ടങ്ങളിലൊന്നായ മേളയിൽ ഗൾഫ് മേഖലയിൽനിന്നുള്ള വിദ്യാർഥികളുടെ പങ്കാളിത്തവും ഉറപ്പാക്കിയിട്ടുണ്ട്. അത്ലറ്റിക്സ്, ഗെയിംസ് മത്സരങ്ങളിലായി 48 കായികതാരങ്ങളാണ് ഗൾഫ് മേഖലയിൽനിന്ന് പങ്കെടുക്കുന്നത്.
മത്സരങ്ങൾ ഇവിടെ
പ്രധാന ആകർഷണമായ ട്രാക്ക് ആൻഡ് ഫീൽഡ് മത്സരങ്ങൾക്ക് കോഴിക്കോട് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻ.ഐ.ടി) കാമ്പസ് വേദിയാകും. 27 മുതൽ 31 വരെയാണ് അത്ലറ്റിക്സ് മത്സരങ്ങൾ. സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി 2,800 കായികതാരങ്ങൾ ട്രാക്കിലിറങ്ങും. 30ന് നടക്കുന്ന ക്രോസ് കൺട്രി മത്സരങ്ങൾക്കും ഇൻക്ലൂസീവ് അത്ലറ്റിക്സ്, ഇൻക്ലൂസീവ് ഫുട്ബാൾ മത്സരങ്ങൾക്കും എൻ.ഐ.ടി വേദിയാകും.
ബാഡ്മിന്റൺ, ഇൻക്ലൂസീവ് ബാഡ്മിന്റൺ മത്സരങ്ങൾ ദേവഗിരി സെന്റ് ജോസഫ് കോളജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും.
പെൺകുട്ടികളുടെ ബാസ്കറ്റ്ബാൾ മത്സരം ചേവായൂർ പ്രസന്റേഷൻ എച്ച്.എസ്.എസിലും ആൺകുട്ടികളുടെ ബാസ്കറ്റ്ബാൾ മത്സരം സിൽവർ ഹിൽസ് പബ്ലിക് സ്കൂളിലുമാണ് നടക്കുന്നത്.വടംവലി, ഇൻക്ലൂസീവ് ക്രിക്കറ്റ് മത്സരങ്ങൾ കുന്നമംഗലം ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. കൊടിയത്തൂർ പി.ടി.എം.എച്ച്.എസ്.എസ്, വാദി റഹ്മ ഇംഗ്ലീഷ് സ്കൂൾ എന്നിവിടങ്ങളിൽ കരാട്ടെ, വുഷു, സോഫ്റ്റ്ബാൾ, ബേസ്ബാൾ, ബാൾ ബാഡ്മിന്റൺ മത്സരങ്ങൾ നടക്കും. യോഗ മത്സരങ്ങൾ ചാത്തമംഗലം ആർ.ഇ.സി ജി.വി.എച്ച്.എസ്.എസിലും നെറ്റ്ബാൾ, ത്രോബാൾ മത്സരങ്ങൾ പെരുവയൽ സെന്റ് സേവ്യേഴ്സ് യു.പി സ്കൂളിലും നടക്കും.
ഇൻക്ലൂസീവ് മത്സരങ്ങൾ
പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി സംഘടിപ്പിക്കുന്ന ഇൻക്ലൂസീവ് മത്സരങ്ങൾ മേളയുടെ പ്രത്യേകതയാണ്. ഒക്ടോബർ 26നാണ് ഈ മത്സരങ്ങൾ നടക്കുക. ഇൻക്ലൂസീവ് മത്സരങ്ങളിൽ 2,000ത്തിലധികം കായികതാരങ്ങൾ മാറ്റുരക്കും.
വിപുല സംഘാടക സംവിധാനം
മേളയുടെ വിജയകരമായ നടത്തിപ്പിനായി എം.എ. റസാഖ് മാസ്റ്റർ എം.എൽ.എയുടെ നേതൃത്വത്തിൽ 17 സബ് കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു. മത്സരങ്ങൾ കുറ്റമറ്റ രീതിയിൽ നിയന്ത്രിക്കാൻ 620 ഒഫിഷ്യലുകളുടെയും 140 സെലക്ടർമാരുടെയും 100 ടെക്നിക്കൽ ഒഫിഷ്യലുകളുടെയും സേവനം ലഭ്യമാക്കിയിട്ടുണ്ട്.
കായികതാരങ്ങളുടെയും ടീം മാനേജർമാരുടെയും താമസത്തിനായി 50 സ്കൂളുകളിലായി 450 ക്ലാസ് മുറികൾ സജ്ജീകരിക്കും. കുട്ടികൾക്ക് ഭക്ഷണം നൽകാൻ രണ്ട് അടുക്കളകൾ പ്രവർത്തിക്കും.
എല്ലാ മത്സരവേദികളിലും കായികതാരങ്ങൾക്ക് ഭക്ഷണം കഴിക്കാൻ പ്രത്യേക ഭക്ഷണശാലകൾ സജ്ജീകരിക്കും. കുട്ടികളുടെ യാത്രാസൗകര്യത്തിനായി സ്കൂൾ ബസുകൾ ക്രമീകരിച്ചിട്ടുണ്ട്.സ്വർണക്കപ്പ് ഘോഷയാത്രയും ദീപശിഖ പ്രയാണവും വിവിധ ജില്ലകളിലൂടെ പര്യടനം നടത്തി ഒക്ടോബർ 25ന് കോഴിക്കോട്ടെത്തും.
ഭാഗ്യ ചിഹ്നം ‘കുട്ടു’ പ്രകാശനം ചെയ്തു
തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കായിക മേളയുടെ ഭാഗ്യചിഹ്നം ‘കുട്ടു (KUTTU)’ പ്രകാശനം ചെയ്തു. നിയമസഭ മീഡിയ റൂമില്‍ നടന്ന ചടങ്ങില്‍ പൊതുവിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന് സംഘാടക സമിതി ചെയര്മാന് എം.എ. റസാഖ് എം.എൽ.എക്ക് നല്‍കിയാണ് പ്രകാശനം നിർവഹിച്ചത്. എം.എല്‍.എമാരായ പാറയ്ക്കല്‍ അബ്ദുല്ല,, കെ.കെ. രമ, പി.കെ. ഫിറോസ്, കെ. പ്രവീണ്‍ കുമാര്‍, സി.കെ. കാസിം, കെ. ജയന്ത്, അഡ്വ. ഫൈസല്‍ ബാബു, കെ.എം. അഭിജിത്ത്, വി.ടി. സൂരജ്, വിദ്യ ബാലകൃഷ്ണന്, പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഡോ. ഡി. സജിത്ത് ബാബു, ഡയറക്ടര്‍ അരുണ്‍ കെ. വിജയന്, എ.ഡി.ജി സി.എസ്. സന്തോഷ്, സ്പോട്സ് ജോയിന്റ് ഡയറക്ടര്‍ പി.ആര്. ശ്രീജേഷ് തുടങ്ങിയവര്‍ പങ്കെടുത്തു. ‘കുട്ടു’വിനെ രൂപകൽപ്പന ചെയ്തത് കൊല്ലം ജില്ലയിലെ കെ.എൻ.എൻ.എം എച്ച്.എസ്.എസ്. & വി.എച്ച്.എസ്.എസിലെ എട്ടാം ക്ലാസ് വിദ്യാർഥിനി ആർ.എസ്. ലക്ഷ്മി നന്ദനയാണ്.


