ആസ്ട്രേലിയയിൽ ഇനി ഹാപ്പി സ്ലാം
text_fieldsആസ്ട്രേലിയൻ ഓപൺ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന പ്രദർശന മത്സരത്തിൽ ഇതിഹാസ താരങ്ങളായ റോജർ ഫെഡററും
ആന്ദ്രെ അഗാസിയും
മെൽബൺ: ഹാപ്പി സ്ലാം എന്നറിയപ്പെടുന്ന ആസ്ട്രേലിയൻ ഓപൺ ടെന്നിസ് ടൂർണമെന്റിന് ഞായറാഴ്ച മെൽബൺ പാർക്കിൽ തുടക്കമാവും. പുതുവർഷത്തെ ആദ്യ ഗ്രാൻഡ് സ്ലാം ടൂർണമെന്റിൽ നിലവിലെ പുരുഷ, വനിത ചാമ്പ്യന്മാരായ ഇറ്റലിയുടെ യാനിക് സിന്നർ, അമേരിക്കക്കാരി മാഡിസൻ കീസ് ഉൾപ്പെടെ വമ്പന്മാർ ഇറങ്ങുന്നുണ്ട്.
കിരീടപ്പോരാട്ടത്തിൽ സിന്നറിന് ഒത്ത എതിരാളിയായ സ്പെയിനിന്റെ കാർലോസ് അൽകാരസ് ആദ്യദിനം മത്സരിക്കും. യു.എസിന്റെ ആഡം വാൽട്ടനുമായാണ് അൽകാരസ് ഇന്ന് ഏറ്റുമുട്ടുക. കരിയർ സ്ലാം സ്വന്തമാക്കാൻ യുവതാരത്തിന് ആസ്ട്രേലിയൻ ഓപൺ മാത്രമാണ് ബാക്കി.
ഫ്രാൻസ് താരം ഹ്യൂഗോ ഗാസ്റ്റൻ ചൊവ്വാഴ്ച സിന്നറിന്റെ ഒന്നാം റൗണ്ട് എതിരാളിയായെത്തും. 25ാം ഗ്രാൻഡ് സ്ലാം കിരീടത്തിനായി കാത്തിരിപ്പ് തുടരുന്ന സെർബിയൻ ഇതിഹാസം നൊവാക് ദ്യോകോവിച് തിങ്കളാഴ്ച സ്പാനിഷ് താരം പെഡ്രോ മാർട്ടിനെസിനെ നേരിടും. കീസിനൊപ്പം ബെലറൂസിന്റെ അരീന സെബലങ്ക, പോളണ്ടുകാരി ഇഗ സ്വിയാറ്റക്, യു.എസിന്റെ കൊകൊ ഗോഫ് തുടങ്ങിയവരാണ് വനിത ഫേവറിറ്റുകൾ.


