ഇന്റർ സ്റ്റേറ്റ് അത്ലറ്റിക്സ്: 20 കിലോമീറ്റർ നടത്തത്തിൽ ബിലിൻ ജോർജിന് സ്വർണം
text_fieldsസ്വർണം നേടിയ ബിലിൻ ജോർജ്
ചെന്നൈ: ഇന്റർ സ്റ്റേറ്റ് അറ്റ്ലറ്റിക്സിൽ കേരളത്തിന് നേട്ടത്തിന്റെ ദിനം. ഒരു സ്വർണവും രണ്ട് വെങ്കലവുമാണ് വെള്ളിയാഴ്ച കേരളം സ്വന്തമാക്കിയത്. 20 കിലോമീറ്റർ നടത്തത്തിൽ കേരളത്തിന്റെ ബിലിൻ ജോർജ് ആന്റോ ഒന്നാമതെത്തി. 1:29:35.12 സമയത്തിനുള്ളിലാണ് താരം ലക്ഷ്യം കണ്ടത്.
കോഴിക്കോട് ചക്കിട്ടപ്പാറ തെങ്ങുപള്ളിൽ ആന്റണി തോമസിന്റെയും ലീനയുടെയും മകനായ ബിലിൻ ജോർജ് രണ്ട് വർഷം മുമ്പ് ഒളിമ്പ്യൻ കെ.ടി ഇർഫാന്റെ സംസ്ഥാന റെക്കോഡ് തകർത്തിരുന്നു. രാജസ്ഥാന്റെ മുകേഷ് നിഥാർവാൾ രണ്ടാമതും മണിപ്പൂർ താരം ഖാൻഗെംബാൺ മൂന്നാമതുമെത്തി. കേരളത്തിന്റെ കെ.പി പ്രവീൺ കെ.പി ഏഴാം സ്ഥാനത്തായി. വനിതകളുടെ നടത്തത്തിൽ മലയാളി താരം അക്ഷയ ഒമ്പതാമതായി. ഈ വിഭാഗത്തിൽ ഹരിയാനയുടെ രവീണ സ്വർണം നേടിയപ്പോൾ ഉത്തരാഖണ്ഡിന്റെ പായൽ രണ്ടാമതും തമിഴ് താരം മൊകവി മുത്തുരത്ന മൂന്നാമതുമെത്തി.
പുരുഷ വിഭാഗം 110 മീറ്റർ ഹർഡ്ൽസിൽ മുഹമ്മദ് ലസാൻ വി.കെ വെങ്കലം നേടി. മഹാരാഷ്ട്രയുടെ തേജസ് ഷിർസെ (13.60 സെക്കൻഡ്), തമിഴ്നാട് താരം മാനവ് ആർ. (14.03) എന്നിവർക്കു പിറകിൽ 14.08 സെക്കൻഡിലാണ് കോഴിക്കോട് കുതിരവട്ടം സ്വദേശിയായ ലസാൻ ഓട്ടം പൂർത്തിയാക്കിയത്. ഇതേ വിഭാഗത്തിൽ മത്സരിച്ച മറ്റു മലയാളി താരങ്ങളായ ഷിന്റോമോൻ സി.ബി, മുഹമ്മദ് ഫായിസ് സി എന്നവിർ ആറും ഏഴും സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്തു.
വനിതകളുടെ 100 മീറ്റർ ഹർഡ്ൽസിൽ കേരള താരം അഞ്ജലി വെങ്കലം നേടി. പശ്ചിമ ബംഗാൾ താരം മൂമിത മൊണ്ഡൽ, തമിഴ്നാടിന്റെ നന്ദിനി എന്നിവർക്കു പിറകിൽ 13.68 സെക്കൻഡിലാണ് അഞ്ജലി ലക്ഷ്യത്തിലെത്തിയത്. 13.22 സെക്കൻഡിലാണ് മൂമിത ലക്ഷ്യം കണ്ടത്.