ദേശീയ ഗെയിംസ് വനിത വോളിബാളിൽ കേരളത്തിന് സ്വർണം; ഫൈനലിൽ തമിഴ്നാടിനെ തോൽപിച്ചു
text_fieldsഉത്തരാഖണ്ഡിലെ രുദ്രപുരിൽ നടന്ന ദേശീയ ഗെയിംസ് വനിത വോളിബാൾ ഫൈനലിൽ തമിഴ്നാടിനെ തോൽപിച്ച് സ്വർണം നേടിയ കേരള ടീമിന്റെ ആഘോഷം (ചിത്രം: മുസ്തഫ അബൂബക്കർ)
വോളിബാളിൽ തകർപ്പൻ ജയവുമായി വനിതകൾ സ്വർണത്തിലെത്തുകയും പുരുഷന്മാർ ഫൈനലിൽ പൊരുതി കീഴടങ്ങുകയും ചെയ്ത ദിവസം മോശമാക്കാതെ കേരളം. ഉത്തരാഖണ്ഡിൽ നടക്കുന്ന ദേശീയ ഗെയിംസിൽ നാല് മെഡലുകൾ കൂടി സ്വന്തമാക്കി നേട്ടം രണ്ടക്കം കടത്തി. തമിഴ്നാടിനെ രണ്ടിനെതിരെ മൂന്ന് സെറ്റിന് തോൽപിച്ചാണ് വോളയിൽ വനിതകൾ ജേതാക്കളായത്. പുരുഷന്മാർ 1-3ന് സർവിസസിനോട് മുട്ടുമടക്കി വെള്ളി കരസ്ഥമാക്കി.
വനിത ബാസ്കറ്റ്ബാൾ ഫൈനലിൽ കേരളം തമിഴ്നാട് പരാജയപ്പെട്ട് വെള്ളി മെഡൽകൊണ്ട് തൃപ്തിപ്പെട്ടപ്പോൾ ഭാരദ്വഹനം 81 കിലോ ഗ്രാം വിഭാഗത്തില്‍ കേരളത്തിന്റെ അഞ്ജന ശ്രീജിത്ത് വെങ്കലം നേടി. ഇതോടെ അക്കൗണ്ടിൽ ആകെ ആറ് സ്വർണവും മൂന്ന് വെള്ളിയും നാല് വെങ്കലവുമടക്കം 13 മെഡലുകളായി.
ഗോൾഡൻ കംബാക്ക്
വനിത വോളിബോളില്‍ തമിഴ്നാടിനെ 25-19, 25-22, 25-22, 25-14, 15-7നാണ് കേരളം തോൽപിച്ചത്. ആദ്യ സെറ്റ് മികച്ച പ്രകടനവുമായി സ്വന്തമാക്കി. രണ്ടാം സെറ്റിന്റെ തുടക്കവും കേരളം അനുകൂലമാക്കി. പിന്നെ കണ്ടത് തമിഴ് പെൺകൊടികളുടെ ഉഗ്രൻ തിരിച്ചുവരവ്. 22-25ന് രണ്ടാം സെറ്റ് അവർ നേടിയതോടെ ആവേശം കൂടി. തുടർന്ന് മൂന്നാം സെറ്റിലും ഇഞ്ചോടിഞ്ച്. സമാന സ്കോറിന് അതും നേടി തമിഴ്നാട് മുന്നിലെത്തി.
പിറകിലായ കേരളം ഉണർന്നതോടെ 25-14ന് ഏകപക്ഷീയമായി നാലാം സെറ്റ് നേടി. വിജയിയെ തീരുമാനിക്കുന്ന അഞ്ചാം സെറ്റിന്റെ തുടക്കം കടുത്തതായിരുന്നെങ്കിലും പിന്നെ കേരളത്തിനൊപ്പം നിന്നു. 2022ൽ ഗുജറാത്ത് ഗെയിംസിലാണ് അവസാനമായി വോളിബാൾ നടന്നത്. അന്ന് കേരള വനിതകളായിരുന്നു ജേതാക്കൾ. ഇക്കുറി കോടതിയും കയറിയാണ് കേരള ടീം എത്തിയത്.