ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ് 400 മീറ്ററിൽ മുഹമ്മദ് അഷ്ഫാഖിന് എട്ടാം സ്ഥാനം; ഫിനിഷ് ചെയ്തത് 46.20 സെക്കൻഡിൽ
text_fieldsന്യൂയോർക്ക്: അണ്ടർ 20 ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ് 400 മീറ്ററിൽ മലയാളി താരം മുഹമ്മദ് അഷ്ഫാഖിന് എട്ടാം സ്ഥാനം. 46.20 സെക്കൻഡിലാണ് താരം ഫിനിഷ് ചെയ്തത്. ഒന്നും രണ്ടും സ്ഥാനങ്ങൾ യു.എസ്.എക്കാണ്. 44.47 സെക്കൻഡിൽ ഫിനിഷ് ചെയ്ത ജയ്ഡെൻ ഡിലിയോൺ സ്വർണവും 44.62 സെക്കൽഡിൽ ഓടിയെത്തിയ ക്വിൻസി വിൽസൺ വെള്ളിയും നേടി. ദക്ഷിണാഫ്രിക്കയുടെ ലീൻഡർട്ട് കൊക്കെമോർ വെങ്കലവും സ്വന്തമാക്കി.
അമേരിക്കയിലെ യൂജിനിൽ നടക്കുന്ന ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിന്റെ 400 മീറ്റർ ഫൈനലിലേക്ക് ദേശീയ റെക്കോഡോടെ യോഗ്യത നേടിയാണ് 19കാരൻ കായികലോകത്തെ അമ്പരപ്പിച്ചത്. റെക്കോഡുകൾ വഴിമാറിയ വായുവേഗം ആദ്യ റൗണ്ടിലെ ഹീറ്റ്‌സിൽ അതിവേഗക്കാരായ എതിരാളികളെ അപ്രസക്തരാക്കി, വെറും 45.81 സെക്കൻഡിൽ 400 മീറ്റർ പൂർത്തിയാക്കിയാണ് അഷ്ഫാഖ് പുതിയ ദേശീയ ചരിത്രം രചിച്ചത്. കഴിഞ്ഞ ഏപ്രിലിൽ ബംഗളൂരുവിൽ നടന്ന അണ്ടർ 20 ഫെഡറേഷൻ കപ്പിൽ 46.05 സെക്കൻഡിന്റെ സ്വന്തം റെക്കോർഡും കാറ്റിൽപ്പറത്തി. തൊട്ടുപിന്നാലെ നടന്ന കടുത്ത സെമി ഫൈനൽ പോരാട്ടത്തിലും ഒട്ടും തളരാതെ 46.00 സെക്കൻഡിൽ ഫിനിഷിങ് ലൈൻ തൊട്ടാണ് കലാശപോരിലേക്ക് ടിക്കറ്റെടുത്തത്.
എന്നാൽ, ഇന്ത്യൻ സമയം ശനിയാഴ്ച രാവിലെ 9.20ന് നടന്ന ഫൈനലിൽ ആദ്യ റൗണ്ടുകളിലെ പ്രകടനം താരത്തിന് ആവർത്തിക്കാനായില്ല. കർണാടകയിലെ തുംകുരുവിൽ നടന്ന 24-ാമത് ദേശീയ ജൂനിയർ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഉജ്വല പ്രകടനത്തോടെയാണ് അഷ്ഫാഖ് അന്താരാഷ്ട്ര വേദിയിലേക്കുള്ള യോഗ്യത പിടിച്ചെടുത്തത്. തിരുവനന്തപുരം ജി.വി. രാജ സ്പോർട്സ് സ്കൂളിലെ പ്ലസ്ടു പഠനകാലം മുതൽ ക്യാപ്റ്റൻ അജിമോന്റെ കടുത്ത ശിക്ഷണത്തിലാണ് ഈ പ്രതിഭ മൂന്ന് വർഷം. സ്പോർട്സ് കേരള ഫൗണ്ടേഷന്റെ കൈത്താങ്ങും ശാസ്ത്രീയ പരിശീലനവും അഷ്ഫാഖിന്റെ കുതിപ്പിന് കൂടുതൽ മൂർച്ച കൂട്ടി.
ആന്ധ്രപ്രദേശിലെ ഗുണ്ടൂരിൽ നടന്ന 36-ാമത് സൗത്ത് സോൺ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ 20 വയസ്സിന് താഴെയുള്ളവരുടെ 400 മീറ്റർ ഓട്ടമത്സരത്തിൽ 47. 3 സെക്കൻഡിൽ സ്വർണ മെഡൽ നേടിയിരുന്നു. 2024-ൽ സംസ്ഥാന സ്കുൾ അത്‌ലറ്റിക് മീറ്റിൽ 400 മീറ്റർ ഓട്ട മത്സരത്തിൽ സ്വയം സ്ഥാപിച്ച റെക്കോർഡ് ( 47.65 സെക്കൻഡ്) മറികടന്നാണ് അഷ്ഫാഖ് പുതിയ സമയം ആന്ധ്രയിലെ ഗുണ്ടുരിൽ തിരുത്തിയത്. 2025-ൽ 400 മീറ്റർ ദേശീയ മീറ്റിലും സ്വർണ മെഡൽ നേടിയിരുന്നു.
ഇന്ത്യയെ പ്രതിനിധികരിച്ച് ശ്രീലങ്കയിൽ നടന്ന അന്തരാഷ്ട്ര അത് ലറ്റിക് മീറ്റിലും മികച്ച പ്രകടനം കാഴ്ചവെച്ചു. ഹോങ്കോങ്ങിൽ നടന്ന അണ്ടർ 20 അത് ലറ്റിക് മീറ്റിൽ 4X 400 മീറ്റർ റിലേയിൽ വെങ്കല മെഡൽ നേടിയ ടീമിലും അംഗമായിരുന്നു. പെരിഞ്ഞനം ചക്കരപ്പാടം സ്വദേശിയായ മഠത്തിപ്പറമ്പിൽ അഷ്റഫിൻന്റെയും ജെസിയുടെയും മൂന്നു മക്കളിൽ ഇളയ മകനാണ് അഷ്ഫാഖ്.


