ദേശീയ ഗെയിംസ്: സജൻ പ്രകാശിലൂടെ കേരളത്തിന് രണ്ട് മെഡൽ
text_fieldsഉത്തരാഖണ്ഡിൽ ദേശീയ ഗെയിംസ് മത്സരങ്ങൾക്ക് ചൂടുപിടിച്ചപ്പോൾ മെഡൽ പട്ടികയിൽ അക്കൗണ്ട് തുറന്ന് കേരളം. പുരുഷന്മാരുടെ നീന്തലിൽ സജൻ പ്രകാശ് ഇരട്ട വെങ്കലം നേടി. 200 മീറ്റർ ഫ്രീസ്റ്റൈലിലും 100 മീറ്റർ ബട്ടർഫ്ലൈയിലുമാണ് സജൻ മൂന്നാംസ്ഥാനത്തെത്തിയത്.
200 മീറ്റർ ഫ്രീസ്റ്റൈലിൽ കർണാടക താരങ്ങളായ ശ്രീഹരി നടരാജിനും അനീഷ് എസ്. ഗൗഡക്കും പിന്നിൽ ഒരു മിനിറ്റ് 53.73 സെക്കൻഡിൽ ഫിനിഷ് ചെയ്തു. 100 മീറ്റർ ബട്ടർഫ്ലൈയിൽ നിലവിലെ റെക്കോഡുകാരൻ കൂടിയായ സജൻ 54.52 സെക്കൻഡിൽ മത്സരം പൂർത്തിയാക്കിയാണ് മൂന്നാമനായത്. തമിഴ്നാടിന്റെ ബെനഡിക്റ്റ് രോഹിത് സ്വർണവും മഹാരാഷ്ട്രയുടെ മിഹിർ ആംബ്രെ വെള്ളിയും നേടി. വനിത 200 മീറ്ററിൽ കർണാടകക്കായി മത്സരിച്ച മലയാളി ദിനിധി ദേശിംഘു രണ്ട് മിനിറ്റ് 03.24 സെക്കൻഡിൽ ഫിനിഷ് ചെയ്ത് പുതിയ റെക്കോഡ് സ്ഥാപിച്ചു.
അതേസമയം, വനിത ബീച്ച് ഹാൻഡ്ബാളിൽ തുടർച്ചയായ മൂന്നാം ജയവുമായി കേരളം സെമി ഫൈനലിൽ പ്രവേശിച്ചു. ബംഗാളിനെ 2-0ത്തിനാണ് തോൽപിച്ചത്. വനിത ഷൂട്ടിങ് 10 മീറ്റർ എയർ റൈഫിളിൽ കേരളത്തിന്റെ വിദർശ കെ. വിനോദ് ഫൈനലിലെത്തിയിട്ടുണ്ട്. വനിത വോളിബാളിൽ ബംഗാളിനെയും ബാസ്കറ്റ്ബാളിൽ ഉത്തർപ്രദേശിനെയും വീഴ്ത്തി കേരളം ആദ്യ ജയമാഘോഷിച്ചു.