ദേശീയ ഗെയിംസ്: കേരളത്തിന്റെ ആദ്യ സംഘം ഉത്തരാഖണ്ഡിൽ
text_fieldsദേശീയ ഗെയിംസ് വുഷു കേരള ടീം
കോഴിക്കോട്: ദേശീയ ഗെയിംസ് മത്സരങ്ങൾ ജനുവരി 26ന് തുടങ്ങാനിരിക്കെ കേരളത്തിന്റെ ആദ്യ സംഘം ഉത്തരാഖണ്ഡിലെത്തി. ഒമ്പത് താരങ്ങളും നാല് സപ്പോർട്ടിങ് സ്റ്റാഫുമടങ്ങുന്ന വുഷു ടീം ഡെറാഡൂണിൽ പരിശീലനവും ആരംഭിച്ചു. 28നാണ് ഗെയിംസിന്റെ ഔദ്യോഗിക ഉദ്ഘാടനം. മത്സരങ്ങൾ 26ന് ആരംഭിക്കും. ഫെബ്രുവരി 14 വരെ നീളുന്ന ഗെയിംസിൽ വിവിധ സംസ്ഥാനങ്ങളിൽനിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളിൽനിന്നും സ്പോർട്സ് ബോർഡുകളിൽനിന്നുമായി 9728 താരങ്ങൾ പങ്കെടുക്കും.
26ന് ആരംഭിക്കുന്ന ട്രയാത് ലൺ മത്സരത്തോടെ 38ാമത് ഗെയിംസ് തുടങ്ങും. ഇതിൽ ഇറങ്ങേണ്ട കേരള താരങ്ങൾ മൂന്നാറിൽ പരിശീലനത്തിലാണ്. 27ന് ബീച്ച് ഹാൻഡ്ബാൾ, 28ന് ബാസ്കറ്റ്ബാൾ മത്സരങ്ങളും തുടങ്ങും.
29 ഇനങ്ങളിൽ 600ഓളം താരങ്ങൾ കേരളത്തെ പ്രതിനിധാനം ചെയ്യും. ബാസ്കറ്റ്ബാൾ, വോളിബാൾ, ബാഡ്മിന്റൺ, ഫെൻസിങ്, ജൂഡോ, ഖൊ ഖൊ, ഷൂട്ടിങ്, സ്ക്വാഷ്, നീന്തൽ, വാട്ടർ പോളോ, ഭാരദ്വഹനം, ഗുസ്തി, സൈക്ലിങ് ടീമുകളെ പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിന് ഏറെ പ്രതീക്ഷയുള്ള കളരിപ്പയറ്റ് ഇക്കുറി പ്രദർശന ഇനം മാത്രമാക്കി. ഇതിനുള്ള ടീമും തയാറായിക്കഴിഞ്ഞു.
ഫുട്ബാൾ ടീമിനെ കണ്ടെത്താനുള്ള ക്യാമ്പ് കൽപറ്റയിൽ പുരോഗമിക്കുകയാണ്. അത്‌ലറ്റിക്‌സ് ടീം പ്രഖ്യാപിച്ചിട്ടില്ല. 23 വനിതകളും 18 പുരുഷന്മാരുമായി 41 അംഗ സംഘത്തെയാണ് കളത്തിലിറക്കുക. 10 ഒഫിഷ്യൽസുമുണ്ടാവും. മെഡൽ പ്രതീക്ഷയായ 11 അന്താരാഷ്ട്ര താരങ്ങൾ പിന്മാറിയത് കേരളത്തിന്റെ പ്രകടനത്തെ ബാധിക്കുമെന്ന ആശങ്കയുണ്ട്.


