നീരജ് ക്ലാസിക്! ‘നീരജ് ചോപ്ര ക്ലാസിക്’ അന്താരാഷ്ട്ര ജാവലിൻത്രോയിൽ ചാമ്പ്യൻ
text_fieldsബംഗളൂരു: നീരജ് ചോപ്ര ക്ലാസിക് അന്താരാഷ്ട്ര ജാവലിൻ മത്സരത്തിൽ സ്വർണമണിഞ്ഞ് നീരജ്. ബംഗളൂരു ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന പ്രഥമ മത്സരത്തിൽ ആദ്യ ചുവട് പിഴച്ചെങ്കിലും മൂന്നാം ശ്രമത്തിൽ 86.18 മീറ്റർ എറിഞ്ഞാണ് നീരജിന്‍റെ നേട്ടം.
കെനിയയുടെ ജൂലിയസ് യെഗോ (84.51 മീ.) വെള്ളിയും ശ്രീലങ്കയുടെ റുമേഷ് പതിരങ്കെ (84.34 മീ.) വെങ്കലവും നേടി. മെഡൽ പ്രതീക്ഷയുണ്ടായിരുന്ന ബ്രസീലിന്‍റെ ലൂയിസ് മൗറീഷ്യോ ഡിസിൽവ നിരാശപ്പെടുത്തി. ആദ്യ റൗണ്ടിൽ ആദ്യ ശ്രമത്തിൽതന്നെ നീരജ് മികച്ച ഏറ് കണ്ടെത്തിയെങ്കിലും ഫൗളായി. രണ്ടാമത്തെയും മൂന്നാമത്തെയും ശ്രമങ്ങളിൽ ഗംഭീരമായി തിരിച്ചുവന്നു. രണ്ടാം ശ്രമത്തിൽ 82.99ഉം മൂന്നാം ശ്രമത്തിൽ 86.18ഉം മീറ്റർ താണ്ടി താരം ലീഡിലായി.
മൂന്നാം ശ്രമത്തിൽ സ്വർണത്തിലേക്കുള്ള ദൂരവും കണ്ടെത്തി. തുടക്കത്തിൽ മികച്ച ഏറ് കണ്ടെത്താൻ വിഷമിച്ച കെനിയൻ താരം ജൂലിയസ് യോഗോ നാലാം ശ്രമത്തിൽ 84.51 മീറ്റർ എറിഞ്ഞിട്ട് വെള്ളി നേടി. ആദ്യ റൗണ്ടിൽ സ്ഥിരതയോടെ എറിഞ്ഞ ശ്രീലങ്കൻ താരം റുമേഷായിരുന്നു അപ്രതീക്ഷിത കുതിപ്പ് നടത്തിയത്. രണ്ടും മൂന്നും ശ്രമത്തിൽ രണ്ടാം സ്ഥാനത്തെത്തിയ താരം മൂന്നാം ഏറിൽ വെങ്കലദൂരം കുറിച്ചു. ഇന്ത്യയുടെ സച്ചിൻ യാദവും യശ്വീറും ഫൈനൽ റൗണ്ടിലെത്തി.