പ്രൈം വോളിബാൾ സീസൺ 4; മത്സരങ്ങൾ നാളെ മുതൽ ഹൈദരാബാദിൽ ആദ്യ കളിയിൽ ബ്ലാക്ക് ഹോക്സിനെതിരെ കാലിക്കറ്റ് ഹീറോസ്
text_fieldsടീം പരിശീലനത്തിൽ
ഹൈദരാബാദ്: പ്രൈം വോളിബാള്‍ ലീഗ് നാലാം സീസണിന് വ്യാഴാഴ്ച ഹൈദരാബാദിൽ തുടക്കം. ഗച്ചിബൗളി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍. 21 ദിവസങ്ങളിലായി നടക്കുന്ന 38 മത്സരങ്ങളിൽ 10 ടീമുകളാണ് കപ്പിനായി രംഗത്തുള്ളത്. നാളെ രാത്രി 8.30ന് ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഹൈദരാബാദ് ബ്ലാക്ക് ഹോക്സ് നിലവിലെ ചാമ്പ്യന്മാരായ കാലിക്കറ്റ് ഹീറോസിനെ നേരിടും. പുതിയ ടീമായ ഗോവ ഗാര്ഡിയന്സിനെക്കൂടി ഉൾപ്പെടുത്തിയതോടെയാണ് പങ്കാളിത്തം പത്തിലേക്ക് ഉയർന്നത്. രണ്ട് പൂളുകളായി തിരിച്ചാണ് ഇത്തവണ മത്സരങ്ങള്‍.
ഗോവ ഗാര്‍ഡിയന്‍സ്, ചെന്നൈ ബ്ലിറ്റ്സ്, കൊച്ചി ബ്ലൂ സ്പൈക്കേഴ്സ്, ബംഗളൂരു ടോര്‍പ്പിഡോസ്, കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്സ് എന്നിവരാണ് പൂള് എയിലുള്ളത്. ഹൈദരാബാദ് ബ്ലാക്ക് ഹോക്സ്, ഡല്‍ഹി തൂഫാന്‍സ്, അഹ്മദാബാദ് ഡിഫന്‍ഡേഴ്സ്, മുംബൈ മിറ്റിയോര്‍സ്, കാലിക്കറ്റ് ഹീറോസ് ടീമുകൾ ബി പൂളിലും. ഓരോ ടീമും ലീഗ് ഘട്ടത്തില്‍ ഏഴ് മത്സരങ്ങള്‍ കളിക്കും. പോയന്റ് ടേബിളിലെ ആദ്യ നാല് ടീമുകള്‍ ഒക്ടോബര്‍ 24ന് നടക്കുന്ന സെമിഫൈനലിലേക്ക് മുന്നേറും. ഒക്ടോബര്‍ 26നാണ് ഫൈനല്‍.