സ്വന്തം റെക്കോഡ് തകരുമ്പോൾ സേവ്യർ പറഞ്ഞു; സബാഷ് സജൻ...
text_fieldsസജൻ പ്രകാശും സെബാസ്റ്റ്യൻ സേവ്യറും
ഹൽദ്വാനി: ഇത്തവണ ദേശീയ ഗെയിംസിലെ അവസാന മത്സരവും പൂർത്തിയാക്കി സജൻ പ്രകാശ് നീന്തൽക്കുളത്തിൽനിന്ന് കയറുമ്പോൾ കേരളത്തിന്റെ ദൗത്യസംഘത്തലവൻ സെബാസ്റ്റ്യൻ സേവ്യർ സമീപത്തുണ്ട്. ഓരോ മെഡൽനേട്ടത്തിലും താരത്തെ അഭിനന്ദിക്കുന്ന അദ്ദേഹം സ്വന്തം റെക്കോഡ് തകരുന്നതും സന്തോഷത്തോടെ നോക്കിനിന്നു. സജൻ ഉത്തരാഖണ്ഡിലെത്തുന്നതുവരെ, ദേശീയ ഗെയിംസ് ചരിത്രത്തിൽ കേരളത്തിനായി ഏറ്റവുമധികം മെഡലുകൾ സ്വന്തമാക്കിയയാൾ സേവ്യറായിരുന്നു. 21 സ്വർണവും ഏഴ് വെള്ളിയുമാണ് 1993-2001 കാലത്ത് അദ്ദേഹം നീന്തൽക്കുളത്തിൽനിന്ന് വാരിയെടുത്തത്. ഈ എണ്ണം മറികടന്ന് സജൻ 30ലെത്തി.
സ്വർണനേട്ടത്തിന്റെ കാര്യത്തിൽ പക്ഷേ സെബാസ്റ്റ്യൻ സേവ്യറിനെ വെല്ലാൻ സജനായിട്ടില്ല. നാല് ഗെയിംസുകളിൽ ഇറങ്ങിയ കേരള പൊലീസ് താരം സ്വന്തമാക്കിയത് 16 സ്വർണ മെഡലുകളാണ്. ഇതിനേക്കാൾ അഞ്ചെണ്ണം കൂടുതലുണ്ട് സേവ്യറിന്. 1993ലെ പുണെ ഗെയിംസിൽ ഏഴ് സ്വർണവും രണ്ട് വെള്ളിയും, 19997ൽ ബാംഗ്ലൂരിൽ ആറ് സ്വർണവും മൂന്ന് വെള്ളിയും, 1999ൽ ഇംഫാലിൽ ഏഴ് സ്വർണവും രണ്ട് വെള്ളിയും, 2001ൽ ഹൈദരാബാദിൽ ഒരു സ്വർണവുമാണ് അദ്ദേഹം നീന്തിയെടുത്തത്. സജന് ഇത്തവണ ലഭിച്ചത് ഓരോ സ്വർണവും വെള്ളിയും രണ്ട് വെങ്കലവുമാണ്. സേവ്യറിന് ശേഷം സജനായിരുന്നു നീന്തലിൽ കേരളത്തിന്റെ മേൽവിലാസം. വനിതകളിൽ ഹർഷിത ജയറാമിലൊതുങ്ങി. മൂന്ന് ഗെയിംസുകളിൽ അഞ്ച് സ്വർണമടക്കം ഏഴ് മെഡലുകൾ ഹർഷിതയും നീന്തിപ്പിടിച്ചു.
കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും കേരളത്തിലെ നീന്തൽരംഗം ഏറെ പരിതാപകരമാണെന്ന് സേവ്യർ തുറന്നടിക്കുന്നു. സജനും സമാന അഭിപ്രായമാണ്. സജനും ഹർഷിതയുമെല്ലാം ബംഗളൂരുവിലാണ് പരിശീലിക്കുന്നത്. കേരളത്തിൽ വളർന്നുവരുന്ന താരങ്ങൾക്ക് മികച്ച പരിശീലന സൗകര്യങ്ങൾ ഒരുക്കണമെന്ന് സേവ്യറും സജനും ആവശ്യപ്പെടുന്നു. തനിക്ക് പിൻഗാമികളുണ്ടാവണമെന്ന ആഗ്രഹം ഹർഷിതയും പങ്കുവെച്ചു. സൗത്ത് വെസ്റ്റ് റെയിൽവേയിൽ ഉദ്യോഗസ്ഥരാണ് സേവ്യറും ഹർഷിതയും.