ആദ്യ മെഡൽ പോരാട്ടം 3000 മീറ്ററിൽ; സ്കൂൾ കായികമേളയിൽ അത്ലറ്റിക്സിന് ഇന്ന് തുടക്കം
text_fieldsസംസ്ഥാന സ്കൂൾ കായികമേളയുടെ ഭാഗമായി നടക്കുന്ന അത്ലറ്റിക്സ് മത്സരത്തിൽ പങ്കെടുക്കാനെത്തിയ താരങ്ങൾ പരിശീലനത്തിൽ -പി. അഭിജിത്
കോഴിക്കോട്: കായിക കേരളത്തിന്റെ കൗമാരക്കരുത്തും വേഗതയും മാറ്റുരക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിലെ അത്ലറ്റിക്സ് പോരാട്ടങ്ങൾക്ക് ചൊവ്വാഴ്ച തുടക്കമാകുന്നു. ചാത്തമംഗലം എൻ.ഐ.ടി കാമ്പസിലെ സിന്തറ്റിക് ട്രാക്കിൽ ചൊവ്വാഴ്ച രാവിലെ ഏഴിന് സീനിയർ ആൺകുട്ടികളുടെ 3000 മീറ്റർ മത്സരത്തോടെയാണ് മെഡൽ വേട്ടക്ക് തുടക്കമാകുക.
വരുംദിനങ്ങളിൽ കായികപ്രേമികളെ ആവേശത്തിലാഴ്ത്തുന്ന കടുത്ത പോരാട്ടങ്ങൾക്കാണ് കോഴിക്കോട് വേദിയാകുന്നത്. അഞ്ച് ദിവസങ്ങളിലായി 98 ഇനങ്ങളിൽ കുട്ടികൾ മാറ്റുരക്കും. 31നാണ് മേളക്ക് ഫിനിഷിങ് വിസിൽ മുഴങ്ങുന്നത്. ചൊവ്വാഴ്ച 400 മീറ്റർ ഫൈനൽ ഉൾപ്പെടെ 14 ഫൈനൽ പോരാട്ടങ്ങൾ നടക്കും. മേളയിലെ പ്രധാന ആകർഷണമായ വേഗതാരങ്ങളെ കണ്ടെത്താനുള്ള 100 മീറ്റർ ഫൈനൽ മത്സരങ്ങൾ ബുധനാഴ്ച രാത്രി ഏഴിനാണ് ക്രമീകരിച്ചിരിക്കുന്നത്.
ഹാട്രിക് സ്വപ്നത്തിൽ മലപ്പുറം; പക്ഷേ എളുപ്പമല്ല
കഴിഞ്ഞ രണ്ടുതവണയും ചാമ്പ്യൻപട്ടം ചൂടിയ മലപ്പുറം ഇക്കുറി കിരീടത്തിൽ ഹാട്രിക് തികക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇറങ്ങുന്നത്. കഴിഞ്ഞ തവണ 22 സ്വർണവും 29 വെള്ളിയും 24 വെങ്കലവുമടക്കം 247 പോയന്റ് നേടി അതിശയിപ്പിക്കുന്ന പ്രകടനമാണ് മലപ്പുറം കാഴ്ചവെച്ചത്.
ഇത്തവണ കാര്യങ്ങൾ മലപ്പുറത്തിന് പൂർണമായും അനുകൂലമല്ല. തുടർച്ചയായി ചാമ്പ്യന്മാരായ മലപ്പുറത്തിന് കരുത്തേകിയിരുന്ന തിരുനാവായ നാവാമുകുന്ദ എച്ച്.എസ്.എസ് ഇത്തവണ കളിക്കളത്തിലില്ല എന്നത് വലിയ തിരിച്ചടിയാണ്. കായികാധ്യാപകരും മാനേജ്മെന്റും തമ്മിലെ തർക്കങ്ങൾ കാരണം സ്കൂളിൽനിന്ന് പ്രമുഖ താരങ്ങൾ കൊഴിഞ്ഞുപോയതാണ് ഇതിന് കാരണം.
കഴിഞ്ഞതവണ സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാനം നേടിയ ടീം ഇല്ലാത്തത് വലിയ ആശങ്കയുയർത്തുന്നുണ്ടെങ്കിലും ഐഡിയൽ സ്കൂളിനൊപ്പം ആലത്തിയൂർ സ്കൂൾകൂടി കരുത്തുകാട്ടുമെന്ന വലിയ പ്രതീക്ഷയിലാണ് മലപ്പുറം.
സിംഹാസനം തിരിച്ചുപിടിക്കാൻ പാലക്കാടിന്റെ വൻനിര
കഴിഞ്ഞ വർഷത്തെ റണ്ണറപ്പുകളായ പാലക്കാട് ഇക്കുറി നഷ്ടപ്പെട്ട സിംഹാസനം തിരികെപ്പിടിക്കാൻ വൻ തയാറെടുപ്പുകളോടെയും തികഞ്ഞ ആത്മവിശ്വാസത്തോടെയുമാണ് കോഴിക്കോട്ടേക്ക് വണ്ടികയറിയത്. ഇത്തവണ മേളയിലെ ഏറ്റവും ശക്തമായ ടീമുകളിലൊന്നായാണ് പാലക്കാട് എത്തുന്നത്.
സംസ്ഥാന മീറ്റിന്റെ ട്രാക്കുകളിൽ ഒന്നര പതിറ്റാണ്ടോളം തുടർച്ചയായി ചാമ്പ്യന്മാരായി വാണ പാരമ്പര്യമുള്ള പറളി എച്ച്.എസ്.എസ് തന്നെയാണ് ഇത്തവണയും പാലക്കാടിന്റെ മുന്നണിപ്പോരാളികൾ. ജില്ല മീറ്റിൽ 25 സ്വർണവും 11 വെള്ളിയും മൂന്ന് വെങ്കലവും വാരിക്കൂട്ടിയാണ് പറളി തങ്ങളുടെ ആധിപത്യം വീണ്ടും ഉറപ്പിച്ചത്.
ഒപ്പം ജില്ല മീറ്റിൽ കേവലം ഒറ്റ പോയന്റിന്റെ വ്യത്യാസത്തിൽ മാത്രം പറളിയോട് രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെട്ട മുണ്ടൂർ എച്ച്.എസ്.എസ് കൂടി ചേരുമ്പോൾ പാലക്കാടിന്റെ കരുത്ത് ഇരട്ടിക്കും. ഇവർക്ക് പുറമേ വടവന്നൂർ വി.എം.എച്ച്.എസ്.എസ്, പാലക്കാട് ബി.ഇ.എം.എച്ച്.എസ്.എസ്, മാത്തൂർ സി.എഫ്.ഡി.എച്ച്.എസ്.എസ് തുടങ്ങിയ സ്കൂളുകളും മികച്ച പ്രകടനങ്ങളോടെ ടീമിന് വൻ തുണയാകും.
പഴയ രാജാക്കന്മാരുടെ തിരിച്ചുവരവും ആതിഥേയരുടെ പ്രതീക്ഷയും
പഴയകാല ചാമ്പ്യന്മാരായ എറണാകുളവും കോട്ടയവും വമ്പൻ തിരിച്ചുവരവിന് തയാറെടുത്താണ് ഇത്തവണ എത്തുന്നത്. എറണാകുളത്തിന്റെ മാർ ബേസിൽ എച്ച്.എസ്.എസ്, കോട്ടയത്തിന്റെ സി.കെ.എം.എച്ച്.എസ് കോരുത്തോട് എന്നിവർ പഴയ പ്രതാപം വീണ്ടെടുക്കാനുള്ള വാശിയിലാണ്.
സ്വന്തം തട്ടകത്തിൽ കിരീടത്തിൽ കുറഞ്ഞതൊന്നും ആതിഥേയരായ കോഴിക്കോടും ലക്ഷ്യമിടുന്നില്ല. പുല്ലൂരാംപാറ സെന്റ് ജോസഫ്സ് എച്ച്.എസ്.എസ് തന്നെയാണ് ആതിഥേയരുടെ പ്രധാന പ്രതീക്ഷ. കൂടാതെ തിരുവനന്തപുരം ജി.വി. രാജ സ്പോർട്സ് സ്കൂൾ, പാലാ സെന്റ് തോമസ് എച്ച്.എസ്.എസ് എന്നിവരും പോരാട്ടരംഗത്തുണ്ടാകും.
അഞ്ചാം കിരീട സ്വപ്നവുമായി ഐഡിയൽ; കടുത്ത പോരുമായി മറ്റു സ്കൂളുകളും
സ്കൂൾ തലത്തിലെ ചാമ്പ്യൻപട്ടത്തിനായുള്ള പോരാട്ടത്തിൽ മലപ്പുറം-പാലക്കാട് അതിർത്തിയോട് ചേർന്ന കടകശ്ശേരി ഐഡിയൽ ഇ.എച്ച്.എസ്.എസ് ആണ് പ്രധാന ആകർഷണം. 2022ൽ ചാമ്പ്യന്മാരായ ശേഷം തുടർന്ന് വന്ന മൂന്ന് വർഷങ്ങളിലും കിരീടം നിലനിർത്തിയ ഐഡിയൽ ഇത്തവണ അഞ്ചാം തവണയും ചാമ്പ്യൻപട്ടം തൂക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇറങ്ങുന്നത്.
ജില്ല മീറ്റിൽ 43 സ്വർണവും 36 വെള്ളിയും 18 വെങ്കലവും വാരിക്കൂട്ടിയാണ് ഐഡിയൽ വരുന്നത്. എന്നാൽ, ഐഡിയലിന് വഴി അത്ര എളുപ്പമാകില്ല. ഒന്നര പതിറ്റാണ്ട് സംസ്ഥാന മീറ്റ് ഭരിച്ച പാരമ്പര്യമുള്ള പാലക്കാടിന്റെ പറളി എച്ച്.എസ്.എസ്, ഒറ്റ പോയന്റ് വ്യത്യാസത്തിൽ രണ്ടാം സ്ഥാനത്തായ മുണ്ടൂർ സ്കൂൾ, വടവന്നൂർ സ്കൂൾ എന്നിവർ ശക്തമായ വെല്ലുവിളിയുയർത്തും.
എറണാകുളം ജില്ല ചാമ്പ്യന്മാരായ മാർ ബേസിൽ (32 സ്വർണം), തുടർച്ചയായി 16 വർഷം സംസ്ഥാന ചാമ്പ്യന്മാരായ കോട്ടയത്തിന്റെ കോരുത്തോട് (25 സ്വർണം), കോഴിക്കോടിന്റെ പുല്ലൂരാംപാറ സെന്റ് ജോസഫ്സ് (29 സ്വർണം) എന്നിവരെല്ലാം സ്കൂൾ വിഭാഗത്തിലെ ചാമ്പ്യൻ പട്ടത്തിനായി ഇത്തവണ അവസാന നിമിഷം വരെ പൊരുതും.
അവസാന നിമിഷം വരെ പ്രവചനാതീതമായ പോരാട്ടങ്ങൾക്ക് വഴിയൊരുക്കുന്ന ജില്ല മീറ്റ് പ്രകടനങ്ങൾ കാണിക്കുന്നത്, ഇത്തവണ കിരീടപ്പോരാട്ടം മുൻ വർഷങ്ങളേക്കാൾ കടുപ്പമേറിയതാകുമെന്നാണ്. പുതിയ ചാമ്പ്യന്മാർ പിറക്കുമോ അതോ മലപ്പുറവും ഐഡിയലും തങ്ങളുടെ സാമ്രാജ്യം കാത്തുസൂക്ഷിക്കുമോ എന്ന് വരുംദിനങ്ങളിൽ ട്രാക്കിൽ അറിയാം.


