നൂറടിച്ച് ആതിഥേയർ! തിരുവനന്തപുരം ബഹുദൂരം മുന്നിൽ; അത്ലറ്റിക്സിൽ പാലക്കാട്
text_fieldsതിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികമേളയിൽ നൂറ് സ്വർണമെന്ന നേട്ടം പിന്നിട്ട്, ഓവറോൾ പോയന്‍റ് നിലയിൽ ആതിഥേയരായ തിരുവനന്തപുരം ബഹുദൂരം മുന്നിൽ. 109 സ്വർണവും 81വെള്ളിയും 109 വെങ്കലവുമടക്കം 967പോയന്‍റുമായാണ് തലസ്ഥാനത്തിന്‍റെ മുന്നേറ്റം. 49 സ്വർണമടക്കം 454 പോയന്‍റുള്ള തൃശൂരാണ് രണ്ടാമത്. ഗെയിംസിൽ 70ഉം നീന്തലിൽ 30ഉം സ്വർണം തിരുവനന്തപുരം സ്വന്തമാക്കി.
അത്ലറ്റിക്സിൽ പാലക്കാടാണ് ആദ്യദിനം കുതിക്കുന്നത്. രാവിലെ നടന്ന 3000 മീറ്ററിൽ നാല് സ്വർണവും പാലക്കാട്ടുകാർക്കായിരുന്നു. അഞ്ച് സ്വർണവും നാല് വെള്ളിയും ഒരു വെങ്കലവുമടക്കം 38 പോയന്‍റുമായി അത്ലറ്റിക്സിൽ പാലക്കാട് ഏറെ മുന്നിലാണ്. പാലക്കാട്ടെ മുണ്ടൂർ എച്ച്.എസ്.എസിന് 13ഉം പറളി എച്ച്.എസ്.എസിന് 10ഉം പോയന്‍റുണ്ട്. കോഴിക്കോട് പൂല്ലൂരാംപാറ സെന്‍റ് ജോസഫ്സ് എച്ച്.എസ്.എസിനും 13 പോയന്‍റുണ്ട്.
ജൂനിയർ ആൺകുട്ടികളുടെ നൂറു മീറ്ററിൽ ആലപ്പുഴ ചാരമംഗലം ഗവ. ഡി.വി. എച്ച്.എസ്.എസിലെ അതുൽ ടി.എം 37 വർഷം പഴക്കമുള്ള മീറ്റ് റെക്കോഡ് തകർത്ത് അത്ലറ്റിക്സിന്‍റെ ആദ്യദിനം ശ്രദ്ധേയതാരമായി. പാലക്കാട് ചിറ്റുർ ജി.എച്ച്.എസ്.എസിലെ ജെ. നിവേദ് കൃഷ്ണ (സീനിയർ) വേഗമേറിയ താരമായി. ഇന്ന് അത്ലറ്റിക്സിൽ 25 ഇനങ്ങളിൽ ജേതാക്കളെ തീരുമാനിക്കും.
റെക്കോഡുകൾ തിരുത്തി അതുലും ദേവപ്രിയയും
തിരുവനന്തപുരം: മൂന്നര പതിറ്റാണ്ടിലേറെ നീണ്ട കായിക കേരളത്തിന്‍റെ കാത്തിരിപ്പിന് ഒടുവിൽ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കിൽ ഫുൾസ്റ്റോപ്പ്. സംസ്ഥാന സ്കൂൾ കായികമേളയിൽ 38ഉം 37ഉം വർഷം പഴക്കമുള്ള റെക്കോഡുകൾ തകർന്നുവീണു.
സബ് ജൂനിയർ പെൺകുട്ടികളുടെ 100 മീറ്ററിൽ ഏറ്റവും പഴക്കമുള്ള റെക്കോഡ് പുതുക്കി ഇടുക്കി കാൽവരി മൗണ്ട് സി.എച്ച്.എസ് സ്കൂൾ വിദ്യാർത്ഥിനി ദേവപ്രിയ ഷൈബു താരമായി. 12.69 സെക്കൻഡിൽ ദേവപ്രിയ ഫിനിഷ് ചെയ്തു. കണ്ണൂർ സ്പോർട്സ് ഡിവിഷനിലെ സിന്ധു മാത്യു 1987ൽ കുറിച്ച 12.70 സെക്കൻഡാണ് ദേവപ്രിയ മറികടന്നത്. മെഡലുകൾ സൂക്ഷിക്കാൻ വീട് പോലുമില്ലാത്ത ദേവപ്രിയക്ക് കഴിഞ്ഞ വർഷം വാഗ്ദാനം ചെയ്ത വീട് ലഭിച്ചില്ലെന്ന സങ്കടമുണ്ട്.
37 വർഷം പഴക്കമുള്ള റെക്കോർഡ് തിരുത്തി ടി.എം. അതുലും ചരിത്രം കുറിച്ചു. ജൂനിയർ ആൺകുട്ടികളുടെ 100 മീറ്റർ ഓട്ടത്തിലാണ് ആലപ്പുഴ ചാരമംഗലം ജി.ഡി.വി.എച്ച്.എസ്.എസിലെ പ്ലസ് വൺ വിദ്യാർഥി റെക്കോഡ് തകർത്തത്. 1988ൽ ജി.വി രാജയുടെ താരമായിരുന്ന പി. റാംകുമാറിന്‍റെ 100 മീറ്ററിലെ 10.90 സെക്കൻഡ് അതുൽ 10.81 സെക്കന്‍ഡിലേക്ക് തിരുത്തി. അതുലിന്‍റെ ചരിത്രക്കുതിപ്പിന് സാക്ഷ്യം വഹിച്ച് റാംകുമാറും ഗാലറിയിലുണ്ടായിരുന്നത് അത്യപൂർവ നിമിഷമായി. തന്‍റെ റെക്കോഡ് തകർത്ത താരത്തെ കെട്ടിപ്പുണർന്ന റാംകുമാർ സമ്മാനമായി 10,000 രൂപയും കൈമാറി. ആലപ്പുഴ ചെത്തി തൈയിൽ വീട്ടിൽ മത്സ്യത്തൊഴിലാളിയ ജയ്മോന്‍റെയും മേരി സിനിമോളുടെയും മകനായ അതുലിനെ സ്പോർട്സ് കൗൺസിൽ പരിശീലകനായ സാംജിയാണ് നാലുവർഷമായി പരിശീലിപ്പിക്കുന്നത്.
റാംകുമാറിന്‍റെ 32 വർഷത്തെ അലച്ചിലിന് അന്ത്യം
തിരുവനന്തപുരം: കോട്ടയം നെഹ്റു സ്റ്റേഡിയത്തിൽ മൂന്നരപ്പതിറ്റാണ്ടുമുമ്പ് ജൂനിയർ ആൺകുട്ടികളുടെ 100 മീറ്ററിൽ താൻ കുറിച്ച റെക്കോഡ് തകരുന്നത് കാണാൻ 1992 മുതൽ പി. റാംകുമാർ സ്ഥിരമായി സംസ്ഥാന സ്കൂൾ കായികമേളയിലെ 100 മീറ്റർ ഓട്ടം മത്സരം കാണാൻ എത്താറുണ്ട്. വെറുതെ കാണുക മാത്രമല്ല, റെക്കോഡ് തകർക്കുന്നവർക്ക് നൽകാൻ പോക്കറ്റിൽ 10,000 രൂപയും സൂക്ഷിക്കും. പക്ഷേ കഴിഞ്ഞ 32 വർഷവും കാശ് പോക്കറ്റിൽ നിന്ന് പുറത്തേക്കെടുക്കേണ്ടി വന്നില്ല.
ഒടുവിൽ നിരാശബാധിച്ചതോടെ കഴിഞ്ഞ വർഷം കൊച്ചിയിൽ നടന്ന കായികമേളക്ക് പാലക്കാട് റെയിൽവേ ഉദ്യോഗസ്ഥനായ അദ്ദേഹം എത്തിയില്ല. എന്നാൽ ഇത്തവണ അദ്ദേഹം വീണ്ടുമെത്തിയപ്പോൾ ചരിത്രം മറ്റൊന്നായിരുന്നു. റെക്കോഡ് തകർക്കപ്പെട്ടതിൽ സന്തോഷമുണ്ടെന്നും അതിനെക്കാൾ വലിയ സന്തോഷം 32 വർഷത്തെ തന്‍റെ അലച്ചിലിന് അവസാനമുണ്ടായതിനാണെന്നും റാം കുമാർ ‘മാധ്യമ’ത്തോട് പറഞ്ഞു.


