സംസ്ഥാന ജൂനിയർ അത്‍ലറ്റിക് മീറ്റ്: കിരീടത്തിൽ പാലക്കാടൻ മുത്തം
text_fieldsതിരുവനന്തപുരത്ത് നടന്ന സംസ്ഥാന ജൂനിയർ അത്ലറ്റിക് മീറ്റിൽ ഓവറോൾ ചാമ്പ്യന്മാരായ പാലക്കാട് ടീം പി.ബി. ബിജു
തിരുവനന്തപുരം: 69ാമത് സംസ്ഥാന ജൂനിയർ അത്ലറ്റിക് മീറ്റിൽ പാലക്കാട് ചാമ്പ്യന്മാർ. 28 സ്വർണവും 17 വെള്ളിയും 27 വെങ്കലവുമടക്കം 539 പോയന്‍റുമായാണ് നേട്ടം.
19 സ്വർണവും 28 വെള്ളിയും 23 വെങ്കലവും നേടി 461.5 പോയന്‍റുമായി മലപ്പുറം രണ്ടാം സ്ഥാനവും 21 സ്വർണവും 16 വെള്ളിയും 14 വെങ്കലവുമടക്കം 370 പോയന്‍റുമായി തിരുവനന്തപുരം മൂന്നാം സ്ഥാനവും സ്വന്തമാക്കി. 14 വയസ്സിന് താഴെയുള്ള ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിൽ തിരുവനന്തപുരം ചാമ്പ്യന്മാരായി.
16 വയസ്സിന് താഴെയുള്ള ആൺകുട്ടികളുടെ വിഭാഗത്തിൽ മലപ്പുറവും പെൺകുട്ടികളുടെ വിഭാഗത്തിൽ കണ്ണൂരും 18 വയസ്സിന് താഴെയുള്ള ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിൽ പാലക്കാടും 20 വയസ്സിന് താഴെയുള്ള പെൺകുട്ടികളുടെ വിഭാഗത്തിൽ കോട്ടയവും ആൺകുട്ടികളുടെ വിഭാഗത്തിൽ മലപ്പുറവും കിരീടം നേടി.
അവസാന ദിനമായ ഇന്നലെ മൂന്ന് മീറ്റ് റെക്കോഡുകളാണ് പിറന്നത്. 20 വയസ്സിന് താഴെയുള്ള പുരുഷന്മാരുടെ 200 മീറ്ററിൽ എറണാകുളത്തിന്‍റെ എസ്.ആർ. രോഹൻ ഏഴ് വർഷം പഴക്കമുള്ള റെക്കോഡ് തിരുത്തി. 2018ൽ എറണാകുളത്തിന്‍റെ ടി.വി. അഖിലിന്‍റെ 21.71 സെക്കൻഡ് 21.52 സെക്കൻഡിലേക്കാണ് രോഹൻ മാറ്റിയത്. 20 വയസ്സിന് താഴെയുള്ള വനിതകളുടെ ഷോട്ട്പുട്ടിൽ കാസർകോടിന്‍റെ വി.എസ്.അനുപ്രിയ റെക്കോഡോടെ സ്വർണം എറിഞ്ഞിട്ടു. 2018ൽ തിരുവനന്തപുരത്തിന്‍റെ മേഘ മറിയം മാത്യുവിന്‍റെ 13.32 മീറ്റർ 13.62 മീറ്ററിലേക്ക് എറിഞ്ഞാണ് അനുപ്രിയ റെക്കോഡ് നേട്ടം കൈവരിച്ചത്.
20 വയസ്സിന് താഴെയുള്ള പെൺകുട്ടികളുടെ 3000 മീറ്റർ സ്റ്റീപ്ൾ ചെയ്സിൽ കോട്ടയത്തിന്‍റെ സി.ആർ. നിത്യയായിരുന്നു മറ്റൊരു റെക്കോഡിനവകാശി. 2019ൽ എറണാകുളത്തിന്‍റെ അൻസു ജോസഫിന്‍റെ 12 മിനിറ്റ് 16 സെക്കൻഡ് പ്രകടനം 11 മിനിറ്റ് 45 സെക്കൻഡിലേക്കാണ് നിത്യ തിരുത്തിയെഴുതിയത്. മത്സരത്തിൽ എറണാകുളത്തിന്‍റെ ഗോപിക ഗോപി വെള്ളിയും കോട്ടത്തിന്‍റെ അലന്‍റീന മറിയ ജോസഫ് വെങ്കലവും നേടി.