സംസ്ഥാന സീനിയര്‍ അത്‌ലറ്റിക് മീറ്റ് തുടങ്ങി; ആദ്യദിനം പാലക്കാടന്‍ കുതിപ്പ്
text_fieldsസംസ്ഥാന സീനിയര്‍ അത്‌ലറ്റിക്സ് വനിത ഷോട്ട് പുട്ടില്‍ റെക്കോഡോടെ സ്വർണം നേടിയ വി.എസ്. അനുപ്രിയ (കാസർകോട്) -പി.ബി ബിജു
തിരുവനന്തപുരം: സംസ്ഥാന സീനിയര്‍ അത്‌ലറ്റിക് മീറ്റിന്‍റെ ആദ്യദിനം ട്രാക്കിലും പിറ്റിലും പാലക്കാടൻ ആധിപത്യം. ആദ്യദിനം 22 ഫൈനലുകൾ പൂർത്തിയായപ്പോൾ 77 പോയന്‍റുമായാണ് പാലക്കാടിന്‍റെ മുന്നേറ്റം. 74 പോയന്‍റോടെ കോട്ടയം രണ്ടാമതും 66 പോയന്‍റുമായി തിരുവനന്തപുരം മൂന്നാം സ്ഥാനത്തുമുണ്ട്. ഏഴു റെക്കോഡുകളാണ് പിറന്നത്.
വനിത 10,000 മീറ്ററില്‍ പാലക്കാടിന്‍റെ റീബാ ആന്‍ ജോര്‍ജ് (36 മിനിറ്റ് 51.3 സെക്കന്‍ഡ്), പോള്‍ വോള്‍ട്ടില്‍ വയനാടിന്‍റെ മരിയ ജെയ്സൻ (4.05 മീറ്റര്‍), ഷോട്ട് പുട്ടില്‍ കാസർകോടിന്‍റെ വി.എസ്. അനുപ്രിയ (13.26 മീറ്റര്‍) പുരുഷന്‍മാരുടെ 110 മീറ്റര്‍ ഹര്‍ഡ്ല്‍സില്‍ തിരുവനന്തപുരത്തിന്‍റെ സി.മുഹമ്മദ് ഫായിസ് (14.28 സെക്കന്‍ഡ്), ലോങ് ജംപില്‍ എറണാകുളത്തിന്‍റ സി.വി അനുരാഗ് (7.87 മീറ്റര്‍), പോള്‍വോള്‍ട്ടില്‍ കണ്ണൂരിന്‍റെ കെ.ജി ജീസന്‍ (4.91 മീറ്റര്‍), 4x100 റിലേയില്‍ പാലക്കാടിനായി ഇറങ്ങിയ ആർ.അജിൻ, എം. മനീഷ്, ആർ.ലൈജു, പി.കെ.ജിഷ്ണു പ്രസാദ് (41.30 സെക്കന്‍ഡ്) എന്നിവരാണ് റെക്കാര്‍ഡിന് അര്‍ഹരായത്.
100 മീറ്ററിൽ പാലക്കാടിന്‍റെ പി.കെ ജിഷ്ണുപ്രസാദ് 10.68 സെക്കന്‍ഡില്‍ ഓടിയെത്തി വേഗമേറിയ പുരുഷ താരമായി. പാലക്കാടിന്‍റെ തന്നെ ആര്‍.അജിന്‍ (10.69 ) രണ്ടാമതും തിരുവനന്തപുരത്തിന്‍റെ ഡി.ബി ബിബിന്‍ (10.71) മൂന്നാമതുമെത്തി. വനിതകളിൽ കൊല്ലത്തിന്‍റെ കെ.ആര്‍ദ്ര വേഗറാണിയായി. 11.87 സെക്കന്‍ഡിലാണ് ആര്‍ദ്ര സ്വര്‍ണത്തിൽ മുത്തമിട്ടത്. ഇടുക്കിയുടെ എ.ആരതി (12.09) വെള്ളിയും തിരുവനന്തപുരത്തിന്‍റെ എ.പി ഷില്‍ബി (12.10) വെങ്കലവും നേടി.
മീറ്റിന്‍റെ അവസാനദിനമായ ഇന്ന് 23 ഫൈനലുകൾ നടക്കും. മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന് അന്തിമോചാരമർപ്പിച്ചശേഷമാകും ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ രണ്ടാം ദിനം മത്സരങ്ങൾ ആരംഭിക്കുക.