വനിതലോകകപ്പ് ചെസിൽ വീണ്ടും സമനില; ടൈബ്രേക്കർ തിങ്കളാഴ്ച
text_fieldsമത്സരത്തിനിടെ ദിവ്യ ദേശ്മുഖും കൊനേരു ഹംപിയും
ബറ്റുമി (ജോർജിയ): ഫിഡെ വനിത ലോകകപ്പ് ചെസില്‍ ഇന്ത്യൻ താരങ്ങളുടെ ചരിത്ര ഫൈനൽ പോരാട്ടത്തിലെ ജേതാവിനെ കണ്ടെത്താനുള്ള രണ്ടാം മത്സരവും സമനിലയിൽ പിരിഞ്ഞതോടെ, നിർണായകമായ ടൈബ്രേക്കർ തിങ്കളാഴ്ച നടക്കും.
ഇന്ത്യൻ താരങ്ങളായ ദിവ്യ ദേശ്മുഖും കൊനേരു ഹംപിയും തമ്മിലുള്ള പോരാട്ടമാണ് രണ്ടാം തവണയും സമനിലയിൽ പിരിഞ്ഞത്. ഇതോടെ ഇരുവർക്കും ഒരു പോയിന്റ് വീതമായി. ആദ്യ മത്സരത്തിലും ഇരുവരും സമനിലയിൽ പിരിഞ്ഞിരുന്നു.
വനിത ചെസ് ലോകകപ്പ് ജേതാവിനെ കണ്ടെത്താനുള്ള രണ്ടാം മത്സരവും സമനിലയിൽ പിരിഞ്ഞതോടെ, നിർണായക ടൈബ്രേക്കർ തിങ്കളാഴ്ചയാണ്. ഇതാദ്യമായാണ് രണ്ടു ഇന്ത്യന്‍ വനിതകള്‍ ലോകകപ്പ് ഫൈനലിൽ കളിക്കുന്നത്.
നേരത്തെ, മുൻ ലോക വനിത ചാമ്പ്യൻ ചൈനയുടെ ടാൻ സോംഗിയെ 101 നീക്കങ്ങൾ നീണ്ട മാരത്തൺ കളിയിൽ തോൽപിച്ചാണ് ദിവ്യ ദേശ്മുഖ് ഫൈനലിലെത്തിയത്. സെമിയിൽ ചൈനയുടെ തന്നെ ലീ ടിങ്ജിക്കെതിരെ ടൈബ്രേക്കറിലായിരുന്നു കൊനേരു ഹംപിയുടെ ജയം.