ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്; സെവില്ലെയും മെലിസയും വേഗതാരങ്ങൾ
text_fieldsഒബ്ലിക് സെവില്ലെ
ടോക്യോ: ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിലെ ഗ്ലാമർ ഇനമായ 100 മീറ്റർ ഓട്ടത്തിൽ ജേതാക്കളായി ജമൈക്കക്കാരൻ ഒബ്ലിക് സെവില്ലെയും യു.എസിന്റെ മെലിസ ജെഫേഴ്സൻ വുഡനും. പുരുഷ വിഭാഗത്തിൽ 9.77 സെക്കൻഡിൽ പൂർത്തിയാക്കിയാണ് സെവില്ലെ ജേതാവായത്. സഹതാരം കിഷാനെ തോംപ്സൻ (9.82) വെള്ളി നേടിയപ്പോൾ യു.എസിന്റെ ഒളിമ്പിക് ചാമ്പ്യൻ നോഹ ലൈൽസ് (9.89) വെങ്കലത്തിലൊതുങ്ങി.
വനിതകളിൽ 10.61 സെക്കൻഡിൽ ഓടിയെത്തി ചാമ്പ്യൻഷിപ് റെക്കോഡോടെയാണ് മെലിസ പൊന്നണിഞ്ഞത്. ജമൈക്കയുടെ ടിന ക്ലൈറ്റൻ (10.76) രണ്ടാമതും സെന്റ് ലൂസിയയുടെ ഒളിമ്പിക് ചാമ്പ്യൻ ജൂലിയൻ ആൽഫ്രഡ് (10.84) നാലാമതുമെത്തി. നിലവിലെ ചാമ്പ്യൻ യു.എസിന്റെ ഷാകാരി റിച്ചാർഡ്സണിന് (10.94) അഞ്ചാംസ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.
മെലിസ ജെഫേഴ്സൻ വുഡൻ
വനിത മാരത്തണിൽ കെനിയയുടെ പെരെസ് ജെപ്ചിർചിർ സുവർണ ജേത്രിയായി. ഇത്യോപ്യയുടെ ടിഗ്സ്റ്റ് അസെഫയുമായി ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് ഒന്നാമതെത്തിയത്. പെരെസ് രണ്ട് മണിക്കൂർ 24 മിനിറ്റ് 43 സെക്കൻഡിലും അസെഫ രണ്ട് മണിക്കൂർ 24 മിനിറ്റ് 45 സെക്കൻഡിലും പൂർത്തിയാക്കി. വനിത ഡിസ്കസ് ത്രോയിൽ യു.എസിന്റെ വലാരീ അൽമാനാണ് (69.48) ചാമ്പ്യൻ. വനിത ലോങ് ജംപിൽ താര ഡേവിസ് വുഡ്ഹാളും (7.13 മീ.) സ്വർണം കരസ്ഥമാക്കി.
ചരിത്രത്തിലേക്ക് ചാടി കുശാരെ
രണ്ടാംദിനം ഇന്ത്യക്ക് ആശ്വാസമേകി പുരുഷന്മാരുടെ ഹൈജംപിൽ സർവേശ് അനിൽ കുശാരെയുടെ ചരിത്ര പ്രകടനം. ഈ ഇനത്തിൽ ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ് ഫൈനലിൽ പ്രവേശിക്കുന്ന ആദ്യ ഇന്ത്യക്കാരനാണ് കുശാരെ. യോഗ്യത മാർക്കായ 2.25 മീറ്റർ ചാടിയാണ് 12 പേരുൾപ്പെടുന്ന ഫൈനലിലേക്ക് കുശാരെ ടിക്കറ്റെടുത്തത്.
മെഡൽപ്പോരാട്ടം ചൊവ്വാഴ്ച നടക്കും. അതേസമയം, പുരുഷന്മാരുടെ 10,000 മീറ്റർ ഓട്ടം ഫൈനലിൽ ഇന്ത്യയുടെ ഗുൽവീർ സിങ് 16ാം സ്ഥാനത്തായി. 29 മിനിറ്റ് 13.33 സെക്കൻഡിലാണ് ഫിനിഷ് ചെയ്തത്. ഫ്രാൻസിന്റെ ജിമ്മി ഗ്രീസിയർ (28:55.77) സ്വർണം നേടി. മലയാളി താരം എം. ശ്രീശങ്കർ തിങ്കളാഴ്ച പുരുഷന്മാരുടെ ലോങ് ജംപ് യോഗ്യത റൗണ്ടിൽ മത്സരിക്കും.
ഇന്ത്യ ഇന്ന്
5.45am വനിത 3000 മീ. സ്റ്റീപ്ൾ ചേസ് ഹീറ്റ്സ് -പാരുൾ ചൗധരി, അങ്കിത ധ്യാനി
4.10pm പുരുഷ ലോങ് ജംപ് യോഗ്യത -എം. ശ്രീശങ്കർ
4.50pm പുരുഷ 110 മീ. ഹർഡ്ൽസ് ഹീറ്റ്സ് -തേജസ് ഷിർസെ