ലോകം പിടിക്കാൻ ഇന്ത്യ
text_fieldsനീരജ് ചോപ്ര
ന്യൂഡൽഹി: നീരജ് ചോപ്രയെന്ന നിത്യ ഹരിത നായകൻ വന്നതിൽ പിന്നെ ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ് ഇന്ത്യയുടെത് കൂടിയാണ്. അവിടെയും സ്വർണം പിടിക്കാൻ രാജ്യത്തിന്റെ ചുണക്കുട്ടികളുണ്ടെന്ന് തെളിയിച്ച ഒളിമ്പിക് മെഡൽ ജേതാവ് ഇത്തവണയുമുണ്ട് ഇന്ത്യൻ സ്വപ്നങ്ങളിലെ രാജകുമാരനായി. ഇന്ന് ടോക്യോ കളിമുറ്റത്ത് ലോക താരങ്ങൾ മെഡൽ തേടി അങ്കം കുറിച്ചുതുടങ്ങുമ്പോൾ രാജ്യം പ്രതീക്ഷയിലാണ്.
നീരജും കൂടെ മൂന്ന് പിള്ളേരും ഇറങ്ങുന്ന ജാവലിൻ തന്നെയാണ് ഇന്ത്യൻ മെഡൽ സ്വപ്നങ്ങളിലെ ഒന്നാം നമ്പർ. 2023ലെ ബുഡപെസ്റ്റ് ചാമ്പ്യൻഷിപ്പിൽ 88.17 മീറ്റർ താണ്ടി ചോപ്രയായിരുന്നു ചാമ്പ്യൻപട്ടം മാറോടു ചേർത്തത്. നിലവിലെ ഒളിമ്പിക് ചാമ്പ്യൻ പാക് താരം അർഷാദ് 87.82 മീറ്റർ എറിഞ്ഞ് അന്ന് രണ്ടാമനായി.
ചെക്ക് റിപ്പബ്ലിക്കിന്റെ ജേക്കബ് വാഡ്ലീച്ച് (86.67 മീറ്റർ) മൂന്നാമതും. സെപ്റ്റംബർ 18ന് നടക്കുന്ന ഫൈനലിൽ ഇന്ത്യൻ താരം സ്വർണത്തിലേക്ക് ജാവലിൻ പായിച്ചാൽ ലോകചാമ്പ്യൻഷിപ്പിൽ ജാവലിനിൽ തുടർച്ചയായ രണ്ടുതവണ സ്വർണത്തിൽ മുത്തമിടുന്ന മൂന്നാം താരമെന്ന ചരിത്രം സ്വന്തമാക്കാനാകും. ചോപ്രയുടെ കോച്ച് കൂടിയായ ജാൻ സെലസ്നി (1993, 1995), കരീബിയൻ കരുത്തുമായി ഇപ്പോഴും മത്സര രംഗത്തുള്ള 27കാരൻ ആൻഡേഴ്സൺ പീറ്റേഴ്സ് (2019, 2022) എന്നിവരാണ് മുമ്പ് ഈ റെക്കോഡ് തൊട്ടവർ.
ടോക്യോയിലെത്തിയ 19 അംഗ ഇന്ത്യൻ സംഘത്തെ നയിക്കുന്ന ചോപ്രതന്നെ മെഡൽ പ്രതീക്ഷകളിൽ ഒന്നാമത്. 2024ലെ പാരിസ് ഒളിമ്പിക്സിൽ വലിയ ദൂരം കുറിച്ച് സ്വർണം തൊട്ട അർഷാദിനെതിരെ മധുര പ്രതികാരംകൂടി രണ്ടുതവണ ഒളിമ്പിക് മെഡൽ ജേതാവായ ചോപ്ര ലക്ഷ്യമിടുന്നുണ്ട്. 2021ൽ ഒളിമ്പിക് സ്വർണം മാറോടുചേർത്ത മൈതാനമെന്ന ആനുകൂല്യം ഇന്ത്യൻ താരത്തിന് അനുകൂലമാകുമെങ്കിലും ഡയമണ്ട് ലീഗ് ചാമ്പ്യൻ ജൂലിയൻ വെബർ അടക്കം ഏറ്റവും കരുത്തരുടെ നിരയെ പിറകിലാക്കുകയെന്ന വലിയ ദൗത്യമാണ് മുന്നിൽ.
മൂവർക്കും പുറമെ കെനിയയുടെ 2015ലെ ലോക ചാമ്പ്യൻ ജൂലിയസ് യൂഗോ, 2012ലെ ഒളിമ്പിക് ചാമ്പ്യൻ കിഷോൺ വാൽകോട്ട്, വെറ്ററൻ താരം വാഡ്ലിച്, കഴിഞ്ഞ മാസം 91 മീറ്ററിലേറെ എറിഞ്ഞ് അത്ഭുതപ്പെടുത്തിയ ബ്രസീൽ താരം ലൂയിസ് ഡാ സിൽവ എന്നിവരെല്ലാം ടോക്യോയിൽ അങ്കം കുറിക്കാനുണ്ട്.
അടുത്ത ബുധനാഴ്ചയാണ് യോഗ്യത റൗണ്ട്. ഫൈനൽ പിറ്റേന്നും. ഈ സീസണിൽ 90 മീറ്ററിലേറെ ദൂരം മൂന്നുതവണ എറിഞ്ഞിട്ട ജർമനിയുടെ 31കാരനായ വെബർതന്നെയാണ് ഒന്നാം ഫാവറിറ്റ്. കഴിഞ്ഞ മാസമാണ് ഡയമണ്ട് ലീഗിൽ ഒന്നാമതെത്തിയത്. 91.51 മീറ്റർ ലോക റെക്കോഡും താരത്തിന്റെ പേരിലാണ്. കഴിഞ്ഞ മേയിൽ ദോഹ ഡയമണ്ട് ലീഗിൽ 90 മീറ്റർ പിന്നിട്ട ചോപ്ര പക്ഷേ, സമീപകാലത്ത് അത്രയും ദൂരം പിന്നിട്ടിട്ടില്ല. വെബറുമായി മുഖാമുഖത്തിൽ 3-1ന് ജർമൻ താരംതന്നെ മുന്നിൽ.
ജാവലിനിൽ ഇന്ത്യൻ പട
നീരജ് ചോപ്രയോളം ഇതുവരെയും കരുത്തുകാട്ടിയില്ലെങ്കിലും മൂന്നുപേർകൂടി ഇതേയിനത്തിൽ അങ്കം കുറിക്കുന്നുണ്ട്. സചിൻ യാദവ്, യശ്വീർ സിങ്, രോഹിത് യാദവ് എന്നിവരാണവർ. നാലുപേർ ഇതേയിനത്തിൽ മറ്റൊരു രാജ്യത്തെയും പ്രതിനിധാനം ചെയ്യുന്നില്ല. ചോപ്ര വൈൽഡ് കാർഡ് എൻട്രിയാണെങ്കിൽ മറ്റുള്ളവർ ലോക റാങ്കിങ് വഴിയാണ് എത്തുന്നത്.
2023ൽ മൂന്ന് ഇന്ത്യൻ താരങ്ങൾ ഫൈനൽ റൗണ്ടിലെത്തിയിരുന്നു. അന്ന് കിഷോർ ജെന അഞ്ചാമതും ഡി.പി. മനു ആറാമതുമായി. വനിതകളിൽ അന്നു റാണിയും ജാവലിൻ എറിയുന്നുണ്ട്. 3000മീറ്റർ സ്റ്റീപ്ൾ ചേസിൽ പാരുൽ ചൗധരി, പുരുഷ ലോങ്ജംപിൽ മുരളി ശ്രീശങ്കർ, 5000 മീറ്റർ ഓട്ടത്തിൽ ഗുൽവീർ സിങ്, പുരുഷ ട്രിപ്ൾ ജംപിൽ പ്രവീൺ ചിത്രവേൽ എന്നിവരും ഫൈനൽ റൗണ്ട് സ്വപ്നം കാണുന്നവർ.