Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightപൊന്നിനെന്ത് വില !

പൊന്നിനെന്ത് വില !

text_fields
bookmark_border
പൊന്നിനെന്ത് വില !
cancel

കൊച്ചി: ദേശീയ ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ അവസാന ദിനത്തില്‍ രണ്ട് വെള്ളി മെഡലും ഒരു വെങ്കല മെഡലും കരസ്ഥമാക്കി മലയാളി താരങ്ങള്‍. എന്നാല്‍ ഒരു സ്വര്‍ണ മെഡല്‍ പോലും മലയാളി താരങ്ങള്‍ക്ക് നേടാനാവാഞ്ഞത് നിരാശാജനകമായി. വ്യാഴാഴ്ച പുരുഷന്‍മാരുടെ ട്രിപ്പിള്‍ജമ്പില്‍ എയര്‍ഫോഴ്‌സിന്റെ മലയാളി താരം അബ്ദുല്ല അബൂബക്കര്‍ വെള്ളി (16.99) നേടിയപ്പോള്‍ അതേ ഇനത്തില്‍ ജെ.എസ്.ഡബ്യൂ താരം മുഹമ്മദ് മുഹസിന് വെങ്കലം (16.28) ലഭിച്ചു.

വനിതാ ലോങ്ജമ്പില്‍ പരിക്ക് മാറി തിരിച്ചെത്തിയ ആന്‍സി സോജന്‍ വെള്ളി മെഡലോടെ ഏഷ്യന്‍ മീറ്റ് യോഗ്യതയും നേടി. ട്രിപ്പിളില്‍ അബ്ദുല്ല അബൂബക്കറും ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിനുള്ള യോഗ്യതമാര്‍ക്ക് (16.59) മറികടന്നിട്ടുണ്ട്. ചാമ്പ്യന്‍ഷിപ്പില്‍ ആകെ നാല് വെള്ളി മെഡലും ഏഴ് വെങ്കല മെഡലും മലയാളി താരങ്ങള്‍ കരസ്ഥമാക്കി.

അവസാനദിനം രണ്ട് ദേശീയ റെക്കോഡുകള്‍ കൂടി പിറന്നു. പുരുഷ 200 മീറ്ററില്‍ ഒഡീഷയുടെ അനിമേഷ് കുജൂര്‍ പുതിയ സമയം (20.40 സെക്കന്‍ഡ്) കുറിച്ചപ്പോള്‍, ടിപ്പിൾ ജമ്പില്‍ തമിഴ്നാടിന്റെ പ്രവീണ്‍ ചിത്രവേല്‍ സ്വന്തം പേരിലുള്ള ദേശീയ റെക്കോഡ് (17.37 മീറ്റര്‍) നേട്ടത്തിനൊപ്പമെത്തി.

പ്രവീണ്‍ ചിത്രവേല്‍ ലോക ചാമ്പ്യന്‍ഷിപ്പിനും, അനിമേഷ് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിനും യോഗ്യത നേടി. 2022ല്‍ കോഴിക്കോട് നടന്ന ഫെഡറേഷന്‍ മീറ്റില്‍ അംലന്‍ ബോര്‍ഗോഹെയിന്‍ സ്ഥാപിച്ച ദേശീയ റെക്കോഡും, മീറ്റ് റെക്കോഡുമാണ് (20.52) അനിമേഷ് തകര്‍ത്തത്. ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിനുള്ള യോഗ്യത മാര്‍ക്കും ഈ നേട്ടത്തോടെ അനിമേഷ് മറികടന്നു. നിലവിലെ റെക്കോഡ് ജേതാവായ അംലന്‍ 20.80 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് വെള്ളി നേടി.

വനിതാ ലോങ്ജമ്പില്‍ മീറ്റ് റെക്കോഡോടെ സ്വര്‍ണം നേടിയ ശൈലി സിങും ഏഷ്യന്‍ മീറ്റിന് യോഗ്യത നേടി. 6.64 മീറ്റര്‍ ദൂരം കണ്ടെത്തിയ ശൈലി, പരിശീലക കൂടിയായ അഞ്ജു ബോബി ജോര്‍ജിന്റെ 23 വര്‍ഷം പഴക്കമുള്ള റെക്കോഡാണ് (6.59) തകര്‍ത്തത്.

വനിതകളുടെ 200 മീറ്ററില്‍ സ്വര്‍ണം നേടിയ തെലങ്കാനയുടെ നിത്യ ഗന്ധെ സ്പ്രിന്റ് ഡബിള്‍ തികച്ചു. 5000 മീറ്റര്‍ ഓട്ടത്തില്‍ മഹാരാഷ്ട്രയുടെ അന്താരാഷ്ട്ര താരം സഞ്ജീവനി യാദവ് വനിതകളുടെ ഏഷ്യന്‍ യോഗ്യതാ സമയം 16:03.33) മറികടന്ന് സ്വര്‍ണം നേടി (15:43.42). പുരുഷന്മാരുടെ 5,000 മീറ്ററില്‍ ആദ്യ മൂന്ന് സ്ഥാനക്കാരും ഏഷ്യന്‍ യോഗ്യത നേടി.

റെയില്‍വേയുടെ അഭിഷേക് പാല്‍ ഒന്നാമനായി, 13:40.59 സമയത്തിലായിരുന്നു ഫിനിഷിങ്. വനിതാ ഹൈജമ്പില്‍ ഹരിയാനയുടെ പൂജയും (1.84 മീറ്റര്‍), പുരുഷ ഷോട്ട്പുട്ടില്‍ മധ്യപ്രദേശിന്റെ സമര്‍ദീപ് സിങ് ഗിലും (19.34 മീറ്റര്‍) സ്വര്‍ണനേട്ടത്തോടെ ഏഷ്യന്‍ യോഗ്യത നേടി. വനിതകളുടെ 800 മീറ്ററില്‍ ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്കും ഏഷ്യന്‍ യോഗ്യതയുണ്ട്.

റിലയന്‍സിന്റെ ട്വിങ്കിള്‍ ചൗധരിക്കാണ് സ്വര്‍ണം (2:00.71). ഡെക്കാത്ത്ലണില്‍ ജെഎസ്ഡബ്ല്യവിന്റെ തേജസ്വിന്‍ ശങ്കര്‍ 7603 പോയിന്റുമായി സ്വര്‍ണംതൊട്ടു. 800 മീറ്ററില്‍ ഹീറ്റ്്സില്‍ ഏഷ്യന്‍ യോഗ്യത മാര്‍ക്ക് കടന്ന മലയാളി താരം മുഹമ്മദ് അഫ്സലിന് ഫൈനലില്‍ മെഡല്‍ നേടാനായില്ല, നാലാമനായാണ് ഫിനിഷ് ചെയ്തത്.

Show Full Article
TAGS:Federation Cup Athletics Championship Sports News Kerala News 
News Summary - Federation Cup Athletics Championship concludes
Next Story