ഒടുവിൽ പ്രണവ് അതു നേടി; ഈ സ്വർണം ദാദാക്ക്
text_fieldsപുരുഷ 100 മീറ്ററിൽ ഒന്നാമതായി ഫിനിഷ് ചെയ്യുന്ന റെയിൽവേയുടെ പ്രണവ് പ്രമോദ് (424)
കൊച്ചി: എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ തിങ്കളാഴ്ച ആരംഭിച്ച ദേശീയ ഫെഡറേഷന് സീനിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിലെ ഏറ്റവും ഗ്ലാമർ ഇനമായ 100 മീറ്റർ ഓട്ടം തുടങ്ങും മുമ്പേ എല്ലാവരുടെയും കണ്ണുകൾ ദേശീയ റെക്കോഡ് ജേതാവ് ഗുരീന്ദർവീർ സിങ്, ദേശീയ ഗെയിംസിൽ റെക്കോഡോടെ സ്വർണം സ്വന്തമാക്കിയ അനിമേഷ് കുജൂർ എന്നിവരിലേക്കായിരുന്നു. എന്നാൽ, വിസിൽ മുഴങ്ങി ട്രാക്കിൽ തീപാറിയതോടെ കഥ മാറി.
അനിമേഷിനെ രണ്ടാം സ്ഥാനത്തേക്കും ഗുരീന്ദർവീറിനെ അവസാന സ്ഥാനത്തേക്കും തെറിപ്പിച്ച് 10.27 സെക്കൻഡ് വേഗത്തിൽ റെയിൽവേസിന്റെ പ്രണവ് പ്രമോദ് ഗുരവിന് അട്ടിമറി ജയം. ആ ജയത്തിനു പിന്നിൽ ഒരു മധുരനൊമ്പരത്തിന്റെ കഥയുണ്ട്... പലതവണ ദേശീയ മത്സരങ്ങളിൽ രണ്ടാംസ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്ന ഒരാളുടെ സന്തോഷക്കണ്ണീരിന്റെ കഥ. ആദ്യമായി ദേശീയ മീറ്റിൽ നേടുന്നതിന്റെ സന്തോഷം പൂർണമായി ആഘോഷിക്കാൻ പറ്റിയൊരു മാനസികാവസ്ഥയിലായിരുന്നില്ല പ്രണവ്.
കാരണം, അങ്ങുദൂരെ മഹാരാഷ്ട്രയിലെ പുണെയിൽ തന്റെ ദാദാ (മുത്തച്ഛൻ) പ്രായാധിക്യത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയാണ്. തന്റെ നേട്ടം ദാദാ ആയ ഹരി ഗുരവിനാണ് പ്രണവ് സമർപ്പിക്കുന്നത്. 85കാരനായ അദ്ദേഹം വേഗം ആരോഗ്യവാനായി തിരിച്ചുവരണേ എന്ന പ്രാർഥനയാണ് പുണെ ഡിവിഷനൽ റെയിൽവേ മാനേജർ ഓഫിസിൽ ജോലി ചെയ്യുന്ന ഈ യുവാവിനുള്ളത്.
താൻ ജനിച്ചുവളർന്ന നാട്ടിലൊന്നും പരിശീലനത്തിന് സൗകര്യമില്ലാതിരുന്ന അനുഭവവും പ്രണവ് പങ്കുവെക്കുന്നു. പരിശീലന ട്രാക്കിൽ സ്കൂട്ടറോടിക്കുകയാണ് ആളുകൾ. ഇതേക്കുറിച്ച് പൊലീസിൽ പരാതിപ്പെട്ടപ്പോൾ അവർ തന്നോട് ഒച്ചവെച്ചു. സ്കൂളിലൊന്നും കാര്യമായി പ്രോത്സാഹനവും കിട്ടിയില്ല.
18ാം വയസ്സിലാണ് പ്രഫഷനലായി പരിശീലനം തുടങ്ങിയതെന്നും നിത്യേന 80 കിലോമീറ്റർ പരിശീലനത്തിന് മാത്രം യാത്ര ചെയ്തിട്ടുണ്ടെന്നും പ്രണവ് പറയുന്നു. മാതാപിതാക്കളായ പ്രമോദ് ഗുരാവ്, സുവർണ ഗുരാവ്, കോച്ച് അരവിന്ദ് സാവൻ, സുഹൃത്തുക്കൾ, സഹപ്രവർത്തകർ തുടങ്ങിയവരുടെ പിന്തുണയാണ് പ്രണവിന്റെ ഊർജം.