ഉണരുമീ അഫ്ഗാനം ഉരുകുമുള്ളം
text_fieldsറാഷിദ് ഖാനും മുജീബുർറഹ്മാനും വിജയാഘോഷത്തിൽ
രാജ്യത്തെ പിടിച്ചുലച്ച വൻഭൂകമ്പം അനേകായിരങ്ങൾക്ക് മരണമൊരുക്കിയ വേദനകൾക്കിടെയായിരുന്നു ഇംഗ്ലണ്ടിനെതിരെ അഫ്ഗാനിസ്താന്റെ ജയം
ലോകകപ്പിൽ സമീപകാലത്തൊന്നും ഒരു ജയം പോലുമില്ലാതെ ആർക്കും എളുപ്പം കീഴടക്കാവുന്ന ഇത്തിരിക്കുഞ്ഞന്മാർക്കു മുന്നിൽ ഇംഗ്ലണ്ട് വീഴുമ്പോൾ അങ്ങകലെ അഫ്ഗാൻ മണ്ണിൽ ആഘോഷം മിഴി തുറക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഹെറാത്തിനെ പിടിച്ചുലച്ച വൻഭൂകമ്പം അനേകായിരങ്ങൾക്ക് മരണമൊരുക്കിയ വേദനകൾക്കിടെയായിരുന്നു റാഷിദ് ഖാനും കൂട്ടരും ചേർന്ന് ലോകചാമ്പ്യന്മാരെ കശക്കിവിട്ടത്. ഇത് ടീമിന് മാത്രമല്ല, രാജ്യത്തിനും സന്തോഷിക്കാനുള്ള മുഹൂർത്തമാണെന്നായിരുന്നു കളിക്കുടൻ മുൻനിര സ്പിന്നർ റാഷിദിന്റെ പ്രതികരണം.
ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്നാണ് ഡൽഹി മൈതാനത്ത് അഫ്ഗാനിസ്താൻ ആദ്യം ബാറ്റെടുത്തും പിന്നീട് പന്തുകൊണ്ടും സ്വന്തമാക്കിയത്. ടോസ് നേടി ഫീൽഡിങ് തിരഞ്ഞെടുത്ത ഇംഗ്ലീഷുകാർക്ക് വലിയ സന്ദേശം നൽകി ആദ്യ 10 ഓവറിൽതന്നെ അഫ്ഗാൻ ബാറ്റർമാർ കളി കൈയിലെടുത്തിരുന്നു. വിക്കറ്റ് കളയാതെ 79 റൺസ് നേടിയ റഹ്മാനുല്ല ഗുർബാസ്-ഇബ്രാഹിം സദ്റാൻ കൂട്ടുകെട്ട് 17ാം ഓവറിൽ പിരിയുമ്പോൾ ടീം സ്കോർ 114ലെത്തിയിരുന്നു. എന്നിട്ടും തകരാതെ ബാറ്റുവീശിയ പിൻനിരയിൽ ഇക്റാം അലിഖിലും അർധസെഞ്ച്വറി കുറിച്ചാണ് മടങ്ങിയത്. വാലറ്റത്ത് 23 അടിച്ച് റാഷിദ് ഖാനും 16 പന്തിൽ 28 റൺസുമായി മുജീബുറഹ്മാനും പിടിച്ചുനിന്നപ്പോൾ ഇന്നിങ്സ് മോശമല്ലാത്ത 285 റൺസ് എന്ന ലക്ഷ്യത്തിലെത്തിയിരുന്നു.
മികച്ച ബാറ്റർമാരുള്ള ടീമെന്ന നിലക്ക് അനായാസം എല്ലാം കൈയെത്തിപ്പിടിക്കാമെന്ന കണക്കുകൂട്ടലുമായി ഇറങ്ങിയ ഇംഗ്ലണ്ടിനെ ഞെട്ടിച്ച് രണ്ടാം ഓവറിലെ ആദ്യ പന്തിൽ രണ്ടു റൺസ് മാത്രമെടുത്ത് ബെയർസ്റ്റോ മടങ്ങി. അപായം മണക്കാതെ ടീം തുഴഞ്ഞുനിൽക്കുന്നതിനിടെ 11 റൺസ് സമ്പാദ്യവുമായി ജോ റൂട്ട് മുജീബുറഹ്മാന്റെ പന്തിൽ തിരിച്ചുനടന്നു. കഴിഞ്ഞ കളികളിലെ മാസ് ഹിറ്ററായ ഡേവിഡ് മലാനെത്തിയതോടെ ഇന്നിങ്സ് താളം തിരിച്ചുപിടിച്ചെന്ന് തോന്നിച്ച ഘട്ടത്തിൽ മൂന്നാം വിക്കറ്റും വീണു.
മുഹമ്മദ് നബിയായിരുന്നു മലാനെ സദ്റാന്റെ കൈകളിലെത്തിച്ചത്. അപകടകരമായ സ്പിൻ മാജിക്കുമായി പിന്നെയും കളംനിറഞ്ഞ അഫ്ഗാൻ ബൗളിങ്ങിന്റെ മാരക ഫോം അനുഭവിച്ച ഇംഗ്ലീഷുകാർ ഓരോരുത്തരായി തിരിച്ചുകയറുമ്പോൾ 20 ഓവറിൽതന്നെ ടീം തോൽവിക്കരികെയെന്ന നിലയിലായി. മധ്യനിരയിൽ ഹാരി ബ്രൂക്കിന്റെ പ്രകടനം മാത്രമായിരുന്നു മാനം കാത്തത്. 66 റൺസുമായി പിടിച്ചുനിൽക്കാൻ ശ്രമിച്ച താരം മുജീബിന്റെ കറങ്ങിത്തിരിഞ്ഞെത്തിയ പന്തിൽ കൂടാരം കയറി.
ഡേവിഡ് മലാന്റെ 31ഉം ആദിൽ റാഷിദിന്റെ 20ഉം റണ്ണൊഴിച്ചാൽ പരമദയനീയമായിരുന്നു ഇംഗ്ലണ്ട് ബാറ്റിങ്ങിന്റെ സ്ഥിതിവിവരക്കണക്കുകൾ. നേരത്തേ ബൗളിങ്ങിൽ പാളിയത് ബാറ്റിങ്ങിൽ തിരിച്ചുപിടിക്കാമെന്ന കണക്കുകൂട്ടലും തെറ്റിയ ഇംഗ്ലണ്ട് ഒടുവിൽ 69 റൺസ് തോൽവി സമ്മതിക്കുമ്പോൾ തീർച്ചയായും ഓരോ അഫ്ഗാനിക്കും ഇത് ആഘോഷത്തിന്റെ മുഹൂർത്തമായി.
ലോകകപ്പിൽ 2015ൽ സ്കോട്ലൻഡിനെതിരെ കുറിച്ചതാണ് ടീം നേടിയ ഏറ്റവും ഒടുവിലത്തെ വിജയം. അന്നുപോലും ഒരു വിക്കറ്റിന്റെ ദുർബല വിജയമായിരുന്നു. 2019ലെ ലോകകപ്പിൽ ഒരു കളിപോലും ജയിക്കാനാവാത്ത ടീം പക്ഷേ, 14 തോൽവികളുടെ നീണ്ട കഥ അവസാനിപ്പിച്ചാണ് ചാമ്പ്യന്മാർക്കെതിരെ ജയവുമായി പുതിയ ചരിത്രത്തിലേക്ക് ബാറ്റെടുത്തുവെച്ചത്. ഇത്തവണ ആദ്യ കളികളിലെ തോൽവി വെച്ചുനോക്കിയാൽ അത്ഭുതങ്ങൾക്ക് സാധ്യതയില്ലെങ്കിലും ടീമിന് തീർച്ചയായും ആശ്വാസമാകും.
ആദ്യ പവർേപ്ല ഓവറുകളിൽ ശരാശരി എട്ടു റൺസ് എന്ന തോതിൽ അടിച്ചെടുത്ത ടീമിനായി ഗുർബാസിന്റെ പ്രകടനമായിരുന്നു ശരിക്കും ഞെട്ടിച്ചത്. സഹതാരം ഒരുക്കിയ കെണിയിൽ വീണ് വെറുതെ റണ്ണൗട്ടായി മടങ്ങിയില്ലെങ്കിൽ ഇംഗ്ലണ്ടിനു മുന്നിലെ ലക്ഷ്യം ഇതിലേറെ വലുതാകുമായിരുന്നു. അതിനുശേഷം ആദിൽ റാഷിദിന്റെ സ്പിന്നിനു മുന്നിൽ അഫ്ഗാനികൾ ചെറുതായൊന്നു പകച്ചെങ്കിലും കാര്യമായ ആഘാതമേൽപിക്കാൻ അതുകൊണ്ടുമായില്ല. മറുവശത്ത്, അഫ്ഗാൻ സ്പിന്നിന്റെ മൂർച്ച ശരിക്കും ഇംഗ്ലണ്ടിനെ വട്ടം കറക്കി. എട്ടു വിക്കറ്റാണ് മൂന്നു സ്പിന്നർമാർ ചേർന്ന് അഫ്ഗാനിസ്താന് സമ്മാനിച്ചത്. ജയവും അവരുടെ വകയായിരുന്നു. വിലപ്പെട്ട മൂന്നു വിക്കറ്റും 28 റൺസും നേടിയ മുജീബ് തന്നെയായിരുന്നു കളിയിലെ കേമൻ. ഇനിയുള്ള മത്സരങ്ങൾ കുറെക്കൂടി ആവേശകരമാക്കാൻ ഈ ജയം തുടക്കമാകുമെന്ന പ്രതീക്ഷയിലാണ് അഫ്ഗാനിസ്താൻ.