Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightചോരകൊണ്ടെഴുതിയ...

ചോരകൊണ്ടെഴുതിയ റോസോനേരി പ്രണയം, ഓർമ്മകളിൽ പെയ്തിറങ്ങുന്ന കാൽപന്ത് കാവലാൾ; വിട, ഫ്രാങ്കോ ബറേസി

text_fields
bookmark_border
ചോരകൊണ്ടെഴുതിയ റോസോനേരി പ്രണയം, ഓർമ്മകളിൽ പെയ്തിറങ്ങുന്ന കാൽപന്ത് കാവലാൾ; വിട, ഫ്രാങ്കോ ബറേസി
cancel

തൊണ്ണൂറുകളിൽ സാൻ സിറോയുടെ പുൽമൈതാനത്തേക്ക് എ.സി മിലാൻ ഇറങ്ങിവരുമ്പോൾ, ആ വലിയ നിരയുടെ മുന്നിൽ കയ്യിൽ ക്യാപ്റ്റൻ ബാൻഡും അണിഞ്ഞ് ശാന്തനായി നടന്നുനീങ്ങുന്ന ഒരു രൂപമുണ്ടായിരുന്നു. അനാവശ്യ ബഹളങ്ങളില്ലാത്ത, എതിരാളികളുടെ മുന്നേറ്റങ്ങളെ കേവലം കണ്ണുകൾ കൊണ്ട് വായിച്ചെടുക്കുന്ന ഒരതിമാനുഷിക ശാന്തത. ഇന്ന് ആ നായകൻ ജീവിതത്തിൽ നിന്ന് തന്നെ കളമൊഴിയുമ്പോൾ നിലയ്ക്കുന്നത് ഒരു ഫുട്ബോൾ യുഗത്തിന്റെ തന്നെ ധ്വനികളാണ്. 66-ാം വയസ്സിൽ ഫ്രാങ്കോ ബറേസി യാത്രയാകുമ്പോൾ പ്രണാമമർപ്പിക്കുന്നത് റോസോനേരിയുടെ ചരിത്രം മാത്രമല്ല, കളിമൈതാനത്തെ ആത്മാർത്ഥത എന്തെന്ന് അനുഭവിച്ചറിഞ്ഞ കാൽപന്ത് ലോകം ഒന്നാകെയാണ്. "അദ്ദേഹത്തിന്റെ മാതൃകയും മൂല്യങ്ങളും മിലാന്റെ ഡി.എൻ.എയിൽ എന്നും ജീവിക്കും..." എന്ന് ക്ലബ്ബ് വിതുമ്പലോടെ കുറിക്കുമ്പോൾ, അത് കേവലമൊരു അനുശോചനമല്ല, സ്വന്തം നെഞ്ചിലെ ചോരകൊണ്ട് മിലാന്റെ പതാക വാനോളമുയർത്തിയ ഒരു നായകന് സാൻ സിറോയും കാൽപന്ത് ലോകവും കണ്ണീരിലൊഴുക്കുന്ന പ്രണാമമാണ്.

1977-ൽ, ആ പതിനേഴാം വയസ്സിലാണ് ബറേസി മിലാന്റെ പടിവാതിൽ ചവിട്ടുന്നത്. പിന്നീട് 1997-ൽ ബൂട്ട് അഴിച്ചുവെക്കും വരെ, നീണ്ട 20 വർഷക്കാലം റോസോനേരിയുടെ ആ കറുപ്പും ചുവപ്പും കുപ്പായമല്ലാതെ മറ്റൊന്നും ആ ശരീരത്തെ തൊട്ടിട്ടില്ല. പ്രലോഭനങ്ങളുടെ വൻവാഗ്ദാനങ്ങൾ മുന്നിലെത്തിയിട്ടും, തനിക്ക് ശ്വാസമെടുക്കാൻ സാൻ സിറോയിലെ കാറ്റ് തന്നെ വേണമെന്ന് ആ മനുഷ്യൻ ഉറപ്പിച്ചു. 15 കൊല്ലം ആ നായകന്റെ കയ്യിലാണ് മിലാന്റെ ക്യാപ്റ്റൻ ബാൻഡ് ഭദ്രമായിരുന്നത്. 719 മത്സരങ്ങൾ, ഒരു ഡിഫൻഡറായിരുന്നിട്ടും എതിരാളികളുടെ വല കുലുക്കിയ 33 ഗോളുകൾ, ആ കൈകളിലേക്ക് ആറ് സീരി എ കിരീടങ്ങളും മൂന്ന് യൂറോപ്യൻ കപ്പുകളും ഒഴുകിയെത്തി. നാല് സൂപ്പർകോപ്പ ഇറ്റാലിയാന, രണ്ട് യൂറോപ്യൻ സൂപ്പർ കപ്പ്, രണ്ട് ഇന്റർകോണ്ടിനെന്റൽ കപ്പുകൾ. എന്നാൽ ഈ ട്രോഫികൾക്കുമപ്പുറം എത്രയോ മുകളിലായിരുന്നു മാൾഡീനിക്കും കോസ്റ്റാക്കോതയ്ക്കുമൊപ്പം ബറേസി കാവൽ നിന്ന ആ പ്രതിരോധക്കോട്ട. അതുകൊണ്ടുതന്നെയാണ് അദ്ദേഹം കളംവിട്ടപ്പോൾ മിലാൻ ആ ആറാം നമ്പർ ജേഴ്സിയെയും ഒപ്പം പിൻവലിച്ചത്. ഇനി മറ്റാർക്കും അണിയാൻ അവകാശമില്ലാത്ത ഒരു വിശുദ്ധ സ്മരണയായി ആ കുപ്പായം അവിടെ ശേഷിക്കുന്നു.

ഇറ്റലിയുടെ നീലക്കുപ്പായത്തിൽ 81 കളികൾ പൂർത്തിയാക്കിയ ബറേസി 1982-ൽ ലോകകപ്പ് നേടിയ പടയുടെ ഭാഗമായിരുന്നു. എങ്കിലും 1994-ലെ അമേരിക്കൻ ലോകകപ്പ് ആ മനുഷ്യന്റെ ഉള്ളിലെ പോരാട്ടവീര്യത്തിന്റെ ഏറ്റവും വലിയ സാക്ഷ്യമാണ്. ടൂർണമെന്റിന്റെ തുടക്കത്തിൽ മുട്ടിനേറ്റ പരിക്കിന് ശസ്ത്രക്രിയ കഴിഞ്ഞ്, വേദനയെ മുഴുവൻ വകഞ്ഞുമാറ്റി അവിശ്വസനീയ വേഗത്തിലാണ് അദ്ദേഹം ഫൈനലിൽ ബ്രസീലിനെതിരെ ഇറങ്ങിയത്.

റോമാരിയോയും ബെബറ്റോയും നയിച്ച മാരക ആക്രമണങ്ങൾക്ക് മുന്നിൽ 120 മിനിറ്റും ആത്മാവുകൊണ്ടു കാവൽ നിന്ന ആ മനുഷ്യൻ, പക്ഷേ വിധിയുടെ കളിക്കു മുന്നിൽ തോറ്റുപോയി. മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയപ്പോൾ ആദ്യ ഷോട്ടെടുക്കാൻ മുന്നോട്ടുവന്ന ക്യാപ്റ്റന്റെ കാൽതെറ്റി... പന്ത് പോസ്റ്റിന് മുകളിലൂടെ പറന്നുപോയപ്പോൾ നീലക്കുപ്പായത്തിൽ മുട്ടുകുത്തിനിന്ന് വിങ്ങിപ്പൊട്ടിയ ബറേസിയുടെ ചിത്രം, ഓരോ ഫുട്ബോൾ പ്രേമിയുടെയും നെഞ്ചിലെ വിങ്ങുന്ന ഓർമ്മയാണ്. അന്ന് ഫൈനൽ തോറ്റെങ്കിലും, മുറിവേറ്റ കാലുകളുമായി അദ്ദേഹം കാട്ടിയ ആ അതിമാനുഷിക വീര്യത്തെ ഇറ്റലി ഇന്നും നെഞ്ചോട് ചേർത്തുപിടിക്കുന്നു.

തുടക്കത്തിൽ മെലിഞ്ഞുണങ്ങിയ ഒരു പയ്യനായിരുന്നു ബറേസി. മാധ്യമപ്രവർത്തകൻ ജിയാന്നി ബ്രേറ മിലാൻ ഭാഷയിൽ അവനെ 'പിസിനിൻ' (ചെറിയ പയ്യൻ) എന്ന് വിളിച്ചു. 12-ാം വയസ്സിൽ ചേട്ടൻ ബപ്പേ കളിക്കുന്ന ഇന്റർ മിലാന്റെ ട്രയൽസിൽ ചെന്നപ്പോൾ, "ശരീരത്തിന് ബലമില്ല" എന്ന് പറഞ്ഞ് അവർ അവനെ ഇറക്കിവിട്ടു. പക്ഷേ, ആ നിഷേധത്തിൽ തളരാതെ എസി മിലാനിലെത്തിയ ആ പയ്യനാണ് പിന്നീട് ലോകത്തെ ഏറ്റവും വലിയ ഡിഫൻഡറായി വളർന്നത്. മാർക്കോ വാൻ ബാസ്റ്റനും റൂഡ് ഗുള്ളിറ്റുമൊക്കെ സുവർണ്ണകാലത്ത് തിളങ്ങിനിന്നപ്പോഴും, അവരുടെയൊക്കെയും ക്യാപ്റ്റനായി ബറേസി എന്ന നിശ്ശബ്ദനായ നായകൻ തലയുയർത്തി നിന്നു. 1989-ൽ ബാലൺ ഡി ഓർ പുരസ്കാരപ്പട്ടികയിൽ വാൻ ബാസ്റ്റന് തൊട്ടുപിന്നിൽ രണ്ടാമതാകാനും അദ്ദേഹത്തിന് കഴിഞ്ഞു. ഒരു പ്രതിരോധതാരത്തിന് അങ്ങനെയൊന്ന് ചിന്തിക്കാൻ പോലും കഴിയാതിരുന്ന കാലത്തായിരുന്നു അത്. 2025 ഓഗസ്റ്റിൽ ശ്വാസകോശത്തിലെ ശസ്ത്രക്രിയക്ക് വിധേയനായ അദ്ദേഹം, കഴിഞ്ഞ ഫെബ്രുവരിയിൽ മിലാന്റെ മണ്ണിൽ നടന്ന വിന്റർ ഒളിമ്പിക്സ് ഉദ്ഘാടനച്ചടങ്ങിലാണ് അവസാനമായി പ്രകാശപൂരിതമായി നിന്നത്. മൈതാനത്ത് വീര്യം കൊണ്ടും നിശ്ശബ്ദമായ ഗാംഭീര്യം കൊണ്ടും ഫുട്ബോളിനെ ധന്യമാക്കിയ ആ 'ആറാം നമ്പർ' നായകൻ ഇനി സാൻ സിറോയിലെ ഓർമ്മച്ചുവരുകളിൽ അലിയുകയാണ്.

സാൻ സിറോയിലെ കാറ്റിന് ഇന്നിത്തിരി ഗാംഭീര്യക്കൂടുതലുണ്ട്, അതിൽ നെയ്തെടുത്തത് ഒരു യുഗത്തിന്റെ യാത്രയയപ്പാണ്. കണ്ണീരിൽ കുതിർന്ന ആ ആറാം നമ്പർ കുപ്പായവും മൈതാനത്തു പെയ്തൊഴിഞ്ഞ നിശ്ശബ്ദ വീര്യവും ഇനി ഓർമ്മ മാത്രം. നെഞ്ചിലെ കറുപ്പിലും ചുവപ്പിലും പ്രണയം ചാലിച്ച നായകാ...,കാൽപന്തുള്ളിടത്തോളം കാലം നിന്റെ പേര് ഒരു മന്ത്രമായി മുഴങ്ങും. വിട, ഫ്രാങ്കോ ബറേസി... സാൻ സിറോയുടെ കാവലാളേ...!

Show Full Article
TAGS:ac milan Italy footballer ITALIAN SERIE A Football News football player 
News Summary - franco-baresi-ac-milan-legend-passes-away
Next Story