എ.എഫ്.സി ഗോൾകീപ്പിങ് ലെവൽ വൺ ലൈസൻസ് സ്വന്തമാക്കി പുത്തലം സ്വദേശി
text_fieldsമുഹമ്മദ് അനാസിൽ
അരീക്കോട്: ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷന്റെ ഗോൾകീപ്പിങ് ലെവൽ വൺ ലൈസൻസ് സ്വന്തമാക്കി പുത്തലം സ്വദേശി മുഹമ്മദ് അനാസിൽ. ജില്ലയിൽനിന്ന് ഈ നേട്ടം കൈവരിക്കുന്ന ആദ്യ പരിശീലകനാണ് ഇദ്ദേഹം. സംസ്ഥാനത്തുതന്നെ ചുരുങ്ങിയ പേർക്കാണ് ഈ ലൈസൻസ് ലഭിച്ചിട്ടുള്ളത്. ആദ്യഘട്ടത്തിൽ ഡി, സി ലൈസൻസുകൾ ലഭിക്കണം.
ഇതിനുശേഷം നിരവധി കടമ്പകൾ കടന്നുവേണം ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷന്റെ ഗോൾകീപ്പിങ് ലെവൽ വൺ ലൈസൻസ് സ്വന്തമാക്കാൻ. ഇതോടെ ഇനി മുഹമ്മദ് അനാസിലിന് സന്തോഷ് ട്രോഫി, ഐ ലീഗ്, ഐ.എസ്.എൽ ഉൾപ്പെടെയുള്ള മത്സരങ്ങളിൽ പങ്കെടുക്കുന്ന ടീമുകളിലെ ഗോൾ കീപ്പർമാർക്ക് പരിശീലനം നൽകാൻ സാധിക്കും.
എം.ജി യൂനിവേഴ്സിറ്റി, മലപ്പുറം, കോട്ടയം സീനിയർ ഫുട്ബാൾ ടീമുകൾ, മലപ്പുറം എം.എസ്.പി സ്പോർട്സ് സ്കൂൾ, കോട്ടയം ബസേലിയസ് കോളജ് എന്നിവക്കായി ബൂട്ട് കെട്ടിയ താരം ഏറെ വർഷങ്ങളായി പരിശീലന രംഗത്തുണ്ട്.
നിലവിൽ മുത്തൂറ്റ് ഫുട്ബാൾ അക്കാദമി പരിശീലകനാണ്. ലൈസൻസ് സ്വന്തമാക്കാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ടെന്ന് മുഹമ്മദ് അനാസിൽ പറഞ്ഞു. അരീക്കോട് പുത്തലം സ്വദേശി നിസാർ - അനീസ ബാനു ദമ്പതികളുടെ മകനാണ്. ഭാര്യ ഷെർസിയ.