സാവിയുടെയും ഗാർഡിയോളയുടെയും അപേക്ഷകൾ യഥാർഥമല്ല; വിശദീകരണവുമായി എ.ഐ.എഫ്.എഫ്
text_fieldsന്യൂഡൽഹി: സ്പാനിഷ് പരിശീലകരായ സാവി ഹെർണാണ്ടസിന്റെയും പെപ് ഗാർഡിയോളയുടെയും പേരിൽ ഇന്ത്യൻ ഫുട്ബാൾ പരിശീലക സ്ഥാനത്തേക്ക് എത്തിയ ഇ-മെയിൽ വഴിയുള്ള അപേക്ഷകൾ ആധികാരികമല്ലാത്തതിനാൽ തള്ളിയെന്ന് അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ (എ.ഐ.എഫ്.എഫ്).
പുതിയ കോച്ചിനെ തേടിയുള്ള അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷന്റെ അഭ്യർഥനക്കു പിന്നാലെ സ്വന്തം ഇ-മെയിൽ വിലാസത്തിൽനിന്ന് ചാവിയും അപേക്ഷ നൽകിയതായി എ.ഐ.എഫ്.എഫ് ടെക്നിക്കൽ കമ്മിറ്റി അംഗം വെളിപ്പെടുത്തിയത് വിവാദമായതിന് പിന്നാലെയാണ് ഔദ്യോഗിക വിശദീകരണം. ആകെ ലഭിച്ച 170 അപേക്ഷകളിൽ ഒന്നായി ചാവിയുടേതുമുണ്ടായിരുന്നു. എന്നാൽ, മൂന്നുപേരുടെ ചുരുക്കപ്പട്ടികയിൽ ഇതിഹാസ താരത്തെ പരിഗണിച്ചില്ല. ഫുട്ബാൾ ലോകത്തെ ശ്രദ്ധേയ താരങ്ങളെ കോച്ചായി നിയമിക്കാനുള്ള സാമ്പത്തിക ശേഷിയില്ലാത്തതിനാൽ തുടക്കത്തിൽതന്നെ ഒഴിവാക്കുകയായിരുന്നുവെന്നായിരുന്നു പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ടെക്നിക്കൽ കമ്മിറ്റി അംഗം പറഞ്ഞത്.
‘സ്പാനിഷ് പരിശീലകരായ പെപ് ഗാർഡിയോള, സേവി ഹെർണാണ്ടസ് എന്നിവരിൽനിന്ന് ഇ-മെയിൽ ലഭിച്ചിരുന്നു. അവരുടെ അപേക്ഷകളുടെ ആധികാരികത സ്ഥിരീകരിക്കാൻ കഴിഞ്ഞില്ല. പിന്നീട് ഇ-മെയിൽ അപേക്ഷകൾ യഥാർഥമല്ലെന്ന് വെളിപ്പെട്ടിട്ടുണ്ടെന്ന് എ.ഐ.എഫ്.എഫ് വാർത്തക്കുറിപ്പിൽ അറിയിച്ചു. ഐ.എം. വിജയൻ നയിക്കുന്ന ടെക്നിക്കൽ കമ്മിറ്റി, ഇന്ത്യയെ മുമ്പ് പരിശീലിപ്പിച്ചിട്ടുള്ള ഇംഗ്ലീഷുകാരൻ സ്റ്റീഫൻ കോൺസ്റ്റന്റൈനെയും സ്ലോവാക്യയുടെ സ്റ്റെഫാൻ തർക്കോവിച്ചിനെയും ജംഷഡ്പൂർ എഫ്.സിയുടെ മുഖ്യ പരിശീലകനായ ഖാലിദ് ജമീലിനെയും ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം.
സ്പാനിഷ് പരിശീലകരായ മനോലോ മാർക്വേസ് ഒഴിഞ്ഞ മുഖ്യപരിശീലക പദവിയിലേക്ക് ജമീലിനാണ് മുൻതൂക്കം. 2020 യൂറോ ചാമ്പ്യൻഷിപ്പിൽ സ്ലോവാക്യയെ പരിശീലിപ്പിച്ചയാളാണ് തർക്കോവിച്ച്. റോബർട്ട് ലെവൻഡോവ്സ്കി ഉൾപ്പെടുന്ന പോളണ്ടിനെ ആ ചാമ്പ്യൻഷിപ്പിൽ സ്ലോവാക്യ തോൽപിച്ചിരുന്നു. അപേക്ഷിച്ച മറ്റു പ്രമുഖ കോച്ചുമാരെ ഭാവിയിൽ കണക്കിലെടുക്കുമെന്ന് ഐ.എം. വിജയൻ എ.ഐ.എഫ്.എഫിനെ അറിയിച്ചിരുന്നു. ഇന്ത്യൻ ഫുട്ബാളിനെക്കുറിച്ച് അറിവുള്ളവർക്ക് മുൻഗണന നൽകണമെന്നാണ് മുൻ ഇന്ത്യൻ ക്യാപ്റ്റനും ദേശീയ ടീം ഡയറക്ടറുമായ സുബ്രത പോളിന്റെ അഭിപ്രായം. ഇന്ത്യൻ, ഏഷ്യൻ ഫുട്ബാളിന്റെ തനത് ശൈലിയും സംസ്കാരവും ചലനാത്മകതയും മനസ്സിലാക്കുന്ന പരിശീലകനെ നിയമിക്കാൻ പ്രതിജ്ഞാബദ്ധരാണെന്ന് സുബ്രത പറഞ്ഞു.