അജ്സലിന് ഇരട്ടഗോൾ, സന്തോഷ് ട്രോഫിയിൽ തുടക്കം ഗംഭീരമാക്കി കേരളം; പഞ്ചാബിനെ വീഴ്ത്തിയത് 3-1ന്
text_fieldsഗുവാഹതി: സന്തോഷ് ട്രോഫിയിലെ ആദ്യ മത്സരത്തിൽ തകർപ്പൻ ജയവുമായി കേരളം. അസമിലെ സിലാപത്തർ രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പഞ്ചാബിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് കേരളം വീഴ്ത്തിയത്.
മുഹമ്മദ് അജ്സൽ ഇരട്ടഗോളുമായി തിളങ്ങി. എം. മനോജാണ് മറ്റൊരു ഗോൾ നേടിയത്. ആദ്യ പകുതിയിൽ ഒരു ഗോളിനു പിന്നിൽ പോയ കേരളം ഇടവേളക്കുശേഷമാണ് മൂന്നു ഗോളുകളും തിരിച്ചടിച്ചത്. 27ാം മിനിറ്റിൽ ജതീന്ദർ സിങ് റാണയിലൂടെ പഞ്ചാബാണ് ആദ്യം ലീഡെടുത്തത്. 1-0 എന്ന സ്കോറിനാണ് ഇടവേളക്ക് പിരിഞ്ഞത്.
രണ്ടാം പകുതിയിൽ പകരക്കാരായി കളത്തിലെത്തിയ മുഹമ്മദ് സിനാന്റെയും ടി. ഷിജിനിന്റെയും പ്രകടനം ടീമിന്‍റെ വിജയത്തിൽ നിർണായകമായി. 55ാം മിനിറ്റിൽ കോർണറിൽനിന്നുള്ള പന്ത് വലയിലാക്കി മനോജാണ് കേരളത്തെ മത്സരത്തിൽ ഒപ്പമെത്തിച്ചത്. മിനിറ്റുകൾക്കകം കേരളം ലീഡുമെടുത്തു. 58ാം മിനിറ്റിൽ മുഹമ്മദ് അജ്‌സലാണ് ലക്ഷ്യം കണ്ടത്. നാലു മിനിറ്റിനുള്ളിൽ (62ാം മിനിറ്റിൽ) പഞ്ചാബിനെ നെഞ്ച് തകർത്ത് അജ്സൽ വീണ്ടും വലകുലുക്കി.
സിനാനും ഷിജിനും ഓരോ ഗോളിന് വഴിയൊരുക്കി. എട്ട് തവണ സന്തോഷ് ട്രോഫി ജേതാക്കളായ ടീമാണ് പഞ്ചാബ്. ഗ്രൂപ്പ് ബിയിൽ 24ന് റെയിൽവേസുമയാണ് കേരളത്തിന്റെ അടുത്ത മത്സരം. നിലവിലെ റണ്ണറപ്പായി കേരളം എട്ടാം കിരീടമാണ് ലക്ഷ്യമിടുന്നത്. 24ന് റെയിൽവേസും 26ന് ഒഡിഷയും 29ന് മേഘലായയും 31ന് സർവിസസും എതിരാളികളായെത്തും.
ആറ് ടീമുകളടങ്ങുന്ന ഗ്രൂപ്പിൽ ആദ്യ നാല് സ്ഥാനങ്ങളിലെത്തുന്നവർക്കാണ് നോക്കൗട്ട് പ്രവേശനം. കഴിഞ്ഞ തവണ മികച്ച പ്രകടനം ഫൈനലിലെത്തിയ കേരളം ഇൻജുറി ടൈം ഗോളിൽ ബംഗാളിനോട് തോൽക്കുകയായിരുന്നു. 2022ലാണ് മലയാളിപ്പട അവസാനമായി കിരീടം നേടിയത്. ഷഫീഖ് ഹസന്റെ ശിക്ഷണത്തിൽ ജി. സഞ്ജുവാണ് കേരളത്തെ നയിക്കുന്നത്.


