അലിസൺ..നിങ്ങളെന്തൊരു അദ്ഭുതമാണ്!
text_fieldsആറടി നാലിഞ്ചിന്റെ ആകാരസൗഷ്ഠവം. ആന കുത്തിയാലിളകാത്ത ആത്മവീര്യം. ആത്മാർഥതയാണെങ്കിൽ അങ്ങേയറ്റം. പുൽത്തകിടിയിൽ അലിസൺ ബെക്കർ എന്ന അവസാന കാവൽക്കാരന്റെ കരുത്ത് ലോകഫുട്ബാൾ അതിശയത്തോടെ നോക്കിക്കണ്ട രാവുകളിലൊന്നായിരുന്നു ഇന്നലത്തേത്. ആർത്തലച്ചുവന്ന പി.എസ്.ജി മുന്നേറ്റങ്ങളെ അതിരില്ലാത്ത ചങ്കുറപ്പിനാൽ അണകെട്ടി നിർത്തിയ അലിസൺ ആധുനിക ഫുട്ബാളിലെ ഏറ്റവും മികച്ച ഗോളിയെന്ന വിശേഷണത്തിനുകൂടി അവകാശവാദമുന്നയിക്കുകയാണ്.
ചാമ്പ്യൻസ് ലീഗ് ഫുട്ബാളിലെ പ്രീക്വാർട്ടർ മത്സരത്തിന്റെ ആദ്യപാദം. കളി പാരിസ് സെന്റ് ജെർമെയ്ന്റെ തട്ടകമായ പാർക് ഡി പ്രിൻസസിൽ. കളത്തിലെ കരുനീക്കങ്ങളിൽ ലിവർപൂളിനെ പാരിസുകാർ അക്ഷരാർഥത്തിൽ വാരിക്കളഞ്ഞ മത്സരം. കളി പെയ്തുതീരുമ്പോൾ പന്തിന്മേൽ 71 ശതമാനം സമയവും നിയന്ത്രണം പി.എസ്.ജിക്ക്. മത്സരത്തിൽ 27 ഷോട്ടുകൾ ലിവർപൂൾ വലയിലേക്ക് പാരിസുകാർ പായിച്ചപ്പോൾ തിരിച്ചുണ്ടായത് രണ്ടു ഷോട്ടുകൾ മാത്രം. ടാർഗറ്റിലേക്ക് പി.എസ്.ജി 10 തവണ പന്തുതൊടുത്തപ്പോൾ ലിവർപൂളിന്റെ കണക്കിൽ ഒരു ഷോട്ടുമാത്രം.
ഹാർവി എലിയറ്റിന്റെ ആ ഒരേയൊരു ഷോട്ടിൽ വീണുകിട്ടിയ ഗോളിലൂടെ 1-0ത്തിന് കളിഗതിക്കെതിരായി ലിവർപൂൾ വിലപ്പെട്ട എവേജയം പിടിച്ചെടുക്കുമ്പോൾ അലിസണായിരുന്നു താരം. എതിരാളികൾ മുച്ചൂടും നിയന്ത്രണമുറപ്പിച്ച മാച്ചിന്റെ അന്തിമഫലത്തെ ലിവർപൂളിന്റെ വഴിയിലേക്ക് മാറ്റിപ്പണിതത് ഏറക്കുറെ അലിസൺ ഒറ്റക്കായിരുന്നു. അയാളുടെ അതിശയകരമായ അത്യധ്വാനത്തിലൂടെയായിരുന്നു ആ ആവേശജയപ്പിറവി. പി.എസ്.ജിയുടെ ഗോളെന്നുറപ്പിച്ച ഒമ്പത് മിന്നുംശ്രമങ്ങളാണ് അസൂയാവഹമായ കൈക്കരുത്തോടെ 32കാരൻ ഗതിമാറ്റിവിട്ടത്.
തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നാണിതെന്ന് ബ്രസീൽ ദേശീയ ടീം ഗോളി കൂടിയായ അലിസൺ വിലയിരുത്തുന്നു. പി.എസ്.ജി കരുത്തരായിരിക്കുമെന്ന് കോച്ച് ആദ്യമേ സൂചന നൽകിയിരുന്നു. പന്തു കിട്ടിക്കഴിഞ്ഞാൽ അവർ അത്യന്തം അപകടകാരികളാണ്. അതിനെ നേരിടാൻ ഒരുങ്ങിയിരിക്കണം. എന്താണ് വരാനിരിക്കുന്നതെന്നത് കൃത്യമായി ബോധ്യമുണ്ടായിരുന്നതായി അലിസൺ പറയുന്നു. ‘അവൻ അവിശ്വസനീയമായാണ് കളിച്ചത്. ലോകത്തെ മികച്ച ഗോളി അലിസണല്ലാതെ മറ്റാരുമല്ല’ -മത്സരശേഷം എലിയറ്റിന്റെ സർട്ടിഫിക്കറ്റ്.
ഗോൾകീപ്പിങ് തന്റെ രക്തത്തിലലിഞ്ഞ കലയാണെന്ന് ഒരിക്കൽ അലിസൺ വെളിപ്പെടുത്തിയിരുന്നു. പ്രൊഫഷനൽ താരമായിരുന്നില്ലെങ്കിലും മുതുമുത്തച്ഛൻ ഗോൾകീപ്പറായിരുന്നു. സ്വദേശമായ നോവോ ഹാംബർഗോയിലെ അമച്വർ ക്ലബിനുവേണ്ടിയായിരുന്നു അദ്ദേഹം ഗ്ലൗസണിഞ്ഞത്. കൂട്ടുകാർക്കൊപ്പം പന്തുകളിക്കുമ്പോൾ അലിസണിന്റെ പിതാവും ഗോൾകീപ്പറുടെ റോളിലായിരുന്നു. പിന്നീടാണ് ചേട്ടൻ മുറീൽ ഗുസ്താവോ ബെക്കർ ലക്ഷണമൊത്തൊരു ഗോൾകീപ്പറുടെ വേഷത്തിൽ കുടുംബത്തിൽ അവതരിപ്പിക്കുന്നത്.
ആറു വയസ്സിന് മൂപ്പുള്ള ചേട്ടൻ ഗോൾകീപ്പറെ കണ്ട് പ്രചോദിതനായാണ് അലിസണും ഗോൾവരക്കുമുന്നിൽ നെഞ്ചും വിരിച്ച് നിൽക്കാൻ മോഹിച്ചത്. സ്കൂളിൽ പഠിക്കുമ്പോൾ ഹോൾഡിങ് മിഡ്ഫീൽഡറുടെ റോളിൽ കളിച്ചുതുടങ്ങിയശേഷം ചേട്ടനെപ്പോലെയാകാൻ അനിയൻ ഗോൾപോസ്റ്റിനുകീഴിലേക്ക് മാറി. ബാഴ്സലോണ ഗോളി വിക്ടർ വാൽഡേസായിരുന്നു മാതൃകാതാരം. മാനുവൽ ന്യൂയറെയും ഇഷ്ടമായിരുന്നു. വൺ-ഓൺ-വൺ സിറ്റുവേഷനുകളിലെ ബ്രില്യൻസുമായി തിളങ്ങുന്നതിനൊപ്പം ന്യൂയറുടെ ‘സ്വീപ്പർ കീപ്പർ’ ശൈലിയും സ്വാധീനിച്ചു. ഒന്നാന്തരം റിഫ്ലക്സുകളും ഗംഭീര ഷോട്ട് സ്റ്റോപ്പിങ് മിടുക്കും. ബാക്കിൽനിന്ന് പന്ത് കൃത്യമായി ഡിസ്ട്രിബ്യൂട്ട് ചെയ്യാനുള്ള പ്രാവീണ്യം ലിവർപൂളിന് കഴിഞ്ഞ കളിയിലേതുപോലെ നിർണായക സംഭാവനകൾ നൽകിക്കൊണ്ടേയിരിക്കുന്നു. ബ്രസീലിലെ മുൻഗാമികളായ ഹൂലിയോ സീസറുമായും ക്ലോഡിയോ ടഫറേലുമായും താരതമ്യങ്ങളുണ്ടാകുന്നത് സ്വാഭാവികം മാത്രം.
ഗോൾകീപ്പിങ്ങിൽ മാത്രമല്ല, ഭാഷയിലും പണ്ഡിതനാണ് അലിസൺ. പിതാവിന്റെ കുടുംബം ജർമനിയിൽനിന്ന് പണ്ട് ബ്രസീലിലേക്ക് കുടിയേറിയവർ. പിതാവും മുത്തച്ഛനും നന്നായി ജർമൻ സംസാരിക്കും. റോമയിൽ അലിസണിന്റെ ഇരട്ടപ്പേര് ‘ജർമൻ’ എന്നായിരുന്നു. ജർമൻ പാസ്പോർട്ടുമുണ്ട് താരത്തിന്. മാതൃഭാഷയായ പോർചുഗീസിനൊപ്പം ഇറ്റാലിയൻ, സ്പാനിഷ്, ഇംഗ്ലീഷ് ഭാഷകളും നന്നായി വശമുണ്ട്. ലോകാരോഗ്യ സംഘടന തങ്ങളുടെ ഗുഡ്‍വിൽ അംബാസഡറായി അലിസണിനെ തെരഞ്ഞെടുത്തതിനു പിന്നിലെ കാരണങ്ങളിലൊന്ന് ഈ ഭാഷാ പരിജ്ഞാനമാണ്. കടുത്ത ദൈവവിശ്വാസിയായ താരം പെന്തക്കോസ്ത് ക്രിസ്ത്യൻ വിഭാഗക്കാരനാണ്.
2018 ജൂലൈയിൽ അന്നത്തെ ലോക റെക്കോർഡ് തുകയായ 67 ദശലക്ഷം പൗണ്ടിനാണ് അലിസൺ ഇറ്റാലിയൻ ക്ലബായ റോമയിൽനിന്ന് ലിവർപൂളിലേക്ക് കൂടുമാറിയത്. ഇത്രവിലകൊടുത്ത് ഒരു ഗോൾകീപ്പറെ വാങ്ങണോ എന്ന് അന്ന് പുരികം ചുളിച്ചവർ ഏറെയായിരുന്നു. ഏഴു വർഷം മുമ്പുള്ള ആ സന്ദേഹങ്ങൾക്ക് വീണ്ടും വീണ്ടും അലിസൺ അപാരമായ മെയ് വഴക്കം കൊണ്ട് മറുപടി പറഞ്ഞുകൊണ്ടേയിരിക്കുന്നു.