Begin typing your search above and press return to search.
exit_to_app
exit_to_app
അമ്മോ ബാബ, ഇറാഖിന്റെ അങ്കിൾ ഫാദർ
cancel
camera_alt

അ​മ്മോ ബാ​ബ​യും ഉ​ദ​യ് ഹു​സൈ​നും

മെക്സികോയിലെ ഗ്വാദലൂപ്പെയിൽ, ബൊളീവിയക്കെതിരെ ഇറാഖ് താരം അയ്മൻ ഹുസൈന്റെ ബൂട്ടിൽ നിന്നു പിറന്ന ഗോളിന്റെ അലയൊലികൾ പന്തീരായിരത്തിലേറെ കിലോമീറ്റർ സഞ്ചരിച്ച് ബഗ്ദാദിലെ ആ അന്ത്യകുടീരത്തിനരികെ ചെന്ന് മന്ത്രിച്ചിട്ടുണ്ടാകും- ബാബ, നമ്മൾ മറ്റൊരു ലോകകപ്പിനുകൂടി യോഗ്യത നേടിയിരിക്കുന്നു! ഐസ്ക്രീമിനു മുകളിൽ ചെറിപ്പഴമെന്ന പോലെ, മേൽക്കൂരക്കു മുകളിൽ ഒരു പന്തുവെച്ച ആ കുടീരത്തിനുള്ളിൽ നിത്യവിശ്രമം കൊള്ളുന്നത് ഇറാഖി ഫുട്ബാളിന്റെ പിതാവാണ്. 69 വർഷംമുമ്പ് ഇറാഖ് ദേശീയ ഫുട്ബാൾ ടീമിനായി ആദ്യ ഗോൾ സ്കോർ ചെയ്ത ഇമ്മാനുവൽ ബാബ ദാവൂദ് എന്ന അസ്സീറിയൻ വംശജൻ. ക്യാപ്റ്റനായും പരിശീലകനായും അവരുടെ ഫുട്ബാളിനു മേൽവിലാസമുണ്ടാക്കിയ അമ്മോ ബാബ അഥവാ അങ്കിൾ ഫാദർ.

അമ്മോ ബാബയുടെയും അയ്മൻ ഹുസൈന്റെയും രണ്ടു ഗോളുകൾക്കിടയിലെ ദൂരം ഇറാഖി ഫുട്ബാളിന്റെ സംഘർഷഭരിതമായ ചരിത്രമാണ്. ഹ്രസ്വമോ അനായാസമോ ആയിരുന്നില്ല അത്, അവരുടെ ഇത്തവണത്തെ ലോകകപ്പ് യാത്ര പോലെ അതികഠിനമായിരുന്നു. ലോകകപ്പിനു യോഗ്യത നേടാൻ 21 മത്സരങ്ങളാണ് ഇറാഖിനു കളിക്കേണ്ടിവന്നത്. ഏഷ്യൻ മേഖലയിലെ മത്സരങ്ങൾ പിന്നിട്ട ശേഷം മെക്സികോയിൽ നടന്ന വൻകരാ പ്ലേഓഫിൽ ബൊളീവിയയെക്കൂടി തോൽപിച്ച ശേഷമാണ് ഇറാഖ് ടിക്കറ്റ് ഉറപ്പിച്ചത്. മത്സരത്തിന്റെ 53ാം മിനിറ്റിലായിരുന്നു ചരിത്രം കുറിച്ച് അയ്മന്റെ ഗോൾ. ഓഷ്യാനിയ മേഖലയിൽ നിന്ന് ലോകകപ്പ് യോഗ്യത നേടാൻ വെറും അഞ്ച് മത്സരങ്ങൾ മാത്രമാണ് ന്യൂസിലൻഡിനു കളിക്കേണ്ടിവന്നത് എന്നറിയുമ്പോഴാണ് ഇറാഖിന്റെ യോഗ്യതാപ്രയാണത്തിന്റെ കടുപ്പം ബോധ്യമാവുക.

രക്ഷകനും ശിക്ഷകനും

രണ്ടു ഗോളുകളിലൂടെ എന്നപോലെ രണ്ടു വ്യക്തികളിലൂടെയും ഇറാഖി ഫുട്ബാളിന്റെ കഥ പറയാം. ഒരാൾ അമ്മോ ബാബ തന്നെ. മറ്റൊരാൾ ഫുട്ബാളറല്ല. പന്തുപോലെ കളിക്കാരെ നിർദയം തട്ടിക്കളിച്ച ഭരണാധികാരിയാണ്- ഉദയ് ഹുസൈൻ, ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസൈന്റെ മൂത്ത മകൻ. 1985ലാണ് ഉദയ് ആദ്യമായി ഇറാഖ് ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്റാകുന്നത്. 2003ൽ അമേരിക്കൻ ആക്രമണത്തിൽ കൊല്ലപ്പെടുന്നതുവരെ രണ്ടു ഘട്ടങ്ങളിലായി 16 വർഷം ആ സ്ഥാനത്തിരുന്നു. ഇറാഖി ഫുട്ബാളർമാരുടെ പീഡന കാലമായിരുന്നു അത്. ‘‘പെന‍ാൽറ്റി കിക്കെടുക്കാൻ ധൈര്യമുള്ള മൂന്നുപേർ മാത്രമാണ് അന്നു ടീമിലുണ്ടായിരുന്നത്. കിക്ക് നഷ്ടമായി കളി തോൽക്കുമെന്ന പേടികൊണ്ടായിരുന്നില്ല അത്. അതിനു ശേഷമുള്ള ചിന്തയായിരുന്നു കാരണം. കളി കഴിഞ്ഞ് നാട്ടിലേക്കു മടങ്ങണം. അവിടെ ഉദയ് കാത്തിരിക്കുന്നുണ്ടാകും. അയാളെന്തു ചെയ്യുമെന്നു പറഞ്ഞുകൂടാ. ചാട്ടവാറടി, തലമുടി ഒന്നാകെ ഷേവ് ചെയ്യൽ, അഴുക്കുവെള്ളത്തിൽ കുളി, ഏകാന്ത തടവ്...രാജ്യത്തിനുവേണ്ടി 90 മിനിറ്റ് പോരാടിയതിനുശേഷം ഒറ്റ നിമിഷത്തെ പിഴവിനുള്ള ശിക്ഷ..’’ ദേശീയ ജഴ്സി എന്നത് അക്കാലത്ത് പല ഇറാഖി താരങ്ങൾക്കും ജയിൽ കുപ്പായം പോലെയായി. പലരും വിദേശ രാജ്യങ്ങളിലേക്ക് പലായനം ചെയ്തു.

അ​മ്മോ ബാ​ബ​യു​ടെ സ്മൃ​തി കു​ടീ​രം

എന്നിട്ടും അക്കാലയളവിൽ ഇറാഖ് 1986 ലോകകപ്പിനും തുടരെ മൂന്ന് ഒളിമ്പിക്സിനും യോഗ്യത നേടി. അറബ് കപ്പും ഗൾഫ് കപ്പും മെർദേക്ക ടൂർണമെന്റും ജയിച്ചു. ഉദയ് ഹുസൈന്റെ ക്രൂരതകളെ ഒരു ഡിഫൻഡറെപ്പോലെ ചെറുത്തുനിന്ന അമ്മോ ബാബയാണ് ആ നേട്ടങ്ങളെല്ലാം കൈവരിക്കാൻ ഇറാഖി ഫുട്ബാളർമാർക്കു കരുത്തേകിയത്. 1980-90 കാലഘട്ടത്തിൽ ഏഴു വട്ടമാണ് ബാബ ഇറാഖ് ദേശീയ ടീമിന്റെ പരിശീലകനായത്. ‘‘മത്സരങ്ങളുടെ ഇടവേളകൾക്കിടയിൽ കളിക്കാരെ ടെലിഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുന്നത് ഉദയ്‌യുടെ പതിവായിരുന്നു. ഫുട്ബാളിനെ കുറിച്ച് ഒരു ചുക്കും അയാൾക്കറിഞ്ഞുകൂടാ. അവസാനം ഞാൻ പറഞ്ഞു; പോയി പണി നോക്കൂ..’’ - മറ്റെല്ലാവരെയും തന്റെ ചൊൽപ്പടിക്കു നിർത്തിയെങ്കിലും ബാബയെ ആജ്ഞാനുവർത്തിയാക്കാൻ ഉദയ്ക്കു കഴിയാത്തതിനുകാരണം ബാബയുടെ ജനപ്രീതിയായിരുന്നു. രാജ്യത്തലവനായിരുന്ന സദ്ദാം ഹുസൈനും ബാബയെ ഇഷ്ടമായിരുന്നു. ‘‘ഇറാഖിലെ ഏറ്റവും സത്യസന്ധനായ മനുഷ്യൻ’’- സദ്ദാം ഒരിക്കൽ അദ്ദേഹത്തെ വിശേഷിപ്പിച്ചു.

ഇറാഖിന്റെ പുത്രൻ

1934 നവംബർ 27ന് ബഗ്ദാദിൽ ഒരു അസ്സീറിയൻ ക്രിസ്ത്യൻ കുടുംബത്തിലാണ് ഇമ്മാനുവൽ ബാബ ദാവൂദ് ജനിക്കുന്നത്. 20ാം നൂറ്റാണ്ടിൽ മൂന്നാം ലോക രാജ്യങ്ങളിലെ ഏതൊരു കുട്ടിയെയും പോലെ, അധിനിവേശകരായ ബ്രിട്ടീഷ് പട്ടാളക്കാർ കളിക്കുന്നതുകണ്ടാണ് അദ്ദേഹം ഫുട്ബാളിൽ ആകൃഷ്ടനാകുന്നത്.

1957ൽ മൊറോക്കോക്കെതിരെ ഇറാഖിന്റെ ആദ്യ ഔദ്യോഗിക രാജ്യാന്തര മത്സരത്തിൽ തന്നെയായിരുന്നു ബാബയുടെ അരങ്ങേറ്റവും. രാജ്യാന്തര വേദിയിൽ ഇറാഖിന്റെ പ്രഥമ ഗോൾ സ്കോററായി ബാബ ചരിത്രം കുറിച്ചു. അടുത്ത കളിയിൽ തുനീഷ്യക്കെതിരെ ബാബയുടെ മറ്റൊരു മുഖം കണ്ടു. ചുവപ്പു കാർഡുകണ്ട് പുറത്തു പോയ ബാബ അക്കാര്യത്തിലും രാജ്യത്ത് ഒന്നാമനായി! എന്നാൽ, ഗോളടിച്ച പോലെ തന്നെയാണ് ഇറാഖി ആരാധകർ ബാബയുടെ ചുവപ്പു കാർഡിനെയും സ്വീകരിച്ചത്. മറ്റൊരു സംഭവവും രാജ്യത്ത് ബാബയുടെ പ്രതിച്ഛായ കൂട്ടി. ഫുൾഹാം, ലിവർപൂൾ, സെൽറ്റിക് തുടങ്ങിയ ക്ലബുകൾ ക്ഷണിച്ചിട്ടും ബാബ പോയില്ല. തങ്ങളുടെ ഒരു കളിക്കാരനെ ലോകോത്തര ക്ലബുകൾ ക്ഷണിച്ചു എന്നത് ഇറാഖികൾക്ക് സന്തോഷമുള്ള കാര്യമായിരുന്നു. എന്നാൽ, നാടു വിടാൻ തയാറല്ല എന്നു പറഞ്ഞ് ബാബ അതു നിരസിച്ചപ്പോൾ അതിലേറെ അഭിമാനവും!

1970ൽ വിരമിച്ചതിനുശേഷം ബാബ പരിശീലകവേഷത്തിൽ ഇറാഖി ഫുട്ബാളിന്റെ രക്ഷകനായി. എന്നാൽ, 2003ൽ അമേരിക്കൻ സേന ഇറാഖിൽ അധിനിവേശം നടത്തിയതോടെ എല്ലാം തകിടം മറിഞ്ഞു. കുടുംബം ഷികാഗോയിലേക്കു കുടിയേറിയെങ്കിലും ബാബ ബഗ്ദാദിൽ തന്നെ തുടർന്നു. യുദ്ധകാലത്ത് കുട്ടികൾക്കായി ഒരു ഫുട്ബാൾ അക്കാദമി നടത്തി അദ്ദേഹം. എന്നാൽ, 2006ൽ ഒരുകൂട്ടം അക്രമികൾ താമസസ്ഥലത്തുകടന്ന് അദ്ദേഹത്തെ ബന്ദിയാക്കി കൊള്ളയടിച്ചു. എഴുപതു വയസ്സു കഴിഞ്ഞ ബാബ അതോടെ മാനസികമായും തളർന്നു. 2009 മേയ് 29ന് 74ാം വയസ്സിൽ പ്രമേഹസംബന്ധമായ അസുഖങ്ങളെത്തുടർന്ന് അദ്ദേഹം മരണമടഞ്ഞു. അന്ത്യാഭിലാഷമായി ഒരു കാര്യമാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ഏതെങ്കിലും സെമിത്തേരിയിൽ എന്നെ അടക്കരുത്. ഈ മൈതാനത്തോടുചേർന്ന് എനിക്കിത്തിരി സ്ഥലം നൽകുക. ദേശീയ ടീമിന്റെ ഹോം ഗ്രൗണ്ടായിരുന്ന ബഗ്ദാദിലെ അൽ ഷാബ് സ്റ്റേ‍ഡിയത്തിനരികെ അങ്ങനെ അമ്മോ ബാബ അന്ത്യവിശ്രമം കൊള്ളുന്നു- ഇറാഖി ഫുട്ബാളിന്റെ കാവലാളായി.

Show Full Article
TAGS:FIFA World Cup Iraq football team Football News 
News Summary - Ammo Baba: Iraq's footballing hero
Next Story