ഒടുവിൽ പടിയിറക്കം! അർജന്‍റീന മൂന്നിലേക്ക് വീണു, ഫിഫ റാങ്കിങ്ങിൽ സ്പെയിൻ ഒന്നാമതും ഫ്രാൻസ് രണ്ടാമതും
text_fieldsസൂറിച്ച്: ഫിഫ റാങ്കിങ്ങില്‍ ലോകചാമ്പ്യന്മാരായ അര്‍ജന്റീനയുടെ ഒന്നാം സ്ഥാനം നഷ്ടമായി. വ്യാഴാഴ്ച പുറത്തുവിട്ട പുതിയ റാങ്കിങ്ങില്‍ മൂന്നാമതാണ് അർജന്‍റീനയുടെ സ്ഥാനം. യൂറോ ചാമ്പ്യന്മാരായ സ്‌പെയിന്‍ ഒന്നാം സ്ഥാനത്തും ഫ്രാന്‍സ് രണ്ടാം സ്ഥാനത്തുമെത്തി. 1875.37 പോയിന്റുമായാണ് സ്‌പെയിൻ ഒന്നാം സ്ഥാനത്തേക്ക് കയറിയത്. രണ്ടാം സ്ഥാനത്തുള്ള ഫ്രാന്‍സിന് 1870.92 പോയിന്റുമുണ്ട്. 15.4 പോയന്റുകള്‍ കുറഞ്ഞ അര്‍ജന്റീനക്ക് നിലവില്‍ 1870.32 പോയന്റുണ്ട്.
2022 ലോകകപ്പ് കിരീട വിജയത്തിനു പിന്നാലെ രണ്ടര വർഷത്തോളമായി കൈയടക്കി വെച്ച ഫിഫ ലോക റാങ്കിങ്ങിലെ ഒന്നാം സ്ഥാനമാണ് അർജന്‍റീനക്ക് നഷ്ടമായത്. അവസാനം കളിച്ച ലോകകപ്പ് യോഗ്യതാമത്സരത്തില്‍ തോല്‍വി വഴങ്ങിയതാണ് ലയണൽ മെസ്സിക്കും സംഘത്തിനും തിരിച്ചടിയായതെങ്കിൽ 19 മത്സരങ്ങളിൽ തോൽവി അറിയാതെയുള്ള കുതിപ്പാണ് സ്പെയിനിനെ ഒന്നാമതെത്തിച്ചത്.
ലോകകപ്പ് യോഗ്യതാ റൗണ്ടിലെ അവസാന മത്സരത്തിൽ ബൊളീവിയയോട് തോറ്റ ബ്രസീലിനും റാങ്കിങ്ങിൽ തിരിച്ചടി നേരിട്ടു. അഞ്ചു തവണ ലോകജേതാക്കളായ മഞ്ഞപ്പടയെ മറികടന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോര്‍ചുഗല്‍ അഞ്ചാമതെത്തി. ബ്രസീൽ ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇംഗ്ലണ്ടാണ് നാലാമത്. നെതർലൻഡ്സ്, ബെൽജിയം, ക്രൊയേഷ്യ, ഇറ്റലി എന്നിവരാണ് പുതിയ റാങ്കിങ്ങിൽ യഥാക്രമം ഏഴുമുതൽ പത്തുവരെ സ്ഥാനത്തുള്ള ടീമുകൾ.
റാങ്കിങ്ങിൽ ഏറെ തിരിച്ചടി നേരിട്ട ടീമുകളിലൊന്ന് ജർമനിയാണ്. ആദ്യ പത്തിൽനിന്ന് പുറത്തായ ജർമനി 12-ാം സ്ഥാനത്താണിപ്പോൾ.
അവസാനിച്ചത് 28 മാസത്തെ വാഴ്ച
2022 ഫിഫ ലോകകപ്പ്, 2021 കോപ അമേരിക്ക, 2022 ഫൈനലിസിമ കിരീടം, 2024 കോപ അമേരിക്ക തുടങ്ങിയ കിരീടങ്ങളുമായി ലോകഫുട്ബാളിനെ അർജന്റീന വാണ കാലമായിരുന്നു ഇതുവരെ. ലോകകപ്പ് വിജയത്തിനു പിന്നാലെ 2023 ഏപ്രിലിൽ ആദ്യമായി ലോകറാങ്കിങ്ങിൽ ഒന്നാമതെത്തിയ അർജന്റീന പിന്നെ തിരിഞ്ഞു നോക്കിയില്ല. അപരാജിതമായ കുതിപ്പിനൊപ്പം മെസ്സിയും സംഘവും ലോകറാങ്കിങ്ങിലും ഒന്നാം സ്ഥാനത്ത് തുടർന്നു. ഈ യാത്ര രണ്ട് വർഷവും നാല് മാസവും പിന്നിട്ട് തുടരുന്നതിനിടെയാണ് ഇപ്പോൾ പടിയിറക്കത്തിന് സമയമായി മാറുന്നത്.
യൂറോകപ്പ് കിരീടവും, തുടർ വിജയങ്ങളുമായി കുതിക്കുന്ന സ്പെയിനിന് ലോകകപ്പ് യോഗ്യതാ മത്സരങ്ങളുടെ തുടക്കം കുറിച്ചിട്ടേയുള്ളൂ. ഗ്രൂപ്പിൽ രണ്ട് മത്സരം മാത്രമാണ് അവർ പൂർത്തിയാക്കിയത്. വരാനിരിക്കുന്നത് സുപ്രധാന മത്സരങ്ങളെന്ന് ചുരുക്കം. എന്നാൽ, അർജന്റീനയുടെ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ കഴിഞ്ഞു. ഇനി ഈ വർഷം ഒക്ടോബർ-നവംബർ ഫിഫ കലണ്ടറിലുള്ളത് സൗഹൃദ മത്സരങ്ങൾ. ഈ സമയം സ്പെയിനും ഫ്രാൻസും ലോകകപ്പ് യോഗ്യത ഉൾപ്പെടെ ഔദ്യോഗിക മത്സരങ്ങൾ കളിക്കും. രണ്ട് മത്സരങ്ങളിലും റാങ്കിങ് പോയന്റ് നിലവിൽ വ്യത്യാസമുണ്ടെന്നത് അർജന്റീനക്ക് തിരിച്ചടിയായി മാറും. ഫിഫ യോഗ്യതാ മത്സരത്തിന് 25 പോയന്റും, സൗഹൃദ മത്സരത്തിന് അഞ്ച് പോയന്റുമാണ് കണക്കാക്കുന്നത്.