മെസ്സിയുടെ കളി കൊച്ചിയിൽ? അർജന്‍റീന ടീം രണ്ടു സൗഹൃദമത്സരങ്ങൾ കളിക്കും
text_fieldsലയണൽ മെസ്സി
കൊച്ചി: ലയണൽ മെസ്സിയും അർജന്‍റീന ടീമും നവംബറിൽ കൊച്ചിയിൽ കളിക്കാൻ എത്തിയേക്കും. നവംബർ രണ്ടാംവാരം കൊച്ചിയിൽ രണ്ടു സൗഹൃദമത്സരം നടത്താനാണ് സർക്കാർ ആലോചിക്കുന്നത്. എന്നാൽ, ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അന്തിമതീരുമാനം വൈകാതെ ഉണ്ടാകും.
കൊച്ചിയിൽ കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാകും മത്സരം. തുടക്കത്തിൽ തിരുവനന്തപുരം കാര്യവട്ടം സ്പോർട്സ് ഹബ് സ്റ്റേഡിയമാണ് പരിഗണിച്ചിരുന്നത്. എന്നാൽ, കളിക്കാർക്കും വി.വി.ഐ.പികൾക്കും ആവശ്യമായ യാത്രാ-താമസ സൗകര്യങ്ങൾ ഒരുക്കാൻ കൊച്ചിയാണ് ഏറ്റവും അനുയോജ്യം എന്നതിനാലാണ് മത്സരം ഇവിടേക്ക് മാറ്റുന്നത്. കാര്യവട്ടത്തേത് ക്രിക്കറ്റ് സ്റ്റേഡിയമാണ്.
2017ൽ ഫിഫ പുരുഷൻ അണ്ടർ-17 ലോകകപ്പിന് വേദിയായ കലൂർ സ്റ്റേഡിയം രാജ്യാന്തര നിലവാരമുള്ള കേരളത്തിലെ ഏക ഫുട്ബാൾ ഗ്രൗണ്ടാണ്. അതുകൊണ്ടാണ് കൊച്ചി സജീവമായി പരിഗണിക്കാൻ കാരണം. ഐ.എസ്.എൽ ടീമായ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ട് കൂടിയാണിത്. സ്റ്റേഡിയം സജ്ജമാക്കണമെന്നാവശ്യപ്പെട്ട് കായികമന്ത്രി വി. അബ്ദുറഹ്മാൻ വിശാല കൊച്ചി വികസന അതോറിറ്റി (ജി.സി.ഡി.എ) ചെയർമാൻ കെ. ചന്ദ്രൻപിള്ളക്ക് കത്തയച്ചിട്ടുണ്ട്.
കായിക വകുപ്പിന്‍റെ നേതൃത്വത്തിൽ ഒരു അന്താരാഷ്ട്ര മത്സരം നവംബർ രണ്ടാംവാരം നടത്താൻ തീരുമാനിച്ചിട്ടുണ്ടെന്നും ലോകകപ്പ് ജേതാക്കളായ അർജന്‍റീന ഉൾപ്പെടെ വിദേശ രാജ്യങ്ങളാണ് ടൂർണമെന്‍റിൽ പങ്കെടുക്കുകയെന്നും കത്തിൽ പറയുന്നു. ഇതിനായി ജവഹർലാൽ നെഹ്റു സ്റ്റേഡിയം സജ്ജമാക്കേണ്ടതിനാൽ അറ്റകുറ്റപ്പണികൾ അടിയന്തരമായി പൂർത്തിയാക്കണം. മത്സരത്തിന്‍റെ നടത്തിപ്പിന് വേദിയൊരുക്കാൻ ജി.സി.ഡി.എയുടെ സഹകരണം വേണമെന്നും കത്തിൽ പറയുന്നു.
അനിശ്ചിതത്വത്തിനൊടുവിൽ ആഗസ്റ്റ് 23നാണ് അർജന്റീന ഫുട്ബാൾ ടീം കേരളത്തിൽ എത്തുന്നത് സ്ഥിരീകരിച്ചത്. ലോകകപ്പ് ചാമ്പ്യന്മാരായ ടീം നവംബർ പത്തിനും 18നും ഇടയിൽ കേരളത്തിലും അംഗോളയിലെ ലുവാണ്ടയിലുമായി രണ്ടു സൗഹൃദ മത്സരങ്ങൾ കളിക്കുമെന്ന് അർജന്റീന ഫുട്ബാൾ അസോസിയേഷൻ (എ.എഫ്.എ) ഔദ്യോഗിക വെബ്സൈറ്റിലൂടെ അറിയിക്കുകയായിരുന്നു. പിന്നാലെ സംസ്ഥാന കായികമന്ത്രി വി. അബ്ദുറഹ്മാനും അർജന്‍റീന ടീമിന്‍റെ കേരള സന്ദർശനം സ്ഥിരീകരിച്ചു